7 സർജറി വരെ ആരും അറിഞ്ഞില്ല! നന്ദുവിന് സഹായം വേണ്ടായിരുന്നു ! എന്നാൽ ശരണ്യയ്ക്ക് … സീമയുടെ ചങ്കുപിടയുന്ന വാക്കുകൾ!

അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍. അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിഷമഘട്ടങ്ങളിലെല്ലാം ഇവര്‍ക്കൊപ്പം സീമയുമുണ്ടായിരുന്നു. ശരണ്യ വിടവാങ്ങിയെന്നറിഞ്ഞപ്പോള്‍ സീമ ഈ ദു:ഖം എങ്ങനെ അതിജീവിക്കുമെന്നോര്‍ത്തായിരുന്നു എല്ലാവരുടെയും സങ്കടം. ഇപ്പോഴിതാ സീമ ജി നായർ നടത്തിയ തുറന്നു പറച്ചിലുകളിൽ ചിലത് ശ്രദ്ധ നേടുകയാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങളിലൂടെ സജീവസാന്നിധ്യമായി മാറിയ സീമ ജി നായർ ഇപ്പോൾ അറിയപ്പെടുന്നത് സന്നദ്ധ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായി കൂടിയാണ്.

അന്തരിച്ച നടി ശരണ്യ ശശിയുടെ ചികിത്സയ്ക്ക് വേണ്ടി രംഗത്ത് വന്നതോടെയാണ് നടി സീമ ജി നായരെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാവുന്നത്. ശരണ്യയുടെ ചികിത്സയുടെ തുടക്കം മുതല്‍ അവസാനം വരെയും മരണശേഷവുമൊക്കെ ഒരു അമ്മയെ പോലെ തണലായി സീമ ഉണ്ടായിരുന്നു. പലരില്‍ നിന്നും സഹായങ്ങള്‍ വാങ്ങിയും മറ്റുമായി സീമ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായി നില്‍ക്കുകയാണ്.

എന്നാല്‍ ശരണ്യയെയും മറ്റുള്ളവരെയുമൊക്കെ സഹായിക്കുന്നതിന്റെ പേരില്‍ കുത്തി നോവിക്കലുകളാണ് തനിക്ക് ലഭിക്കുന്നതെന്നാണ് സീമയിപ്പോള്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലൂടെയാണ് തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടി നടി നല്‍കിയത്.

ഞാന്‍ ആത്മയുടെ സജീവ പ്രവര്‍ത്തക ആയിരുന്ന സമയത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം അറിയുന്നത്. കേട്ടപ്പോള്‍ വളരെ സങ്കടമായി. ഒരു ടെഡി ബിയര്‍ ഒക്കെ വാങ്ങി ആദ്യമായി അവളെ കാണാന്‍ പോയപ്പോള്‍ ശരണ്യയുടെ അവസ്ഥയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ സര്‍ജറി കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീട് തുടര്‍ച്ചയായി ശരണ്യയുടെ കാര്യങ്ങള്‍ തിരക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും തുടങ്ങി. ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ പുറത്തു പറഞ്ഞിരുന്നില്ല. അറിയിക്കണം എന്ന് തോന്നിയിട്ടുമില്ല. ഏഴാമത്തെ സര്‍ജറിക്കു ശേഷമാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. എനിക്കും സാമ്പത്തികമായി സഹായിക്കാനാകാതെ വന്നപ്പോഴാണ് സുമനസ്സുകളുടെ സഹായം തേടിയതെന്നും സീമ വ്യക്തമാക്കി. അതുവരെ കുറച്ച് പേർക്കു മാത്രമായിരുന്നു ഇതിനു പിന്നിൽ ഞാൻ ഉണ്ടെന്ന് അറിയാമായിരുന്നത്. നന്ദു മഹാദേവയുടെ ചികിത്സയ്ക്കുള്ളത് അവൻ തന്നെ കണ്ടെത്തുകയായിരുന്നു എന്നും നടി പറയുന്നു.

സാമ്പത്തികമായി താൻ സഹായിച്ചിട്ടില്ല. അവനു ഞാന്‍ സ്വന്തം അമ്മയെ പോലെയായിരുന്നു. അമേരിക്കയിൽ നിന്ന് അവന്റെ ചികിത്സയ്ക്കായി പണം കിട്ടും എന്ന ഘട്ടം വന്നപ്പോൾ സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു രണ്ടു പേർക്ക് ആ പണം കൊടുക്കണം എന്ന് അവൻ പറയുകയായിരുന്നു. ആ കുട്ടിയുടേത് അത്ര നല്ല മനസ്സാണ്.

ഇപ്പോൾ രണ്ട് പേരും ഇല്ല, അവർ എന്റെ മനസ്സിൽ മരണമില്ലാതെ ജീവിക്കുകയാണ്. ഞാൻ എന്റെ ജീവിതത്തിൽ സഹായിച്ചിട്ടുള്ള 90 ശതമാനം ആൾക്കാരും ഇപ്പോഴും എന്റെ ജീവിതയാത്രയിൽ കൂടെയുണ്ട്. അവർ എന്നെ വിട്ടു പോയിട്ടുമില്ലെന്നും ഞാൻ അവരെ വിട്ടു കളഞ്ഞിട്ടുമില്ലെന്നും സീമ ജി നായർ പറയുന്നു.

വലിയ വരുമാനം ഉള്ള ആളല്ല ഞാനെന്നാണ് സീമ പറയുന്നത്. ജീവിച്ച് പോകാവുന്ന അത്രയും പ്രതിഫലമൊക്കെയേ ഉള്ളു. അതിനുള്ളില്‍ നിന്നാണ് ഇത്രയൊക്കെ ചെയ്യുന്നത്. സാമ്പത്തിക ഞെരുക്കത്തെക്കാളുപരി വേദന തോന്നുന്നത് ചിലരു കുത്തി നോവിക്കലുകളിലാണ്. അപ്പോഴാണ് എന്തിന് വേണ്ടി എന്ന് തോന്നുന്നത്. നമ്മള്‍ നമ്മുടെ കഷ്ടപ്പാടിലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയും പലതും ചെയ്യുന്നത് ആരോപണങ്ങള്‍ കേള്‍ക്കാനാണോ എന്ന് ചിന്തിക്കും. അത് വലിയ സങ്കടമാണ്. എന്നാല്‍ ആരെങ്കിലും വിളിച്ച് സങ്കടം പറയുമ്പോള്‍ അതൊക്കെ അങ്ങ് മറക്കും. അവരെ എങ്ങനെ സഹായിക്കാം എന്നാണ് അന്നേരം ചിന്തിക്കുക.അതേ സമയം ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങള്‍ എനിക്ക് നേരെ വന്നിരുന്നു. അന്നേരം നല്ല വിഷമം തോന്നി. ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്പരല്ല ഒരിടത്തും കൊടുത്തത്. ഒരു കാര്യത്തിനും എന്റെ ബാങ്ക് ഡീറ്റെയില്‍സ് കൊടുക്കാറില്ല. ആവശ്യക്കാര്‍ ആരാണോ അവരുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് നല്‍കുക. എത്ര രൂപ വന്നു, എത്രയായി എന്നൊന്നും ഞാന്‍ തിരക്കിയിട്ടില്ല. ശരണ്യയുടെ കാര്യവും അങ്ങനെയായിരുന്നു. അവളുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി എന്റെ കൈയ്യിലാണെന്നാണ് ചിലര്‍ പറഞ്ഞത്. ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിലാണ് എഴുതി വെച്ചത് എന്നതാണ് മറ്റൊരു കഥ. അത് അറിഞ്ഞപ്പോള്‍ ആധാരം കാണിച്ച് ഒരു വീഡിയോ ഇടാം എന്നാണ് ശരണ്യ പറഞ്ഞത്. നെഞ്ച് കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് എനിക്ക് കിട്ടിയതെന്നും സീമ പറയുന്നു.

about seema g nair

AJILI ANNAJOHN :