തകർന്നിരിക്കുന്ന സമയത്ത് ദിലീപിന് കിട്ടിയ കച്ചിതുരുമ്പ്; അതിൽ പിടിച്ചു കയറി സംഭവിച്ചത് ഇങ്ങനെ!

1998ൽ പുറത്തിറങ്ങി മലയാള സിനിമയിലെ എണ്ണം പറഞ്ഞ കോമഡി സിനിമകളിൽ ഒന്നായി ഇടം നേടിയ സിനിമയാണ് പഞ്ചാബി ഹൗസ്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് റാഫി മെക്കാർട്ടിൻ ആയിരുന്നു. ഇന്നും സിനിമയിലെ ഓരോ രംഗങ്ങളും ആളുകൾ ആവർത്തിച്ച് ആവർത്തിച്ച് യുട്യൂബിലും മറ്റും കാണുന്നവയുമാണ്. ദിലീപിൻറേയും ഹരിശ്രീ അശോകൻറേയും കൊച്ചിൻ ഹനീഫയുടെയുമൊക്കെ അഭിനയ മുഹൂർത്തങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. എങ്കിലും മനോഹരമായൊരു കഥയും ചിത്രത്തിലുണ്ടായിരുന്നു.

ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർക്ക് പുറമെ ലാൽ, മോഹിനി, നീന കുറുപ്പ്, തിലകൻ, ജോമോൾ, ഇന്ദ്രൻസ് തുടങ്ങി വലിയൊരു താരനിരയും സിനിമയുടെ ഭാഗമായിരുന്നു. ദിലീപിന്റേയും ഹരിശ്രീ അശോകന്റേയും സിനിമാ ജീവിതത്തിൽ നാഴികകല്ലായ സിനിമ കൂടിയായിരുന്നു പഞ്ചാബി ഹൗസ്. ഉണ്ണി എന്ന ചെറുപ്പക്കാരന് ധാരാളം കടമുണ്ട്. കടമൊഴിവാക്കാൻ അയാൾ കണ്ട മാർഗം തന്റെ പേരിലുള്ള ഇൻഷുറൻസ് തുകയാണ്. അതിനായി അയാൾ ആത്മഹത്യ ചെയ്യുവാനായി കടലിൽ ചാടുന്നു.

ഭാഗ്യവശാൽ അയാളെ ഗംഗാധരൻ എന്ന ബോട്ടുടമ രക്ഷപ്പെടുത്തുന്നു. ഗംഗാധരന്റെ സഹായിയാണ് രമണൻ. എന്നാൽ ഇവരുടെ അടുത്ത് ഉണ്ണി ബധിരനും മൂകനുമായ ഒരാളായിട്ടാണ് ഇടപെടുന്നത്. ഗംഗാധരൻ പഞ്ചാബി കുടുംബത്തിൽ നിന്ന് പണം കടമെടുത്താണ് ബോട്ട് വാങ്ങിയത്. അതിനാൽ പണം തിരിച്ച് തരുന്നതു വരെ രമണനേയും ഉണ്ണിയേയും മനീന്ദർ സിങ് അവിടെ ജോലിക്ക് നിർത്തുന്നു. അങ്ങനയിരിക്കെ ഉണ്ണി പൂജ എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും അവർ തമ്മിൽ ഇഷ്ടത്തിലാവുകയും ചെയ്യുന്നു. ശേഷം നടക്കുന്ന സംഭവങ്ങളാണ് കോമഡിയും പ്രണയവും വൈകാരിക രംഗങ്ങളും കലർത്തി പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ പറയുന്നത്. സിനിമ 200 ദിവസത്തോളം തിയേറ്ററിൽ ഹൗസ് ഫുള്ളായി ഓടിയ ചിത്രം കൂടിയായിരുന്നു.


പഞ്ചാബി ഹൗസിന് വേണ്ടി ദിലീപ് നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളറായ രാജൻ മണക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ദിലീപിന്റെ നിരവധി സിനിമകൾ പരാജയമായിരുന്ന സമയമായിരുന്നു അതെന്നും അന്ന് തകർന്നിരിക്കുമ്പോൾ ദിലീപിന് രക്ഷപ്പെടാൻ ലഭിച്ച കച്ചിതുരുമ്പ് അദ്ദേഹം നന്നായി ഉപയോഗിച്ച് ഹിറ്റാക്കി എന്നുമാണ് രാജൻ മണക്കാട് പറയുന്നത്. ‘പഞ്ചാബി ഹൗസിലേക്ക് ക്ഷണം ലഭിക്കുന്ന സമയത്ത് ദിലീപിന്റെ നിരവധി സിനിമകൾ പരാജയമായി നഷ്ടത്തിലായിരുന്നു. അപ്പോഴാണ് ഈ അവസരം വരുന്നത്. അന്ന് അദ്ദേഹം ആലുവയിലാണ് താമസിക്കുന്നത്. ഷൂട്ടിങിന് വേണ്ടി അവിടെ നിന്ന് ഏഴുപുന്ന വരെ വരും. ഹോട്ടലിലൊന്നും താമസിക്കില്ല. രാവും പകലും പഞ്ചാബി ഹൗസിന് വേണ്ടി അദ്ദേഹം നന്നായി പ്രയത്നിച്ചു.’


‘അതിനുള്ള ഫലമാണ് പഞ്ചാബി ഹൗസിന് ലഭിച്ച വിജയം. ആ പടത്തിലൂടെ മുൻനിര നായകന്മാർക്കൊപ്പം എത്താന‍ും ശ്രദ്ധ നേടാനും ദിലീപിന് കഴിഞ്ഞു. പഞ്ചാബി ഹൗസിന്റെ വിജയം അദ്ദേഹത്തിന്റെ തന്നെ വിജയമായിരുന്നു. എന്തെങ്കിലും കാട്ടി കൂട്ടി ചിരിപ്പിക്കാൻ വേണ്ടി കോമഡി ചെയ്യുന്ന രീതിയല്ല ദിലീപിന്റേത്. മാനറിസത്തിലും ഡയലോഗിലും അദ്ദേഹം അത് സ്വാഭാവികമായി കൊണ്ടുവരും. അതുപോലെ ദിലീപ് ഹരിശ്രീ അശോകനെ മൊന്ത എറിയുന്ന സീൻ ഒറ്റ ടേക്കിൽ എടുത്തതാണ്. തുടക്കത്തിൽ തന്നെ ഒറ്റ ടേക്കിൽ‌ സംഭവം ഓക്കെ ആക്കണമെന്ന് സംവിധായകൻ ആദ്യം തന്നെ പറഞ്ഞിരുന്നു. അത് അവർ നന്നായി തന്നെ ചെയ്തു’ രാജൻ മണക്കാട് പറയുന്നു

about dileep

AJILI ANNAJOHN :