എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ കിടക്കുമ്പോഴും ഞാൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടിയിട്ടുണ്ട്; കുറ്റപ്പെടുത്തിയാലും പറ്റുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും; തുറന്ന് പറഞ്ഞ് സീമ ജി നായർ!

സഹപ്രവർത്തകയായ ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് സീമയെ മലയാളികൾ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോ​ഗികൾക്ക് ചികിത്സയ്ക്ക് വേണ്ട സഹായങ്ങളും മറ്റുമായി സീമ സജീവമാണ്. പതിനേഴാം വയസിൽ നാടക വേദിയിൽ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളിൽ നാടകമവതരിപ്പിച്ചു. ചേറപ്പായി കഥകളിലൂടെ സീരിയലിലും പാവം ക്രൂരനിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.

അഭിനയ ജീവിതത്തിൽ 35 വർഷം പിന്നിടുമ്പോൾ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഒരുമിച്ച് കൊണ്ടുനടക്കുകയാണ് സീമ ജി നായർ. സീരിയൽ താരം ശരണ്യ ശശിയുടെ ചികിത്സയ്ക്ക് ഏറ്റവും കൂടുതൽ പ്രവർത്തിച്ചതും പണം കണ്ടെത്താൻ സഹായിച്ചതും സീമ തന്നെയായിരുന്നു. അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും കുത്തുവാക്കുകകളും സീമയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. ശരണ്യയുടെ പേര് പറഞ്ഞ് സീമ പിന്നിൽ സാമ്പത്തീകമായ കളികൾ നടത്തുന്നുണ്ടെന്ന ആരോപണങ്ങൾ വരെയാണ് ഉയർന്ന് വന്നത്. തന്നെ കുറിച്ചുള്ള ആരോപണങ്ങളിൽ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുകയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സീമ ജി നായർ.

2021 ആ​ഗസ്റ്റിലാണ് ശരണ്യ അസുഖം കൂടിയതിനെ തുടർന്ന് അന്തരിച്ചത്. ‘വലിയ സാമ്പത്തികമുള്ള കുടുംബം ആയിരുന്നില്ല ഞങ്ങളുടേത്. എന്റെ അമ്മ ചേർത്തല സുമതി ഒരു നാടക നടിയായിരുന്നു. ഒരു ദിവസം അമ്മയ്ക്ക് നൂറ് രൂപയാണ് പ്രതിഫലം കിട്ടുന്നതെങ്കിൽ ആരുടെയെങ്കിലും കൈയിൽ നിന്ന് അഞ്ഞൂറോ ആയിരമോ കൂടി കടം വാങ്ങിക്കൊണ്ടാകും അമ്മ വീട്ടിൽ വരുന്നത്. അത് മുഴുവൻ ചെലവാക്കുന്നത് അമ്മയോട് വിഷമം പറയുന്ന മറ്റുള്ള മനുഷ്യർക്ക് വേണ്ടിയാണ്. അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ കാശൊക്കെ മറ്റുള്ളവരുടെ കല്യാണം നടത്തിക്കൊടുക്കാനും ചികിത്സാച്ചെലവിനും ഒക്കെ കൊടുക്കാറുണ്ടായിരുന്നു. അമ്മയുടെ ആ സ്വഭാവമാണ് എനിക്ക് കിട്ടിയിരിക്കുന്നത്.’

‘സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എനിക്ക് കിട്ടുന്ന ചെറിയ ചെറിയ പോക്കറ്റ് മണി മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് ചെലവാക്കുമായിരുന്നു. അതൊക്കെ എന്റെ സുഹൃത്തുക്കൾക്ക് അറിയാം. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ കിടക്കുമ്പോഴും ഞാൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടിയിട്ടുണ്ട്. എന്നെപ്പോലെ തന്നെയാണ് ഇപ്പോൾ മകനും മ‌റ്റുള്ളവർക്ക് വേണ്ടി ഓടാൻ അവൻ ശ്രമിക്കാറുണ്ട്. ഞാൻ ആത്മയുടെ സജീവപ്രവർത്തകയായിരുന്ന കാലത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം അറിഞ്ഞത്. കേട്ടപ്പോൾ വലിയ സങ്കടമായി. അപ്പോൾ എനിക്ക് ശരണ്യയുടെ അവസ്ഥയെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. വീട്ടിൽ ചെന്ന് സംസാരിക്കുമ്പോഴാണ് ശരണ്യയുടെ അമ്മ അവരുടെ സാഹചര്യങ്ങളും പരാധീനതകളും എന്നോട് പറഞ്ഞത്. ആദ്യത്തെ സർജറി കഴിഞ്ഞ സമയത്താണത്. പിന്നീട് തുടർച്ചയായി ഞാൻ അവരുടെ കാര്യങ്ങൾ തിരക്കാനും സാധിക്കുന്നത്ര സഹായങ്ങൾ ചെയ്യാനും തുടങ്ങി.’

‘വർഷങ്ങളോളം ശരണ്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഞാൻ പുറത്തറിയിച്ചിട്ടില്ല. അറിയിക്കണമെന്ന് തോന്നിയില്ല. ഏഴാമത്തെ സർജറിയുടെ സമയമായപ്പോഴാണ് അത് പുറം ലോകം അറിഞ്ഞത്. കൈയിൽ ഒന്നുമില്ലാതെ വരികയും എനിക്കും സാമ്പത്തികമായി സഹായിക്കാനാകാതെ വരികയും ചെയ്തപ്പോഴാണ് നല്ല മനസ്സുകളുടെ സഹായം തേടിയത്. അതുപോലെ നന്ദു മഹാദേവ… അവന്റെ ചികിത്സയ്ക്കുള്ളത് അവൻ തന്നെ കണ്ടെത്തുകയായിരുന്നു. ഞാൻ സാമ്പത്തികമായി സഹായിച്ചിട്ടില്ല. അവന് ഞാൻ സ്വന്തം അമ്മയെ പോലെയായിരുന്നു. അമേരിക്കയിൽ നിന്ന് അവന്റെ ചികിത്സയ്ക്കായി പണം കിട്ടും എന്ന ഘട്ടം വന്നപ്പോൾ സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റ് രണ്ടുപേർക്ക് ആ പണം കൊടുക്കണം എന്നാണ് അവൻ പറഞ്ഞത്. സാമ്പത്തിക ഞെരുക്കത്തേക്കാളുപരി വേദന തോന്നുന്നത് ചിലരുടെ കുത്തിനോവിക്കലുകളിലാണ്. അപ്പോഴാണ് എന്തിനുവേണ്ടി എന്ന് തോന്നുന്നത്. നമ്മൾ സ്വന്തം കഷ്ടപ്പാടിലൂടെയും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടിയും പലതും ചെയ്യുന്നത് ഇങ്ങനെയുള്ള ആരോപണങ്ങൾ കേൾക്കാൻ വേണ്ടിയാണോ എന്ന് ചിന്തിക്കും’ സീമ ജി നായർ പറയുന്നു.

about seema g nair

AJILI ANNAJOHN :