ഞാന്‍ അങ്ങനെ പ്രത്യേകിച്ച് ഒരു കൂട്ടത്തിലും ഉള്ള ആളല്ല; തെറ്റാണെന്ന് തോന്നുന്ന കാര്യം അത് ഏത് രാഷ്ട്രീയമാണെങ്കിലും വിളിച്ചുപറയും; രാഷ്‌ടീയത്തെ കുറിച്ച് ആദ്യമായി വിനായകന്‍!

മലയാള സിനിമയിൽ റേസിസവും ബോഡി ഷെയിമിങ്ങും ഏറെ സംസാരമായത് ഒരു പക്ഷെ നടൻ വിനായകനിലൂടെയും ആകാം. എന്നാൽ, അഭിനയമികവും തന്റേതായ വ്യക്തിത്വവും കൊണ്ട് വിനായകൻ മലയാളികളുടെ പ്രിയങ്കരനായി മാറി.

ഇപ്പോഴിതാ വിനായകൻ വേഷമിടുന്ന ഏറ്റവും പുതിയ സിനിമ റിലീസായിരിക്കുകയാണ്. കേരളത്തില്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാര്‍ത്ഥ സമരത്തെ ആസ്പദമാക്കി കെ.എം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പട.1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ ഇതിവൃത്തം.

പട സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് വിനായകന്‍. “ഇന്ത്യയില്‍ നടക്കുന്ന ഭൂസമരങ്ങളുടെ ഒരു ഓര്‍മപ്പെടുത്തലാണോ ചിത്രം എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അത് തന്നെയാണ് തങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചതെന്നായിരുന്നു വിനായകന്റെ മറുപടി. ‘ സിനിമ കണ്ട ശേഷം നിങ്ങളാണ് പറയേണ്ടത്.

നിങ്ങള്‍ക്ക് ഈ പടം കൊണ്ടോ? ഓര്‍മ്മപ്പെടുത്തലായിട്ട് തോന്നിയോ? നിങ്ങള്‍ക്ക് തോന്നാന്‍ വേണ്ടിയാണ് ഞങ്ങള്‍ ചെയ്യുന്നത്. കണ്ടുകൊണ്ടിരിക്കുന്ന, ഇതില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് തോന്നുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് തോന്നണം. അങ്ങനെ തോന്നിയെങ്കില്‍ സന്തോഷം’, വിനായകന്‍ പറഞ്ഞു.

ഇടതുരാഷ്ട്രീയം പറയുന്ന ഒരു ചിത്രം കൂടിയാണല്ലോ പട എന്ന ചോദ്യത്തിന് ഇടത് വലത് രാഷ്ട്രീയം ഒന്നുമില്ലെന്നും ഇത് മനുഷ്യന്റെ അവസ്ഥയെ കുറിച്ച് പറയുന്ന ഒരു സിനിമയാണെന്നായിരുന്നു വിനായകന്റെ മറുപടി. അതില്‍ ഇടതും വലതുമൊക്കെ വരുമായിരിക്കാമെന്നും വിനായകന്‍ പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ഭൂപരിഷ്‌ക്കരണ നിയമം വന്നത്. അത് അട്ടിമറിക്കപ്പെട്ടതും അവരുടെ കാലഘട്ടത്തിലാണ്. ഇടത് രാഷ്ട്രീയം പറയുന്നവരുടെ കൂട്ടത്തിലാണ് താങ്കള്‍, അപ്പോള്‍ ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിന് താന്‍ അങ്ങനെ പ്രത്യേകിച്ച് ഒരു കൂട്ടത്തിലും ഉള്ള ആളല്ല എന്നായിരുന്നു വിനായകന്റെ മറുപടി.

ഞാന്‍ എല്ലാ കൂട്ടത്തിലുമുള്ള ആളാണ്. എനിക്ക് തെറ്റായിട്ടും ശരിയായിട്ടും തോന്നുന്ന ഒരു കാര്യം, അത് ഏത് രാഷ്ട്രീയമാണെങ്കിലും ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ട്. സിനിമയില്‍ പറയാനുദ്ദേശിക്കുന്നതും അത്തരത്തില്‍ ഒരു പ്രശ്‌നത്തെ കുറിച്ചാണ്. ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ഇത്തരമൊരു വിഷയത്തെ കുറിച്ച് നമ്മളെ ചിന്തിപ്പിച്ചത് സംവിധായകന്റെ നല്ല മനസ്,’ വിനായകന്‍ പറഞ്ഞു.

about vinayakan

Safana Safu :