തന്റെ അച്ഛന്റെ സഹോദരിമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയില്ല; തനിക്ക് പദ്മശ്രീ കിട്ടിയപ്പോള്‍ അതിനൊരു സങ്കടത്തിന്റെ പശ്ചാത്തലവുമുണ്ടായിരുന്നുവെന്ന് ശോഭന

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ വിഖ്യാതരായ, തന്റെ അച്ഛന്റെ സഹോദരിമാരും പ്രശസ്ത നടിമാരുമായിരുന്ന ലളിത-പദ്മിനി-രാഗിണിമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയില്ലെന്ന് ശോഭന. ലളിത-പദ്മിനി-രാഗിണിമാരുടെ സ്മരണാര്‍ത്ഥമുള്ള എല്‍ പി ആര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ശോഭന തന്റെ നൃത്ത അവതരണത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിച്ചില്ല. പദ്മശ്രീ കിട്ടാത്തതില്‍ പപ്പി ആന്റിയ്ക്ക് സങ്കടമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് പദ്മശ്രീ കിട്ടിയപ്പോള്‍ അതിനൊരു സങ്കടത്തിന്റെ പശ്ചാത്തലവുമുണ്ടായിരുന്നു. അവര്‍ക്ക് കിട്ടാത്ത അംഗീകാരങ്ങള്‍ എനിക്ക് കിട്ടുമ്പോള്‍ അത് ഓര്‍ക്കുന്നത് സ്വാഭാവികമാണ്.

സോവിയറ്റ് യൂണിയന്‍ പണ്ട് പപ്പി ആന്റിയുടെ മുഖമുള്ള ഒരു സ്റ്റാമ്പ് ഇറക്കിയിരുന്നു. അത് കണ്ടപ്പോള്‍ അവരുടെ മുഖത്ത് വലിയ സന്തോഷം കണ്ടത് ഓര്‍ക്കുന്നു. നൃത്തത്തിലെയും അഭിനയത്തിലെയും സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു അത്. തിരുവിതാംകൂര്‍ സഹോദരിമാരുടെ നൃത്ത അഭിനയ ജീവിതത്തെ അടയാളപെടുത്തുന്ന ഒരു മ്യൂസിയം സജ്ജമാക്കാന്‍ ആഗ്രഹമുണ്ട് എന്നും ശോഭന പറഞ്ഞു.

Vijayasree Vijayasree :