മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനാണ് രാഹുൽ രവി. സിരിയൽ കാണുന്ന പെൺകുട്ടികളോട് ഇഷ്ടപ്പെട്ട പ്രണയജോഡികൾ ആരാണെന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി അവർ ഉത്തരം പറയും ഹരിയും പൊന്നമ്പിളിയുമാണ്. കാരണം സീരിയൽ പ്രേക്ഷകരുടെ ഇടയിലെ ഹരമായി ഒരുകാലത്ത് മാറിയ സീരിയലാണ് പൊന്നമ്പിളി. ജനപ്രിയ പരമ്പരയിലെ ഹരിപത്മനാഭൻ എന്ന രാഹുൽ രവിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും മിനിസ്‌ക്രീൻ രംഗത്തേക്ക് എത്തിയ താരമാണ് രാഹുൽ. സീരിയലുകൾക്ക് പുറമെ അവതാരകനായും രാഹുൽ തിളങ്ങി.
ഡിഫോർ ഡാൻസിന്റെ ഒരു സീസണിൽ അവതാരകനായി നടൻ എത്തിയിരുന്നു. 2020ൽ ആയിരുന്നു രാഹുൽ രവി വിവാഹിതനായത്. ലക്ഷ്മി.എസ്.നായരെ ആണ് താരം ജീവിത സഖിയാക്കിയത്. പെരുമ്പാവൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് മുമ്പ് ലക്ഷ്മിയെ സോഷ്യൽ മീഡിയയിലൂടെ രാഹുൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ലൈഫ് ലൈൻ ഉടനെത്തുന്നു എന്ന് കുറിച്ചുകൊണ്ടായിരുന്നു അന്ന് ലക്ഷ്മിക്കൊപ്പമുളള ചിത്രങ്ങൾ രാഹുൽ പങ്കുവെച്ചത്.
മലയാളത്തിന് പുറമെ തമിഴിലും ഫാൻസുളള താരമാണ് രാഹുൽ. സൺ ടിവിയിലെ നന്ദിനി എന്ന പരമ്പരയിലൂടെയായിരുന്നു രാഹുൽ തമിഴിൽ എത്തിയത്. പിന്നാലെ ചോക്ലേറ്റ്, കണ്ണാന കണ്ണെ, അൻബേ വാ എന്നീ പരമ്പരകളിലും അഭിനയിച്ചു. സീരിയലുകൾക്ക് പുറമെ സിനിമകളിലും രാഹുൽ രവി അഭിനയിച്ചിരുന്നു. ഡോൾസ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. പിന്നാലെ ഒരു ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിലും അഭിനയിച്ചു. തെലുങ്ക് സിനിമയിലും നടൻ അരങ്ങേറ്റം കുറിച്ചിരുന്നു. ചെതിലോ ചെയ്യേസി ചെപ്പു ബാവാ എന്നായിരുന്നു രാഹുൽ രവിയുടെ തെലുങ്ക് ചിത്രത്തിന്റെ പേര്.
ഇനി കയ്പ്പക്ക എന്ന സിനിമയാണ് രാഹുൽ രവിയുടേതായി റിലീസിനെത്താനുള്ളത്. കയ്പ്പേറിയ അനുഭവങ്ങളെ അതിജീവിച്ച് സ്വാദിഷമായ വിഭവമാക്കി മാറ്റിയ സൂര്യ എന്ന യുവാവിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മാർച്ചിൽ സിനിമ തിയേറ്ററുകളിൽ എത്തു. കെ.കെ മേനോൻ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. നിത്യ റാം, സോണിയ അഗർവാൾ, വിനയ പ്രസാദ്, സജിത ബേട്ടി, സുഹാസിനി, അരിസ്റ്റോ സുരേഷ്, കോട്ടയം പ്രദീപ്, നിയാസ് ബക്കർ, നാരായണൻകുട്ടി, ജയകൃഷ്ണൻ, ഗായത്രി നമ്പ്യാർ, പ്രിയ രാജീവൻ എന്നിവരാണ് മറ്റു താരങ്ങളായി സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. സിനിമാ-സീരിയൽ വിശേഷങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ രാഹുൽ രവി ഇപ്പോൾ. ‘അഭിനയം എന്നത് ചിന്തയിലുണ്ടായിരുന്നതല്ല. എഞ്ചിനീയറിങ് പഠിച്ചതാണ്. കുറച്ച് സപ്ലി ഉണ്ടായിരുന്നു. അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അങ്ങനെ കൂട്ടുകാരും മറ്റുള്ളവരും പ്രോത്സാഹിപ്പിച്ചാണ് മോഡലിങിലേക്ക് ഇറങ്ങിയത്.’
‘സീരിയലിൽ അഭിനയിച്ചാൽ സിനിമ കിട്ടില്ലെന്ന് പറയുന്ന കേട്ടിട്ടുണ്ട്. എന്നാൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. സീരിയലിൽ അഭിനയിച്ച ശേഷമാണ് ഡിഫോർ ഡാൻസിൽ അവതാരകനാകാൻ അവസരം ലഭിച്ചത്. പിന്നീട് സിനിമകളിലും അവസരം ലഭിച്ചു. അഭിനയം തുടങ്ങിയ ശേഷമാണ് സംതൃപ്തി ജീവിതത്തിൽ തോന്നി തുടങ്ങിയത്. എന്റെ തന്നെ കമ്പനി മാത്രമെ ഞാൻ ആഗ്രഹിക്കാറുള്ളൂ. അധികം ഒച്ചപ്പാടും ബഹളവും വേണമെന്ന് നിർബന്ധമില്ല. നമ്മളെ മറ്റുള്ളവർ തിരിച്ചറിയുന്നതും സെലിബ്രേറ്റ് ചെയ്യുന്നതും വലിയ താൽപര്യമില്ല. മാസ്ക് വന്നത് അനുഗ്രഹമായി തോന്നിയിട്ടുണ്ട്. ജാഡയായതുകൊണ്ട ആരോടും മിണ്ടാതിരിക്കുന്നതല്ല. എന്നിൽ തന്നെ ഒതുങ്ങി കൂടി ആ സമാധാനത്തിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. കയ്പ്പക്ക എനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ്’ രാഹുൽ രവി പറയുന്നു.
about rahul ravi