വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാളത്തിൽ മാത്രമല്ല ഒരൊറ്റ സിനിമയിലൂടെ തമിഴിലും തന്റെ സ്ഥാനം നേടിയെടുത്തു. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും പിന്നീടുള്ള തിരിച്ചുവരവ് കൂടുതൽ ശക്തിപ്പെടുത്തി. ഇടവേളയ്ക്ക് ശേഷമുള്ള വരവിലാണ് താന്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയതെന്ന് താരം പറഞ്ഞിരുന്നു. നായികയായി മാത്രമല്ല ഗായികയായും തിളങ്ങിയിട്ടുണ്ട് താരം. ഏറെ നാളുകൾക്ക് ശേഷം വീണ്ടും പാട്ടിലൂടെ അമ്പരിപ്പിച്ചിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലാണ് മഞ്ജു പിന്നണി ഗായികയായിട്ടെത്തുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രങ്ങളുടെ ഭാഗമാവാനും, ബയോപിക് സിനിമയില്‍ അഭിനയിക്കാനുമൊക്കെയുള്ള അവസരം മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. കമല്‍ സംവിധാനം ചെയ്ത ആമിയില്‍ മാധവിക്കുട്ടിയായും കമലാസുരയ്യയായും അഭിനയിച്ചിരുന്നു താരം. മാധവിക്കുട്ടിയെ നേരില്‍ കണ്ടതിനെക്കുറിച്ച് തുറന്നുപറയുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കമലിനൊപ്പമാണ് മഞ്ജു ആമി വിശേഷങ്ങള്‍ പങ്കുവെച്ചത്
ഡോക്ടര്‍ സന്തോഷ് തോമസായിരുന്നു മഞ്ജു വാര്യരെ മാധവിക്കുട്ടിക്ക് മുന്നിലേക്കെത്തിച്ചത്. എല്ലാവരും ആമിയെന്നാണ് വിളിക്കുന്നത്, ഞാന്‍ അമ്മയെന്നാണ് വിളിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. കുറേക്കാലമായി എന്നോട് പറഞ്ഞിരുന്നു മഞ്ജു വാര്യരെ കാണണമെന്ന്. ഒരുപാട് നാളായി ഇരുവരും ആഗ്രഹിച്ച കൂടിക്കാഴ്ചയായിരുന്നു അന്നത്തേത്. അന്നത്തെ ആ കൂടിക്കാഴ്ച ആമിയായുള്ള പകര്‍ന്നാട്ടത്തിന് എത്രമാത്രം സഹായകമായെന്നും ഡോക്ടര്‍ മഞ്ജു വാര്യരോട് ചോദിച്ചിരുന്നു.
മഞ്ജുവിന്റെ വാക്കുകളിലേക്ക്
ഞങ്ങളുടെ വിവാഹം കഴിഞ്ഞ ഉടനെയായിരുന്നു ആ കൂടിക്കാഴ്ച. ഞങ്ങളുടെ സുഹൃത്തായിരുന്നു ഡോക്ടര്‍ സന്തോഷ്. എന്നെ കാണണമെന്ന് പറഞ്ഞപ്പോള്‍ സന്തോഷേട്ടനാണ് ഞങ്ങളെ അവിടേക്ക് കൊണ്ടുപോയത്. എന്നെ കാണണമെന്ന ആഗ്രഹം സന്തോഷേട്ടനോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ തന്നെ ഒരുപാട് സന്തോഷം തോന്നിയിരുന്നു. വളരെയധികം സന്തോഷത്തോടെ ഓടിപ്പോവുകയായിരുന്നു
ഭയങ്കര സ്‌നേഹത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. എന്തൊരു സുന്ദരിക്കുട്ടിയാണ്, ഓറഞ്ച് സാരിയണിഞ്ഞ് കുപ്പിവളയൊക്കെ ഇട്ടാണ് ഞാന്‍ പോയത്. കുപ്പിവള ഇഷ്ടമാണോ, എനിക്കും ഇഷ്ടമാണെന്നൊക്കെ പറഞ്ഞിരുന്നു. കൈയ്യൊക്കെ പിടിച്ച് കുറേ നേരം അടുത്തിരുന്ന് സംസാരിച്ചിരുന്നു. ഊണൊക്കെ കഴിഞ്ഞാണ് അന്ന് അവിടെ നിന്നും മടങ്ങിയത്. പിന്നീട് കണ്ണെഴുതി പൊട്ടും തൊട്ടിലൂടെ ജൂറി അവാര്‍ഡ് ലഭിച്ചപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം സന്തോഷേട്ടനെക്കൊണ്ട് എനിക്ക് ബൊക്കെ കൊടുത്തയച്ചിരുന്നു. നീര്‍മാതളം പൂത്ത കാലമെന്ന പുസ്തകത്തില്‍ ഒപ്പ് കൊടുത്തയച്ചിരുന്നു. ആ പുസ്തകം വായിച്ചു. എന്തോ ഒരു നിയോഗം പോലെയായിരുന്നു ആ കൂടിക്കാഴ്ച. സ്‌നേഹത്തിന്റെ തണുപ്പുള്ള ഓര്‍മ്മയാണ് ആ കൂടിക്കാഴ്ചയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത്.