ഒരു സ്ത്രീയെന്ന നിലയിൽ “വിധിക്കപ്പെടുക” എന്നതിന്റെ ശരിയായ അർത്ഥം എന്താണെന്ന് എനിക്കറിയാം..; പക്ഷെ ഇത് 2022 ആണ്’; അഭിനയം മാത്രമല്ല സാമന്തയുടെ നിലപാടും ഉറച്ചതുതന്നെ!

തെലുങ്ക് സിനിമയിൽ നിന്നും അഭിനയജീവിതം തുടങ്ങിയ നടി സാമന്ത റൂത്ത് പ്രഭു, ഫാമിലി മാൻ 2 എന്ന വെബ് സീരീസിലൂടെ പാൻ-ഇന്ത്യ രംഗത്തേക്ക് ഉയർന്നിരിക്കുകയാണ്. ഇന്ന് തെന്നിന്ത്യ ഭരിക്കുന്ന നായക നടിമാരിൽ പ്രധാനിയാണ് സാമന്ത റൂത്ത് പ്രഭു.

ഒരുപക്ഷെ നാളെ ലോകസിനിമയിൽ വരെ അടയാളപ്പെടുത്തപ്പെടുന്ന മുഖമായിരിക്കും സാമന്തയുടേത് . തുടരെ തുടരെ സിനിമകൾ സൈൻ ചെയ്ത് ഷൂട്ടിങ് തിരക്കിലാണ് സാമന്ത റൂത്ത് പ്രഭു. മലയാളത്തിലടക്കം ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യൻ നടിമാരിൽ ഒരാൾ കൂടിയാണ് സാമന്ത. ഒരു മലയാള സിനിമയിൽ പോലും സാമന്ത ഇതുവരെ അഭിനയിച്ചിട്ടില്ല.

പക്ഷെ കേരളവുമായി സാമന്തയ്ക്ക് വളരെ അടുത്ത ബന്ധമാണ്. മലയാളിയും ആലപ്പുഴ സ്വദേശിയുമായ നൈന്റ്റ പ്രഭുവിന്റെയും ആന്ധ്ര സ്വദേശിയായ പ്രഭുവിന്റെയും മകളായി 1987 ഏപ്രിൽ 28നാണ് സാമന്തയുടെ ജനിച്ചത്.

തമിഴ് നാട്ടിൽ ജനിച്ച് വളർന്ന സാമന്ത ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്കുചിത്രം യെ മായു ചെസവയിലൂടെ 2010ലാണ് തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഗൗതം മേനോന്റെ തന്നെ തമിഴ് ചിത്രമായ വിണ്ണെതാണ്ടി വരുവായയിലും അഭിനയിച്ചു. നാൻ ഈ, ജനതാ ഗാരേജ്, തെരി, ഇരുമ്പു തിറൈ, യു ടേൺ, സൂപ്പർ ഡീലക്സ്, ഫാമിലി മാൻ സീസൺ 2 എന്നിങ്ങനെ നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച സാമന്തയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം അല്ലു അർജുന്റെ പുഷ്പയാണ്.

പന്ത്രണ്ട് വർഷത്തിനിടെ നാൽപ്പതിലേറെ ചിത്രങ്ങളിലാണ് 35 വയസ്സുകാരിയായ സാമന്ത അഭിനയിച്ചത്. വിണ്ണെത്താണ്ടി വരുവായയുടെ ഹിന്ദി പതിപ്പായ ഏക് ധീവാനാ ദാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാമന്ത അരങ്ങേറ്റം കുറിച്ചു. തമിഴിലും തെലുങ്കിലും നിരവധി വിജയചിത്രങ്ങളുടെ ഭാഗ്യനായികയാണ് സാമന്ത.

വർഷങ്ങളോളം നീണ്ട നാ​ഗചൈതന്യയുമായുള്ള പ്രണയത്തിനും വിവാഹത്തിനും ശേഷം ഇക്കഴി‍ഞ്ഞ ഒക്ടോബറിലാണ് സാമന്ത വിവാഹമോചിതയായത്. വിവാഹ​മോചനം ഇരുവരും പ്രഖ്യാപിച്ച ശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങളും പരിഹാസവും ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് സാമന്തയ്ക്കാണ്.

സാമന്തയുടെ സ്വഭാവത്തിലെ ദോഷമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന തരത്തിലാണ് വാർത്തകൾ വന്നത്. സാമന്ത പുഷ്പയിൽ ​ഗ്ലാമറസായി നൃത്തം ചെയ്തതും വിമർശനത്തിന് വഴിവെച്ചിരുന്നു. ഇത്തരത്തിലുള്ള ന‍ൃത്തമോ വസ്ത്രധാരണമോ അക്കിനേനി കുടുംബം പ്രോത്സാഹിപ്പിക്കാതിരുന്നതാണ് ഇരുവരുടേയും വിവാഹമോചനത്തിൽ കലാശിച്ചതെന്നും വാർത്തകൾ വന്നിരുന്നു.

വാർത്തകളും ആരോപണങ്ങളും അതിര് കടന്നപ്പോൾ നിയമത്തിന്റെ വഴിക്ക് കാര്യങ്ങൾ നീക്കുകയും ചെയ്തിരുന്നു സാമന്ത. ശേഷം കഴിഞ്ഞ ദിവസം മുബൈയിൽ നടന്ന പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാമന്ത ഡീപ്പ് നെക്കുള്ള ​​ലോങ് ​ഗൗണിൽ ​ഗ്ലാമറസായി എത്തിയതിന്റെ പേരിൽ വിമർശനങ്ങളും ട്രോളുകളും വന്നിരുന്നു.

ഇപ്പോൾ തന്നെ കുറ്റപ്പെടുത്തിയവർക്കുള്ള മറുപടി സോഷ്യൽമീഡിയയിലൂടെ തന്നെ പങ്കുവെച്ചിരിക്കുകയാണ് സാമന്ത. ഇത് 2022 ആണെന്നും വസ്ത്ര ധാരണം മാനദണ്ഡമാക്കി സ്ത്രീകളുടെ സ്വഭാവം വിലയിരുത്തരുത് എന്നാണ് സാമന്ത കുറിച്ചത്. ‘ഒരു സ്ത്രീയെന്ന നിലയിൽ വിധിക്കപ്പെടുക എന്നതിന്റെ ശരിയായ അർത്ഥം എന്താണെന്ന് എനിക്കറിയാം. സ്ത്രീകളെ പല തരത്തിൽ വിലയിരുത്താറുണ്ട്. അവർ എന്താണ് ധരിക്കുന്നത്, വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്.’

‘ഇപ്പോഴെങ്കിലും സ്ത്രീകളെ വിലയിരുത്താതെ നമ്മെ തന്നെ സ്വയം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലേ. ആ വിലയിരുത്തലുകൾ ഉള്ളിലേക്ക് തിരിച്ച് സ്വയം വിലയിരുത്തൽ നടത്തുന്നതാണ് പരിണാമം. നമ്മുടെ ആദർശങ്ങൾ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആർക്കും ഒരു ഗുണവും ഉണ്ടാക്കില്ല. ഒരു വ്യക്തിയെ മനസിലാക്കാൻ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതാം’ സാമന്ത കുറിച്ചു. അടുത്തിടെ ആയിരുന്നു സാമന്ത സിനിമയിൽ എത്തിയിട്ട് 12 വർഷം തികഞ്ഞത്.

about samantha

Safana Safu :