വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെതിര പോലീസ് റിപ്പോര്‍ട്ട്. കേസില്‍ ദിലീപ് നിര്‍ണായകമായ തെളിവ് ഫോണുകളിൽ നിന്ന് നശിപ്പിച്ചു എന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി.
ദിലീപ് തെളിവ് നശിപ്പിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നു. 6 ഫോണുകൾ ആയിരുന്നു ദിലീപ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ക്രൈബ്രാഞ്ചിന്റെ റിപ്പോർട്ടോടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം അടക്കം പരുങ്ങലിലായിരിക്കുകയാണ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കമുളളവര്‍ കേസില്‍ പ്രതികളാണ്. വധഗൂഢാലോചന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണുകള്‍ നിര്‍ണായക തെളിവ് ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം 6 ഫോണുകള്‍ ദിലീപ് കൈമാറിയിരുന്നു. കോടതിയില്‍ ദിവസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഫോണുകള്‍ കൈമാറിയത്. അതിനിടെ ദിലീപ് ഫോണുകള്‍ മുംബൈയില്‍ അയച്ച് സ്വന്തമായി ഫോറന്‍സിക് പരിശോധന നടത്തിയതടക്കം വിവാദമായിരുന്നു. ഫോണുകളിലെ നിര്‍ണായക തെളിവുകള്‍ മുംബൈയില്‍ വെച്ച് നശിപ്പിച്ചു എന്നാണ് പോലീസ് ആരോപണം.
ജനുവരി 29ന് ആണ് ഫോണുകള്‍ ഹാജരാക്കണം എന്ന് കോടതി ദിലീപിനോട് നിര്‍ദേശിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് ജനുവരി 31ന് ഫോണുകള്‍ നല്‍കാനായിരുന്നു നിര്‍ദേശം. ഫോണുകള്‍ മുംബൈയില്‍ ആണെന്നും തിരിച്ച് എത്തിക്കാന്‍ സമയം വേണം എന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ജനുവരി 29, 30 തിയ്യതികളിലായി മുംബൈയിലെ ലാബില്‍ വെച്ച് തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപ് അടക്കമുളള പ്രതികള്‍ ഉപയോഗിച്ച നാല് ഫോണുകള്‍ ആണ് മുംബൈയിലെ ലാബില്‍ എത്തിച്ചത്. അതില്‍ രണ്ട് ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തു. വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കം നീക്കം ചെയ്തു എന്നാണ് പോലീസ് കണ്ടെത്തല്‍.. 13 നമ്പറുകളില്‍ നിന്നുളള ചാറ്റുകള്‍ ആണ് നീക്കം ചെയ്തത്. അതിന് ശേഷമാണ് ഫോണുകള്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ആണ് തെളിവ് നശിപ്പിച്ചതായുളള സുപ്രധാന വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകരില്‍ ഒരാള്‍ മുംബൈയില്‍ എത്തി ഈ ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചതായും പറയുന്നു. ഫോണുകളില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലാക്കി ലാബില്‍ നിന്ന് അഭിഭാഷകര്‍ക്ക് നല്‍കിയിരുന്നു
അത് കൂടാതെ ലാബില്‍ ഈ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘം മുംബൈയില്‍ എത്തി ഈ ലാബിന്റെ ഡയറക്ടറേയും ജീവനക്കാരെയും ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുമുണ്ട്. തെളിവ് നശിപ്പിച്ചതായി വ്യക്തമായതോടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനും കസ്റ്റഡിയില്‍ വാങ്ങാനും ക്രൈംബ്രാഞ്ച് നീക്കം നടത്തിയേക്കും.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒപ്പം തുടരന്വേഷണം നടത്താന്‍ ഏപ്രില്‍ 15 വരെ സമയ പരിധി നീട്ടി നല്‍കുകയും ചെയ്തു. മൂന്ന് മാസം സമയപരിധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. റിപ്പോർട്ടർ ചാനലിലൂടെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിലേക്ക് വഴി തുറന്നത്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയില്‍ ഗൂഢാലോചന കേസ് ചുമത്താന്‍ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നും ദിലീപ് വാദിച്ചു. ആദ്യ കേസിലെ അന്വേഷണ പാളിച്ചകള്‍ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് വാദിച്ചു. എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.