സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളില്‍ തന്നെ ആണ്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണവും ഇതോടെ പിടികിട്ടി. എജ്ജാതി പൊളിറ്റിക്കല്‍ കറക്റ്റനസ്; വിനായകനെതിരെ പ്രമുഖര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിനായകന്‍. കഴിഞ്ഞ ദിവസം താരം നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. വാര്‍ത്താ സമ്മേളനം കവര്‍ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് ചോദിക്കുകയും ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നുമായിരുന്നു വിനായകന്റെ പരാമര്‍ശം.

മാത്രമല്ല, ഇതുവരെ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും അവയെല്ലാം തന്നെ താന്‍ അങ്ങോട്ട് ചോദിച്ചതാണെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഈ പരാമര്‍ശത്തില്‍ പ്രതിഷേധം കടുത്തത്. നിരവധി പേരാണ് ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മീടു എന്ന ആരോപണത്തെ പോലും പുശ്ചിക്കുന്ന തരത്തിലായിരുന്നു വിനായകന്റെ വാക്കുകള്‍. സമകാലിക വിഷയങ്ങളിലടക്കം വ്യത്യസ്ത രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാറുള്ള താരമായിരുന്നു വിനായകന്‍.

പൊതുവേ സോഷ്യല്‍ മീഡിയയിലടക്കം താരത്തിന്റെ പ്രസ്താവനകള്‍ക്ക് എതിരെ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. ഇപ്പോള്‍ അത് വലിയ രീതിയില്‍ തന്നെ ആളിക്കത്തിയിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷ ഭാഷയിലാണ് നടന്‍ ഹരീഷ് പേരടി സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

‘ഒരുത്തന്‍… അവന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും… അത് അവന്‍ ഇനിയും ആവര്‍ത്തിക്കും… ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും.. ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.

ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീസമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടിക്കടിക്കാന്‍ വരുന്ന ഡബ്ല്യുസിസിക്കും അവരുടെ പുരോഗമന മൂടുതാങ്ങികള്‍ക്കും ഈ വഷളന്‍ ഇതു പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല. ആഹാ ഒരു പ്രത്യേകതരം ഫെമിനിസം. അന്തസ്സ്.. ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രീസമൂഹമെന്ന് പച്ചയ്ക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ പോലീസുമില്ല. അടുത്ത വനിതാ മതില്‍ നമുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണം എന്നുമാണ് താരം പറഞ്ഞത്.

അതേസമയം, ബിജെപി വക്താവ് സന്ദീപ് വചസ്പതിയുടെ വാക്കുകളും വൈറലായിരുന്നു. വാര്‍ത്താ സമ്മേളനം കവര്‍ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച നടന്‍ വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്ല നമസ്‌കാരം. ആത്മാഭിമാനം എന്നത് നാട്ടുകാര്‍ക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്ന് അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോയി.

‘കുല സ്ത്രീ’ അല്ലാത്തത് കൊണ്ടാകും ഒപ്പമിരുന്ന നവ്യാ നായര്‍ക്കും അത് ക്ഷ പിടിച്ചു. ‘തീ’ ഉണ്ടാകേണ്ടത് സിനിമാ പേരില്‍ മാത്രമല്ല എന്ന് ശ്രീമതി നവ്യാ നായരെ ഓര്‍മ്മിപ്പിക്കട്ടെ. ‘ഒരുത്തി’യുടെ സംവിധായകന്‍ വി കെ പ്രകാശിന്റെ പെര്‍ഫോമന്‍സ് കലക്കി, കിടുക്കി, തിമിര്‍ത്തു. വിനായകന് കിട്ടിയ പ്രോത്സാഹനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളില്‍ തന്നെ ആണ്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണവും ഇതോടെ പിടികിട്ടി. എജ്ജാതി പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Vijayasree Vijayasree :