ബിഗ് ബോസ് ആദ്യ സീസണിലൂടെ ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ച മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്ലോഗേഴ്‌സായും പ്രേക്ഷകരിൽ നിറയാറുണ്ട്. ബഷീറിന്റെ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
ആദ്യ ഭാര്യയും രണ്ട് മക്കളും ഉള്ളപ്പോള്‍ തന്നെ ബഷീര്‍ മറ്റൊരു വിവാഹം കഴിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. എന്നാല്‍ രണ്ട് ഭാര്യമാരുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞ് വരികയാണ് താരമിപ്പോഴും.
ബഷീര്‍ ബഷിയുടെ കുടുംബത്തില്‍ എന്നും ഓരോ സന്തോഷങ്ങള്‍ ഉണ്ടാവും. ഏറ്റവും പുതിയതായി ബഷീറും ഭാര്യ മഷുറയും നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.
ഭര്‍ത്താവിനെ കുറിച്ചൊരു റൊമാന്റിക് എഴുത്തുമായിട്ടാണ് മഷുറ എത്തിയത്. പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ച് ആദ്യ ഭാര്യ സുഹാന ബഷീറും എത്തിയിരുന്നു. മാത്രമല്ല നൂറ് കണക്കിന് കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.
‘ഡിയര്‍ ബേബി.. എന്റെ ഹൃദയം ഫീല്‍ ചെയ്യിപ്പിക്കുന്ന ആ പ്രത്യേക രീതിയിലൂടെ നിങ്ങളെ ഞാന്‍ സ്‌നേഹിക്കുകയാണ്. ഇത്രയും മനോഹരമായ വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ വയറ്റില്‍ ചിത്രശലഭങ്ങളെ തരുന്നത് നീയാണ്. ഏറ്റവും അത്ഭുതകരമായ ഭര്‍ത്താവായതിന് നന്ദി. പ്രിയ ഭര്‍ത്താവേ നിങ്ങള്‍ എല്ലാ വിധത്തിലും എന്നെ പൂര്‍ണയാക്കുന്നു. പ്രിയപ്പെട്ടവനെ നിങ്ങളെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു, നിങ്ങള്‍ക്ക് എന്റെ നാലാം വാര്‍ഷിക ആശംസകള്‍ നേരുകയാണ്..’ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ മഷുറ എഴുതിയിരിക്കുന്നത്.
മഷുറയുടെ പോസ്റ്റിന് താഴെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു മോളൂ.. ഉമ്മാ.. എന്ന കമന്റുമായി ബഷീറും എത്തിയിരുന്നു. ഒപ്പം നാലാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെക്കുന്ന പോസ്റ്റുമായിട്ടും താരമെത്തി. പിന്നാലെ ബഷീറിനും മഷുവിനും ആശംസകള്‍ അറിയിച്ച് സുഹാന ബഷീറും എത്തിയിരുന്നു. താരങ്ങളുടെ ഫോട്ടോ പങ്കുവെച്ചതിനൊപ്പം വികാരപരമായിട്ടുള്ള എഴുത്താണ് സുഹാന പങ്കുവെച്ചത്.
‘എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമാണ് ഈ ആശംസകള്‍ അറിയിക്കുന്നത്. രണ്ടാള്‍ക്കും വളരെ മനോഹരമായൊരു വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ്. നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ സ്‌നേഹിക്കുന്നു’ എന്നുമാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന കുറിച്ചത്. സുഹാനയ്ക്ക് നന്ദി പറഞ്ഞും തിരിച്ചും സ്‌നേഹിക്കുകയാണെന്നും പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.