ദൈവമേ ഞാനും അറിയപ്പെടുന്ന ഒരു കലാകാരിയാണല്ലോ ?; ആരും എന്തുകൊണ്ടാണ് എന്നെ സ്വീകരിക്കാത്തത്, എന്നാൽ ഇന്ന് അഭിമാനിക്കുന്നു ; അമ്മയുടെ വനിതാദിന പരിപാടിയില്‍ വികാരഭരിതയായി കുട്ട്യേടത്തി വിലാസിനി!

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മലയാള സിനിമ കൂട്ടായ്മയായ അമ്മ സംഘടിപ്പിച്ച “ആര്‍ജ്ജവ” എന്ന പരിപാടിയില്‍ ആദരം ഏറ്റുവാങ്ങുന്നതിനിടെ നടി കുട്ട്യേടത്തി വിലാസിനി പങ്കുവച്ച വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.

ഇത്രയും പ്രായമായിട്ടും സിനിമയിലെ മറ്റ് പല മുതിര്‍ന്ന താരങ്ങളും പല ചടങ്ങുകളിലായി ആദരിക്കപ്പെട്ടിട്ടും അന്നൊക്കെ താന്‍ മാറ്റിനിര്‍ത്തപ്പെട്ടെന്നും സഹിക്കാന്‍ പറ്റാത്ത സങ്കടം മനസില്‍ തോന്നിയിരുന്നെങ്കിലും ആരോടും പരാതി പറഞ്ഞിരുന്നില്ലെന്നും കുട്ട്യേടത്തി വിലാസിനി പറയുന്നു. ഞങ്ങളെപ്പോലുള്ള പ്രായമായവരെ ഇപ്പോള്‍ ആദരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും കുട്ട്യേടത്തി വിലാസിനി പറഞ്ഞു.

‘എനിക്ക് പറയാന്‍ വാക്കുകളില്ല. അത്രയ്ക്ക് സന്തോഷമുണ്ട്. 27 കൊല്ലത്തിലെ രണ്ട് വര്‍ഷം മാത്രമാണ് ഞാന്‍ അമ്മയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നത്. ഒരു തവണ ഞാന്‍ വീണ് പരിക്കേറ്റ് കിടപ്പിലായിരുന്നു. മറ്റൊരു തവണ എന്റെ പേരക്കുട്ടിയുടെ വിവാഹമായിരുന്നു. ബാക്കിയെല്ലാ തവണയും ഞാന്‍ ഇവിടെ എത്തിയിരുന്നു.

പറയാനുണ്ടെങ്കില്‍ എനിക്ക് ഒരുപാട് പറയാനുണ്ട്. പക്ഷേ അതെല്ലാം ഞാന്‍ എന്റെ മനസിനുള്ളില്‍ ഒതുക്കി വെച്ചിരിക്കുകയാണ്. ഞാന്‍ വിചാരിക്കാറുണ്ട്. ഇത്രയും പ്രായമായല്ലോ എന്തുകൊണ്ടാണ് സംഘടന ഒരു സ്വീകരണം തരാത്തത്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയസായ കുറേ ആളുകള്‍ക്ക് സ്വീകരണം കൊടുത്തു. ആദരിച്ചു.

പക്ഷേ അന്നും ഞാന്‍ അവിടെ തന്നെ ഉണ്ടായിരുന്നു, സംഘടനയുടെ ഉള്ളില്‍ ഉണ്ടായിരുന്നു. അപ്പോഴും എന്റെ മനസ് വേദനിച്ചു. ദൈവമേ ഞാനും അറിയപ്പെടുന്ന ഒരു കലാകാരിയാണല്ലോ എം.ടി വാസുദേവന്‍ നായര്‍, സത്യന്‍ ഇവര്‍ക്കൊപ്പമൊക്കെ പ്രവര്‍ത്തിച്ച, കൂടെ അഭിനയിച്ച ഒരാളാണ് ഞാന്‍. എന്നിട്ടും ആരും എന്തുകൊണ്ടാണ് എന്നെ സ്വീകരിക്കാത്തത് എന്ന വിഷമം മനസില്‍ നിറഞ്ഞു കിടക്കുകയായിരുന്നു.

സങ്കടം സഹിക്കാന്‍ പറ്റിയിരുന്നില്ല. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പരാതി പറഞ്ഞെന്ന വിഷമം വേണ്ടെന്ന് തോന്നി. ഇന്ന് ഈ വനിതാ സംഘടന ഇവിടെ ഉണ്ടായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങളെ പോലുള്ള വയസന്‍മാരെ ആദരിച്ചതില്‍ സന്തോഷം. പറയാന്‍ വാക്കുകളില്ല.

ഞാന്‍ കൃസ്ത്യാനിയാണ്. 11 വയസില്‍ നാടകം ചെയ്തു തുടങ്ങിയതാണ്. എന്റെ പേര് ബ്രോണി എന്നാണ്. ആ പേര് മാറ്റി കുട്ട്യേടത്തി വിലാസിനിയാക്കാന്‍ കാരണം എന്റെ ജാതിയാണ്. അഭിനയത്തില്‍ തുടര്‍ന്നാല്‍ ഞങ്ങളെ പള്ളിയില്‍ കയറ്റില്ല, കുര്‍ബാന കൈക്കൊള്ളാന്‍ കഴിയില്ല. ഹിന്ദുക്കളെ പിണ്ഡം വെക്കുന്ന പോലെയാണ് ഞങ്ങളെ പിണ്ഡം വെക്കുക.

എന്നെ അഭിനയം പഠിപ്പിച്ച ആശാനാണ് എന്റെ പേര് മാറ്റിയത്. ഇന്ന് ആ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്. സംഘടനയില്‍ വന്നതും അതുകൊണ്ടാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഒന്നും പറയാന്‍ കഴിയുന്നില്ല.

അമ്മ സംഘടന കൈനീട്ടം തരുന്നത് ഏറ്റവും വലിയ സഹായമാണ്. ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് ആ പൈസയ്ക്ക്. ഇന്ന് എനിക്ക് വര്‍ക്കുകള്‍ ഇല്ല. ഞാന്‍ വെറുതെ ഇരിക്കുകയാണ്. ഇതിനിടെ എന്റെ മകന്‍ പോയി. ആ സങ്കടത്തില്‍ ഇരിക്കുകയാണ് ഞാന്‍. കഷ്ടപ്പെട്ടായാലും എനിക്ക് ഇവിടെ വരണമെന്നുണ്ടായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നതായിരുന്നു എന്റെ സന്തോഷം. ഇവിടെ വിളിച്ച് ആദരിച്ചതില്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷമുണ്ട്. നമ്മുടെ ഈ സംഘടന വലുതായി വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കുട്ട്യേടത്തി വിലാസിനി പറഞ്ഞു.

about kutyedathi vilasini

Safana Safu :