ദിലീപിനെയോ ആന്റണി പെരുമ്പാവൂരിനെയോ പുറത്താക്കുവാനല്ല ബൈലോയില്‍ ഭേദഗതി വരുത്തുന്നത് എന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. സംഘടനയില്‍ കാലാന്തരമായി വരുത്തേണ്ട ചില മാറ്റങ്ങളുണ്ട്. അതിനായാണ് ബൈലോയില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത്. ഇതിനെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ 12 ദിവസങ്ങളോളമായി ഞാന്‍ ദുബായില്‍ ആണ്. എന്നെപ്പറ്റി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഫിയോക്കിന്റെ ബൈലോയില്‍ കാലാന്തരമായി ആവശ്യമായുള്ള ചില ഭേദഗതികള്‍ വരുത്തുന്നുണ്ട് എന്നത് സത്യമാണ്. അത് ദിലീപിനെയോ ആന്റണി പെരുമ്പാവൂരിനെയോ പുറത്താക്കാന്‍ വേണ്ടിയല്ല.
ഇത് ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല. 31ന് നടക്കുന്ന ജനറല്‍ ബോഡിയില്‍ അംഗങ്ങള്‍ക്ക് ആവശ്യമായുള്ള നില കാര്യങ്ങള്‍ തീരുമാനിക്കും എന്നേയുള്ളു. അല്ലാതെ ബൈലോ മാറ്റുകയൊന്നുമില്ല’ എന്നും വിജയകുമാര്‍ പറഞ്ഞു.
ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഫിയോക്കിന്റെ തലപ്പത്തുള്ളവരാണ്. അവരെ പുറത്താക്കുവാന്‍ തങ്ങള്‍ ഒരിക്കലും ശ്രമിക്കുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ‘ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ സംഘടനയുടെ ആദ്യകാല ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്. അവര്‍ക്ക് ആവശ്യമുള്ള അത്രയും കാലം അവര്‍ സംഘടനയില്‍ കാണും. ഞാന്‍ അവരെ പുറത്താക്കാനോ എടുത്തു കളയണോ ശ്രമിക്കുകയുമില്ല, എനിക്ക് അതിന് സാധിക്കുകയുമില്ല’, വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ഒടിടി റിലീസ് വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒക്ടോബറില്‍ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെക്കുന്നതായി അറിയിച്ചിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഫിയോക് ചെയര്‍മാന്‍ കൂടിയായ നടന്‍ ദിലീപിന് ആന്റണി പെരുമ്പാവൂര്‍ അന്ന് രാജി നല്‍കിയത്.