തന്റെ അഭിനയത്തിനും മുസ്‌ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും ആദ്യമായി അംഗീകാരം വാങ്ങി തന്നത് ആ നായിക: അഭിമാന താരം നിലമ്പൂര്‍ ആയിഷ മനസുതുറക്കുന്നു!

പ്രശസ്ത മലയാള നാടക ചലച്ചിത്ര അഭിനേത്രിയാണ് നിലമ്പൂര്‍ ആയിഷ. 1950കളില്‍ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെയാണ് നിലമ്പൂര്‍ ആയിഷ അരങ്ങിലെത്തുന്നത്. ഇ.കെ. അയമുവിന്റെ ‘ജ്ജ് നല്ല മന്‍സനാവാന്‍ നോക്ക്’ ആയിരുന്നു നിലമ്പൂര്‍ ആയിഷയുടെ ആദ്യനാടകം. മുസ്‌ലിം സമുദായത്തില്‍നിന്ന് ഒരു വനിത നാടകരംഗത്തേക്ക് കടന്നതിന്റെ ഭാഗമായി ഒട്ടേറെ എതിര്‍പ്പുകള്‍ ഇവര്‍ക്ക് നേരിടേണ്ടിവന്നിരുന്നു.

ഇതിനെയെല്ലാം അതിജീവിച്ച് അമ്പതിലേറെ വര്‍ഷത്തോളം ഇവര്‍ നാടകവേദിയില്‍ തുടര്‍ന്നു. നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച ആര്‍ജ്ജവം എന്ന പരിപാടിയില്‍ നിലമ്പൂര്‍ ആയിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തന്റെ അഭിനയത്തിനും മുസ്‌ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും ആദ്യമായി അംഗീകാരം വാങ്ങി തന്നത് നടി മേനകയാണ് എന്ന് പറയുകയാണ് നിലമ്പൂര്‍ ആയിഷ.

‘നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസില്‍ കൊണ്ടു പോയി ആദ്യമായി മുസ്‌ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഒരു അവാര്‍ഡ് വാങ്ങി തരുന്നത് മേനകയാണ്. അതിന് ഞാന്‍ എന്നും മേനകയോട് കടപ്പെട്ടിരിക്കും. ഞാന്‍ ആരാണെന്ന് മനസിലാക്കിയത് അവരാണ്.

ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നൊരു കലാകാരിയാണ് ഞാന്‍. നാല് വര്‍ഷത്തോളമായി ഞാന്‍ ഇത്രയും കാലം ചെയ്തതിന് എന്ത് നേട്ടമാണ് എനിക്കുണ്ടായത് എന്ന ചിന്ത വല്ലാതെ അലട്ടുന്നുണ്ട്. കലാകാരന്മാരും കലാകാരികളുമാണ് നാടിന്റെ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളത്. ആ പ്രവര്‍ത്തനം ഇനിയും മുന്നോട്ട് കൊണ്ടുപോകണം.

എനിക്ക് കരയാന്‍ വയ്യ, ഞാന്‍ കരഞ്ഞിട്ടുണ്ട്. ലളിതയുടെ മരണം എന്നെ വല്ലാതെ തളര്‍ത്തി, ഞാന്‍ വല്ലാതെ തളര്‍ന്നു, ഒരുപാട് സ്‌നേഹിക്കാന്‍ അറിയുന്നൊരു സ്ത്രീയായിരുന്നു,’ ആയിഷ പറഞ്ഞു.

മലയാള നാടകവേദിക്ക് ആയിഷ നല്‍കിയ സംഭാവനകളെ മാനിച്ച് 2008ല്‍ എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്‌കാരം നല്‍കി കേരള സര്‍ക്കാര്‍ ആയിഷയെ ആദരിച്ചിരുന്നു. ജീവിതത്തിന്റെ അരങ്ങ് എന്ന പേരില്‍ ആയിഷയുടെ ആത്മ കഥ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. നൂറിലധികം സിനിമകളില്‍ ആയിഷ വേഷമിടുകയും ചെയ്തിട്ടുണ്ട്.

about nilambur ayisha

Safana Safu :