നടന്‍ ദിലീപ് പ്രതിയായ വധ ഗൂഢാലോചനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദിലീപിന്റേയും ഒപ്പമുള്ളവരുടേയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മുംബൈയിലെ ലാബില്‍ നിന്നുള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റേയും ഒപ്പമുള്ളവരുടേയും ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി അന്വേഷണ സംഘം കണ്ടെടുത്തു. ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്ലുകളും ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ടും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ലഭിച്ചിരിക്കുന്ന നിര്‍ണായക തെളിവുകളുമായി പൊലീസ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കും.
അഴിമതിക്കേസിലെ പ്രതിയാണ് ദിലീപിനെ സഹായിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആദായ നികുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനാണ് മുംബൈയിലെ ലാബ് ഡയറക്ടറെ ദിലീപിന്റെ സംഘത്തിന് പരിചയപ്പെടുത്തിയത്. വിന്‍സന്റ് ചൊവ്വല്ലൂരാണ് ഫോണിലെ തെളിവ് നശിപ്പിക്കലിന് സഹായം നല്‍കിയത്. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയാണ് ഇയാള്‍. വിന്‍സന്റ് ചൊവ്വല്ലൂര്‍ ഇന്‍കം ടാക്‌സ് മുന്‍ അസിസ്റ്റന്റ് കമ്മീഷണറാണ്.
തന്റേയും ദിലീപിന്റേയും അഭിഭാഷകന്‍ ഒരാള്‍ തന്നെയെന്ന് വിന്‍സെന്റ് പറഞ്ഞു. അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചത്. മുംബൈയിലെ ലാബില്‍ പോയിരുന്നെന്നും വിന്‍സന്റ് പ്രതികരിച്ചു.
ജനുവരി 31 ന് ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജനുവരി 29 ന് ദിലീപിന്റെ സംഘം മുംബൈയിലെത്തി. വിവരങ്ങള്‍ മായ്ച്ച് കളഞ്ഞ് 31 ന് ഫോണുകള്‍ തിരികെ കൈമാറി. രണ്ട് ദിവസം മുംബൈയില്‍ തങ്ങിയ സംഘം ഫോണിലെ ഡാറ്റകൾ ഹാര്‍ഡ് ഡിസ്‌കിലേക്ക് കോപ്പി ചെയ്ത് ഓരോ ഫയലും പരിശോധിച്ച ശേഷമാണ് തിരിമറി നടന്നത്. ഫോണിലെ വിവരം മായ്ച്ച് കളഞ്ഞത് അന്വേഷണ സംഘം പിന്നീട് ഫോറന്‍സിക് പരിശോധന നടത്തുമ്പോള്‍ കണ്ടെത്തുമെന്ന് പ്രതിഭാഗത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തത് കുറ്റകൃത്യത്തിലെ നേരിട്ടുള്ള തെളിവുകള്‍ ഫോണിലുണ്ടായിരുന്നതിനാലാണെന്ന് അന്വേഷണ സംഘം പറയുന്നു.
about dileep