ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. സോഷ്യല്‍ മീഡിയയിലൂടെ സ്വര തന്നെയാണ് തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തന്റെ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നടി ഊബര്‍ അധികൃതരോട് അഭ്യര്‍ഥിച്ചു.
ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു സംഭവം. കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ഊബര്‍ അധികൃതരെ അറിയിച്ചു.
ഊബര്‍ ട്രിപില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും ഷോപ്പിംഗ് ബാഗുമെല്ലാം അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു. ഊബറില്‍ ബുക്ക് ചെയ്യുന്ന റൂട്ടില്‍ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്റ്റോപ്പുകള്‍ കൂടി ചേര്‍ക്കാന്‍ കഴിയും.
പിന്നാലെ നടിക്ക് മറുപടിയുമായി ഊബര്‍ അധികൃതര്‍ രംഗത്തെത്തുകയും സാധനങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. യുഎസില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു സ്വര ഭാസ്‌കര്‍.