ദുൽഖറിന്റെ സല്യൂട്ടിന് പിന്നാലെ പുഴു ഒടിടി റിലീസിലേക്ക്… മമ്മൂട്ടി ചിത്രത്തിനും വിലക്ക് ഏർപ്പെടുത്തുമോയെന്ന ആശങ്കയിൽ പ്രേക്ഷകർ

മമ്മൂട്ടി ചിത്രം ‘പുഴു’വും ഡയറക്ട് ഒ.ടി.ടി റിലീസ്. നവാഗതയായ റത്തീന ഷര്‍ഷാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായിക തന്നെയാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയും പുഴുവിനുണ്ട്. പാര്‍വതി തിരുവോത്താണ് പുഴുവിലെ നായിക. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ദുൽ‌ഖർ ചിത്രമായ സല്യൂട്ടും സോണി ലിവിലൂടെയാണ് പ്രദർശനത്തിനെത്തുന്നത്. മാർച്ച് 18നാണ് ചിത്രത്തിന്റെ റിലീസ്. ദുല്‍ഖറിനും നിര്‍മ്മാണ കമ്പനിക്കും ഏര്‍പ്പെടുത്തിയ വിലക്ക് മമ്മൂട്ടി ചിത്രത്തിനും ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍. ദുല്‍ഖറുമായോ നിര്‍മ്മാണ കമ്പനിയുമായോ മേലില്‍ സഹകരിക്കില്ലെന്നാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സല്യൂട്ട് ഒടിടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധവുമായി കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കും ഫിയോക് വിലക്ക് ഏർപ്പെടുത്തി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്

കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത്‌ ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.

Noora T Noora T :