ഏറെ കാത്തിരിപ്പുകൾക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തുന്ന ത്രില്ലർ ചിത്രം 21 ഗ്രാംസ് ഇന്ന് തിയേറ്ററുകളിൽ എത്തും. ദ് ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു കൊലപാതകക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോൻ എത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടൻ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻറെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം മികച്ച ത്രില്ലറാണെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. അടുത്ത കാലത്ത് ഇങ്ങനെയൊരു സസ്‌പെന്‍സ് ത്രില്ലര്‍ ഇറങ്ങിയിട്ടില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ആളുകളും ചിത്രത്തിന്റെ ക്ലൈമാക്‌സ് മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. എന്‍ഗേജിംഗ് ആയ മികച്ച ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസെന്ന് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നു. അവതാരകനും നടനുമായ ജീവ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അഭിനേതാക്കള്‍ പ്രിവ്യൂ ഷോ കാണാന്‍ എത്തിയിരുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് അടക്കമുള്ളവര്‍ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. അഞ്ചാം പാതിര, ഫോറൻസിക്, ഓപ്പറേഷൻ ജാവ എന്നീ സിനിമകള്‍ക്കു ശേഷം മലയാളത്തിൽ നിന്നെത്തുന്ന ത്രില്ലര്‍ ആണ് 21 ഗ്രാംസ്. അനൂപ് മേനോനെ കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലിയോണ ലിഷോയ്, അനു മോഹൻ, രണ്‍ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.