ഭാവനയുടെ തുറന്നുപറച്ചിൽ സദാചാരത്തിന്റെ മൂടുപടമണിഞ്ഞ മലയാളികൾക്ക് മുന്നിൽ അല്ലാ; അതിനുള്ള കാരണം ഇതുതന്നെയാണ് ; വൈറലാകുന്ന ആ വാക്കുകൾ!

വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്ത് ഭാവനയുടെ പ്രതികരണം പുറത്തുവന്നപ്പോൾ ആത്മാർഥമായി ഭാവനയ്‌ക്കൊപ്പം നിന്നവർക്ക് സന്തോഷമായിരുന്നു. സോഷ്യൽ മീഡിയ നിറഞ്ഞതും അത്തരം പോസ്റ്റുകൾ കൊണ്ടാണ്. എന്നാൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൽ, അത് കുടുംബത്തിന് അകത്തായാലും പുറത്തായാലും തൊഴിലിടത്തിലായാലും എത്ര കണ്ട് കുറയുന്നു എന്നതിൽ വലിയ പ്രതീക്ഷ തരുന്ന കണക്കുകളില്ല.

ഭാവന പങ്കുവച്ച വാക്കുകൾക്കൊപ്പം ഇന്നത്തെ സാമൂഹിക അവസ്ഥയും വിലയിരുത്തി ദേവിക എം എ എഴുതിയ കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
പൂർണ്ണമായ കുറിപ്പ് വായിക്കാം

“കുടുംബവും ഭർത്താവും സുഹൃത്തുക്കളും മറ്റനേകം പേരും കൂടെയുണ്ട് എന്നറിഞ്ഞിട്ടും കോടതി മുറിയിൽ നിൽക്കേണ്ടി വന്ന ആ 15 ദിവസം ഞാൻ തീവ്രമായി ഒറ്റപ്പെട്ടതുപോലെ തോന്നി. ഈ ലോകം മുഴുവൻ എന്നോട് വാദിക്കുകയാണ് എന്നു തോന്നി. അക്രമിക്കപ്പെട്ടത് ഞാൻ. നീതി അർഹിക്കുന്നത് ഞാൻ.
എന്നിട്ടും ഞാനല്ല കുറ്റവാളിയെന്ന്, ഞാൻ നിരപരാധിയാണ് എന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യതയോടെയാണ് ഞാൻ മാറി മാറി വിസ്തരിച്ച പല വക്കീൽമാരുടെയും മുന്നിൽ നിന്നത്. അന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ പോരാടിയെ മതിയാകു….”

കഴിഞ്ഞ അഞ്ചു വർഷമായി ശാരീരികവും മാനസികവുമായി മുറിവേറ്റ ഒരു സ്ത്രീയോട് ഒരു സമൂഹത്തിന്, തൊഴിലിടത്തിന്,
സാമൂഹ്യ മാധ്യമങ്ങൾക്ക്, എന്തൊക്കെ നീതികേടുകൾ ചെയ്യാമോ,
എന്തൊക്കെ വൃത്തികേടുകൾ പ്രചരിപ്പിക്കാമോ അതെല്ലാം ചെയ്തവരാണ് മലയാളികൾ. അതിനെയെല്ലാം അഭിമുഖീകരിച്ചു ഇന്ന് അതിജീവിച്ചു നിൽക്കുന്ന ഈ പെൺകുട്ടിയുടെ പേര് ഭാവന എന്നാണ്.

ലൈംഗിക ചൂഷണങ്ങൾ ഏൽക്കേണ്ടി വരുന്ന സകല പെണ്ണുങ്ങളുടെയും ഗതികേടുകൾ ഇതിനപ്പുറം വ്യക്തമായി പറഞ്ഞു വെക്കാനാകില്ല. എപ്പോളാണ് അതിക്രമിക്കപ്പെട്ടവൾക്കൊപ്പം മാത്രം നിൽക്കാൻ, കുറ്റവാളിയെ ഒറ്റപ്പെടുത്താൻ മലയാളികളുടെ നീതി ബോധം പാകപ്പെടുന്നത് ? ഒരു ശുഭപ്രതീക്ഷയും ഇല്ലാത്ത ചോദ്യമാണിത്.

പകൽ അക്രമിക്കപ്പെട്ടാൽ ഉടുവസ്ത്രത്തിന് പഴി.
രാത്രി അതിക്രമിക്കപ്പെട്ടാൽ കുത്തഴിഞ്ഞ സമയക്രമത്തിന്റെ പ്രശ്നം. ഇനി ഇത് രണ്ടുമല്ലെങ്കിൽ അവൾ പിഴച്ചവൾ. നുണച്ചി. അഴിഞ്ഞാട്ടക്കാരി. അഭിസാരിക.

പുരുഷനാൽ അക്രമിക്കപ്പെടുന്ന നിമിഷം മുതൽ/അയാൾക്കെതിരെ അവളൊന്ന് വിരൽ ചൂണ്ടുന്ന മുഹൂർത്തം മുതൽ ഏതൊരു സ്ത്രീയേയും (അവളെത്ര സമ്പന്നയോ ദരിദ്രയോ സുപ്രസിദ്ധയോ ആയിക്കൊള്ളട്ടെ) ഒതുക്കാൻ, ക്രൂരമായി അടിച്ചമർത്താൻ ഇവിടുത്തെ പുരുഷാധിപത്യ സിസ്‌റ്റം ഏതറ്റം വരെയും പോയിട്ടുണ്ട്. സ്ലട്ട് ഷെയിമിങ് മുതൽ വിക്റ്റിം ബ്ലെയിമിങ് വരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഇവറ്റകൾ ഇന്നു വരെ തളച്ചിട്ട കുരിശുകളിൽ നിന്നും സ്ത്രീകൾ ഉയർത്തെഴുന്നേൽക്കുന്ന കാലത്തെ ഓർക്കാൻ മെനക്കെട്ടിട്ടുണ്ടാവില്ല.

“ആദ്യമാദ്യം ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അന്നത്തെ ആ നശിച്ച ദിവസം ഷൂട്ടിങ്ങിന് പോയില്ലായിരുന്നു എങ്കിലോ, അന്നത്തെ ദിവസം അങ്ങനെയായിരുന്നില്ലെങ്കിലോ, ഞാനങ്ങനെ ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കിലോ, രാവിലെ എഴുന്നേൽക്കുമ്പോൾ ഇതെല്ലാം ഒരു ദു:സ്വപ്നം ആയിരുന്നെങ്കിലോ… ഒരിക്കൽ കൂടി എല്ലാം പഴയത് പോലെ ആയിരുന്നെങ്കിലോ… അങ്ങനെ എത്ര എങ്കിലുകൾ കൊണ്ട് ഞാൻ എന്നെ കുറ്റപ്പെടുത്തി. എല്ലാം അവസാനിപ്പിച്ച് വേറെയേതെങ്കിലും ഒരു രാജ്യത്ത് പോയി ജീവിക്കാം എന്നു പോലും ഓർത്തിട്ടുണ്ട്.

ഞാൻ തന്നെ ഉണ്ടാക്കിയ കള്ള കഥകളാണ് ഇതെന്ന് കൂടി പ്രചരിപ്പിച്ചവരെ കേട്ടപ്പോൾ എന്റെ ആത്മാഭിമാനം കോടി കണക്കിന് കഷ്ണങ്ങളായി ചിതറി പോകുന്നതായി തോന്നി. ഭയം തോന്നി. തീവ്രമായ നിരാശ തോന്നി. ഭ്രാന്തമായ ദേഷ്യവും വേദനയും തോന്നി. പക്ഷേ ഞാൻ ഇതിലൂടെയെല്ലാം കൂടുതൽ കൂടുതൽ തിരിച്ചറിവുള്ളവളായി.

ഞാനല്ല തെറ്റു ചെയ്തത് ഞാനിതൊന്നും അർഹിക്കുന്നില്ല എന്ന് മനസ്സിലാക്കി തുടങ്ങി. ഈ പോരാട്ടം തുടർന്നേ മതിയാവു എന്ന് തോന്നി. ഇന്ന് ഈ നിമിഷം അവസാനം വരെ പൊരുതാനാണ് എന്റെ തീരുമാനം. എനിക്ക് വേണ്ടി മാത്രമല്ല. ഈ ലോകത്തെ മുഴുവൻ സ്ത്രീകൾക്ക് കൂടി വേണ്ടി. ഞാൻ തിരിച്ചറിയുന്നു. ഞാനൊരു അതിജീവിതയാണ്. ഇരയല്ല”

എനിക്കുറപ്പുണ്ട് നിലപാടുള്ള നീതിബോധമുള്ള മനസാക്ഷിയുള്ള ഒരു മനുഷ്യനും സന്തോഷം കൊണ്ടു കണ്ണു നിറയാതെ, രോമം എഴുന്നേൽക്കുന്നതറിയാതെ അഭിമാനം കൊണ്ട് തിളച്ചു പൊങ്ങാതെ ഇന്ന് ഭാവനയെ കേൾക്കാൻ സാധിക്കില്ല എന്ന്.
അവൾ ജയിച്ചു കഴിഞ്ഞു. Women in Cinema Collective നിങ്ങളും… ഇവിടെ അവസാനിക്കുന്നില്ല ദേവികയുടെ എഴുത്ത്. മലയാള മാധ്യമങ്ങൾക്കു മുമ്പിൽ ഭാവന ഇതുവരെ അനുഭവം പങ്കുവച്ചിട്ടില്ലാത്തതും അതിനുള്ള കാരണവും വ്യക്തമായി കുറിപ്പിൽ പറയുന്നു.

The Global Time Hall എന്ന മാധ്യമം, സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ ഭാവനയോട് പറഞ്ഞ ഒരു വാചകമുണ്ട്. ‘ഞങ്ങൾക്കറിയാം നിങ്ങളുടെ മാനസികാവസ്ഥ. ഞങ്ങൾക്കറിയാം അക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ തുറന്നു പറച്ചിൽ എത്രമാത്രം സംഘർഷഭരിതമാണെന്ന് . ഞാൻ നിങ്ങളോട് നന്ദി പറയുന്നു. നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന , നിങ്ങൾക്ക് തുറന്നു പറയാൻ ബുദ്ധിമുട്ടുള്ള ഒരൊറ്റ കാര്യം പോലും ഞങ്ങൾ നിങ്ങളോട് ചോദിക്കില്ല എന്ന് വാക്ക് തരുന്നു’ എന്ന്. മലയാള മാധ്യമങ്ങൾക്കു മുമ്പിൽ അവളൊരിക്കലും ഇതുപോലെ സേഫായിരിക്കില്ല. കംഫർട്ടബിളായിരിക്കില്ല.

സ്കെപ്റ്റിക്കലാവാതെ സംസാരിക്കാനാവില്ല. കാരണം നമുക്കറിയേണ്ടത് മറ്റു പലതുമാണല്ലോ. ഇതു പോലൊരിക്കൽ നമ്മുടെ ഭാവന നമുക്ക് മുമ്പിൽ ഇരുന്ന് നമ്മോളോട് തുറന്നു സംസാരിക്കുമെന്ന് പ്രത്യാശിക്കുന്നു. ചുരുങ്ങിയത് അവളോടൊപ്പം നമ്മളുണ്ടെന്ന് ഒരു തോന്നൽ എങ്കിലും ഉണ്ടാക്കാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് സാധിക്കട്ടെ . എന്ന് ആശംസിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

about bhavana

Safana Safu :