നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെ ഉയര്‍ന്നു വന്ന പേരാണ് വിഐപി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയത് വിഐപി ആണെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ആരാണ് ഈ വിഐപി, ഇയാള്‍ക്കെന്താണ് ഈ കേസുമായി ബന്ധം എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വന്നിരുന്നത്. ഇതിന് പിന്നാലെ ഊഹാപോഹങ്ങള്‍ക്കും പഞ്ഞമില്ലായിരുന്നു. കൂടുതലും ശ്രദ്ധ നേടിയത് ദിലീപിന്റെ അടുത്ത സുഹൃത്തും, വ്യവസായിയുമായ ശരത്.ജി.നായര്‍ ആണ് വിഐപി എന്നായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ വിഐപി ആലുവ സ്വദേശിയായ ശരത് തന്നെയാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുകയാണ്. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്. വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
മുന്‍പ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തില്‍ ജനിച്ച ശരതിന്റെ വളര്‍ച്ച വളരെപെട്ടെന്നായിരുന്നു. ഈ അസാധാരണ വളര്‍ച്ചയെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഒരു ചെറുകിട ഹോട്ടലില്‍ നിന്നാണ് ശരതിന്റെ തുടക്കമെന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം. ഏതാണ്ട്, 22 വര്‍ഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. പിതാവ് വിജയന്‍ ആലുവയിലെ ‘നാന’ ഹോട്ടല്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് ‘സൂര്യ’ എന്നാക്കി. ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഏറെക്കാലം നാട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. സുഹൃത്തുക്കള്‍ ഇടപെട്ടാണ് തിരികെയെത്തിച്ചത്.
നടന്‍ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമാറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യുസി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്. ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആര്‍ക്കും മതിപ്പ് തോന്നിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ ഇയാള്‍ക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളില്‍ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കള്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്പ് പുളിഞ്ചോട് കവലയില്‍ സൂര്യ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത്, സൂര്യ ശരത് ആയി.
അതിന് ശേഷം ഊട്ടിയിലും ഹോട്ടല്‍ തുറന്നു. ട്രാവല്‍സും ശരത് തുടങ്ങി. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടും ആലുവയില്‍ ഹോട്ടലും ഇയാള്‍ക്ക് സ്വന്തമായുണ്ട്. ഇപ്പോള്‍ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കല്‍ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്. ദിലീപിന്റെ ‘ദേ പുട്ട്’പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടല്‍ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദര്‍ശകരാണ്. ചില ദിവസങ്ങളില്‍ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലില്‍ നിന്നാണ് എത്തിച്ചിരുന്നത്.
ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വി.ഐ.പി ശരത് ആണെന്നും, ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ആലുവയിലെ വീട് ഇയാള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പായിട്ടുണ്ട്. ഇവരുടെ പരസ്പര സംഭാഷണങ്ങളാണു ബാലചന്ദ്രകുമാറിന്റെ ടാബില്‍ റെക്കോഡ് ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുറമേ, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെയും കുറ്റപ്പെടുത്തി ദിലീപും കൂട്ടാളികളും സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയിലുണ്ട്.
ബാലചന്ദ്രകുമാര്‍ വീട്ടിലെത്തിയ ദിവസം തോമസ് ചാണ്ടി രാജിവെച്ച വാര്‍ത്തയാണ് ടെലിവിഷനില്‍ ഉണ്ടായിരുന്നത്. അതിന്റെ വാര്‍ത്ത ടിവിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, 100 കോടിയുടെ രാഷ്ട്രീയക്കോഴ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ ദിലീപും കൂട്ടാളികളും നടത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കല്‍ പരിപാടികളുടെ ഭാഗമായാണ്, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന പരാമര്‍ശം നടത്തിയതു ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപും, വി.ഐ.പിയും, ദിലീപിന്റെ അനിയന്‍ അനൂപും, അളിയന്‍ സുരാജും തമ്മിലുള്ള സംഭാഷണങ്ങളാണിത്. തോമസ് ചാണ്ടി പിണറായിക്കും കോടിയേരിക്കും പാര്‍ട്ടിക്കും കോടികള്‍ കൊടുത്താണ് മന്ത്രിയായതെന്നും കണക്കുകള്‍ തോമസ് ചാണ്ടിയുടെ കൈയിലുണ്ടെന്നും ദിലീപ് പറയുന്നു. പിണറായി സര്‍ക്കാറിന്റെ എല്ലാ കളികളും പുറത്തുവന്ന് തുടങ്ങിയെന്നാണ് ദിലീപ് പറയുന്നത്.