അത് അവന്റെ തെറ്റല്ല, അതില്‍ നാണിക്കേണ്ട കാര്യമില്ല ; അവനെ അപമാനിക്കുന്നവര്‍ തലച്ചോറില്ലാത്ത കുരങ്ങന്മാരാണ്! വിക്കുള്ള വിദ്യാര്‍ത്ഥിയെ അപമാനിച്ച അധ്യാപകനെതിരെ തുറന്നടിച്ച് ഹൃത്വിക്!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. തന്റെ ആദ്യ സിനിമയില്‍ തന്നെ ബോളിവുഡിനെ പിടിച്ചുലച്ചു കൊണ്ടായിരുന്നു ഹൃത്വിക് കടന്നു വന്നത്. ഖാന്മാരും കുമാര്‍മാരും അരങ്ങു വാണിരുന്ന ബോളിവുഡില്‍ തരംഗമായി മാറുകയായിരുന്നു ഹൃത്വിക്. പിന്നീട് ഇന്നുവരെ ഹൃത്വിക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ പുറമെ നിന്നും കാണുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല ഹൃത്വികിന്റെ വിജയത്തിലേക്കുള്ള യാത്ര. തന്റെ ആറാം വിരലിന്റെ പേരില്‍ സുഹൃത്തുക്കള്‍ ഇല്ലാതിരുന്ന ബാല്യത്തെക്കുറിച്ചും കരഞ്ഞിരുന്ന രാത്രികളെക്കുറിച്ചുമൊക്കെ ഹൃത്വിക് നേരത്തെ പലവട്ടം സംസാരിച്ചിരുന്നു.

അതുപോലെ തന്നെ ഹൃത്വിക് നേരിട്ടിരുന്ന മറ്റൊരു വെല്ലുവിളിയായിരുന്നു സംസാരിക്കുമ്പോഴുള്ള വിക്ക്. കുട്ടിക്കാലത്ത് സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന ഹൃത്വിക് ഏറെ നാളത്തെ കഠിനമായ പരിശീലനത്തിലൂടേയും തെറാപ്പികളിലൂടേയുമാണ് വിക്കില്ലാതെ സംസാരിക്കാന്‍ ശീലിക്കുന്നത്. പിന്നീട് താരമായി മാറിയ ശേഷം ഒരിക്കല്‍ തന്നെ പേലെ വിക്ക് അനുഭവിക്കുന്നൊരു കുട്ടിയ്ക്ക് പിന്തുണയുമായി ഹൃത്വിക് രംഗത്ത് എത്തിയത് കയ്യടി നേടിയിരുന്നു. വിക്കിന്റെ കളിയാക്കിയ അധ്യാപകനെതിരെ രംഗത്തെത്തിയാണ് ഹൃത്വിക് കയ്യടി നേടിയത്.

ഒരിക്കല്‍ ഒരാള്‍ തന്റെ കസിനുണ്ടായൊരു ദുരനുഭവം തുറന്നെഴുതുകയായിരുന്നു. ”സംസാരിക്കുമ്പോള്‍ വിക്കുള്ള എന്റെ കസിന്‍ ക്ലാസില്‍ ഒരു പ്രസന്റേഷന്‍ നല്‍കുകയായിരുന്നു. ഈ സമയം അവന്റെ എച്ച്ഒഡി അവനെ കളിയാക്കുകയായിരുന്നു. മര്യാദയ്ക്ക് തില്ലെന്ന് പറഞ്ഞു കൊണ്ട്് അയാള്‍ ക്ലാസിന് മുന്നില്‍ വച്ച് അവനെ അപമാനിച്ചു. അപമാനിതനായ അവന്‍ പിന്നീട് ഇതുവരെ തന്റെ മുറിയില്‍ നിന്നും പുറത്ത് വന്നിട്ടില്ല” എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.

”അവന്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു പോകില്ലെന്നാണ് പറയുന്നത്. ക്ലാസിലുള്ളവരെ നേരിടാനോ പഠിക്കാനോ ഉള്ള ആത്മവിശ്വാസം അവന് നഷ്ടമായിരിക്കുകയാണ്. ഒരു കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ഇത്രത്തോളം തരംതാണ രീതിയില്‍ പെരുമാറാന്‍ ഒരാള്‍ക്ക് സാധിക്കുക എങ്ങനെയാണ്?” എന്നും അദ്ദേഹം ചോദിച്ചിരുന്നു.

പിന്നാലെ പ്രതികരണവുമായി ഹൃത്വിക് എത്തുകയായിരുന്നു. ”ദയവ് ചെയ്ത് നിങ്ങളുടെ കസിനോട് പറയുക, ആ പ്രൊഫസറും അയാളുടെ ജഡ്ജ്‌മെന്റും അപ്രസക്തമാണ്. വലിയ സ്വപ്‌നങ്ങള്‍ കാണുന്നതില്‍ നിന്നും വിക്ക് അവനെ തടയരുത്. അത് അവന്റെ തെറ്റല്ലെന്നും അതില്‍ നാണിക്കേണ്ടതായി ഒന്നുമില്ലെന്നും പറയണം.

അവനെ അപമാനിക്കുന്നവര്‍ തലച്ചോറില്ലാത്ത കുരങ്ങന്മാരാണ്” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഹൃത്വിക്കിന്റെ പിന്തുണയ്ക്ക് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. അധ്യാപകനില്‍ നിന്നുമുണ്ടായ പെരുമാറ്റത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ഒരിക്കല്‍ ഹൃത്വിക് എങ്ങനെയാണ് വിക്ക് മാറാനായി കഠിനമായി പരിശീലിച്ചതെന്ന് സഹോദരി സുനൈന വെളിപ്പെടുത്തിയിരുന്നു. ”പതിമൂന്നാം വയസില്‍ അവന്‍ മണിക്കൂറുകളോളം ഇരുന്ന് ഉച്ചത്തില്‍ വായിക്കുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ചിലപ്പോള്‍ ഒറ്റയ്ക്ക്, ചിലപ്പോള്‍ ബാത്ത്‌റൂമില്‍ വച്ചായിരിക്കും. എല്ലാ ദിവസവും രാവിലെയും രാത്രിയും മുടങ്ങാതെ പരിശീലിക്കുമായിരുന്നു.

22 വര്‍ഷം അവന്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കും. ഏത് വാക്കിനാണ് പ്രശ്‌നമെന്ന് കണ്ടെത്തി അത് പരിശീലിക്കുമായിരുന്നു. ശരിയാകുന്നത് വരെ പരിശീലിക്കും. അവന്റെ മുറിയിലൊരു ബോര്‍ഡുണ്ടായിരുന്നു. അതില്‍ ഹിന്ദി വാക്കുകള്‍ എഴുതിയ ശേഷം ഉച്ചത്തില്‍ നോക്കി വായിക്കും. താനൊരു ഇരയാണെന്ന തോന്നലില്ലാതെ സംസാരിക്കാന്‍ വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു അവന്‍ പരിശീലിച്ചത്. ചിലപ്പോള്‍ റോഡ് വരെ കേള്‍ക്കാന്‍ സാധിക്കുമായിരുന്നു അവന്‍ വായിക്കുന്നത്” എന്നാണ് സുനൈന പറഞ്ഞത്.

about hrithikroshan

AJILI ANNAJOHN :