നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ആദ്യ നീക്കം പാളി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വേളയില്‍ കൊവിഡ് ലക്ഷണമുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹൈക്കോടതിയിലെത്തിയത്.
എന്നാല്‍ കേസില്‍ പ്രതിയല്ലാത്ത നിങ്ങള്‍ എന്തിന് മുന്‍കൂര്‍ ജാമ്യം തേടുന്നു എന്ന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. അന്വേഷണ സംഘത്തിന്റെ നീക്കങ്ങളെ തടയാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ സായ് ശങ്കറിനെ ഏത് സമയവും പോലീസ് പിടികൂടിയേക്കും. ദിലീപിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ മായ്ച്ചത് സായ് ശങ്കറാണ് എന്നാണ് പോലീസ് പറയുന്നത്..
ദിലീപിന്റെ ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചുവെന്നാണ് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ക്കെതിരായ ആരോപണം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയപ്പോഴുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കി എന്ന് അന്വേഷണ സംഘം പറയുന്ന ദിവസത്തിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ് സായ് ശങ്കര്‍ കൊച്ചിയിലെത്തിയത്.ജനുവരി 29ന് കൊച്ചിയില്‍ എത്തിയ സായ് ശങ്കര്‍ ആഡംബര ഹോട്ടലിലാണ് മുറിയെടുത്തത്. ജനുവരി 31വരെ ഈ ഹോട്ടലില്‍ താമസിച്ച രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ജനുവരി 30നാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയതെന്ന് പോലീസ് പറയുന്നു. 12500 രൂപ ദിവസ വാടകയുള്ള മുറിയിലാണ് സായ് ശങ്കര്‍ താമസിച്ചതത്രെ. ഇതിന്റെ ബില്ലുകള്‍ പോലീസിന് കിട്ടി.
സായ് ശങ്കറുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയാണിപ്പോള്‍ പോലീസ്. ദിലീപ് ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇയാള്‍ എന്തെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നറിയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതേസമയം, അന്വേഷണ സംഘം പ്രതികാരം ചെയ്യുമെന്നാണ് സായ് ശങ്കറുടെ പേടി. തൃപ്പൂണിത്തുറ ഹണിട്രാപ്പ് കേസില്‍ സായ് ശങ്കറെ അറസ്റ്റ് ചെയ്തതും ദിലീപിന്റെ കേസ് അന്വേഷിക്കുന്നതും ബൈജു പൗലോസ് ആണ്.
വധഗൂഢാലോചന കേസില്‍ സായ് ശങ്കര്‍ പ്രതിയല്ല. സാക്ഷിയായിട്ടാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഈ ഘട്ടത്തില്‍ സായ് ശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ല എന്ന് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം ശരിവച്ച ഹൈക്കോടതി സായ് ശങ്കറുടെ ഹര്‍ജി തീര്‍പ്പാക്കി. അന്വേഷണ സംഘത്തിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഹൈക്കോടതി ഇടപെട്ടത്.
കേസില്‍ പ്രതിയാണെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയ്ക്ക് വകയുള്ളൂ. നിലവില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇക്കാര്യം കോടതി ശരിവച്ചു. ഇനി കേസെടുത്താല്‍ തന്നെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമായിരിക്കും സായ് ശങ്കറിനെതിരെ കേസ് വരിക എന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമക്കി തീര്‍പ്പാക്കിയത്.
അതേസമയം, ഏഴ് ദിവസത്തിനകം അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജാരാകാമെന്ന് ഉത്തരവില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സായ് ശങ്കറിന്റെ അഭിഭാഷകന്‍ മുന്നോട്ടുവച്ചു. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. അങ്ങനെ ഉള്‍പ്പെടുത്തിയാല്‍ ഇത്രയും ദിവസം അന്വേഷണ സംഘത്തിന് കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കാതെ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.അതേസമയം, സായ് ശങ്കര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ ഏത് സമയവും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കും. കോഴിക്കോട് നടക്കാവ് പോലീസാണ് പുതിയ കേസെടുത്തിരിക്കുന്നത്. തിരികെ കിട്ടാനുള്ള പണം ആവശ്യപ്പെട്ടപ്പോള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് വ്യവസായിയായ മിന്‍ഹാജിന്റെ പരാതി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബിസിനസിന് 45 ലക്ഷം രൂപ മിന്‍ഹാജില്‍ നിന്ന് വാങ്ങിയ സായ് ശങ്കര്‍ തിരിച്ചുനല്‍കിയില്ല എന്നാണ് പരാതി.