അന്തരിച്ച ടെലിവിഷന്‍ താരം ദിവ്യ ഭട്‌നഗര്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപണം. ഭര്‍ത്താവ് ഗഗന്‍ ഗബ്രു ദിവ്യയെ പീഡിപ്പിച്ചിരുന്നതായാണ് താരത്തിന്റെ സഹോദരന്‍ ദേവാശിഷും അടുത്ത സുഹൃത്തും നടിയുമായ ദേവോലീന ഭട്ടാചാര്‍ജിയും വെളിപ്പെടുത്തി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദിവ്യ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നവംബർ 26 നാണ് ദിവ്യയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും അമിത രക്തസമ്മർദ്ദവും മൂലം ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമായി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
നവംബര്‍ 7-ന് ഭര്‍തൃപീഡനത്തെക്കുറിച്ച് ദിവ്യ കുറിപ്പെഴുതിയിരുന്നു. മരണത്തിന് ശേഷം അത് കബോര്‍ഡില്‍ നിന്നും കണ്ടെടുത്തു. രോഗം വരുന്നതിന് തൊട്ടുമുമ്പ് അവള്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പിന്നീടാണ് ആശുപത്രിയില്‍ ആകുന്നത്. മനസാന്നിദ്ധ്യം കൈവിടരുതെന്ന് താന്‍ അവളോട് ആശുപത്രിയില്‍ വെച്ചു തന്നെ പറഞ്ഞിരുന്നതായാണ് സഹോദരന്‍ പറയുന്നത്.
”ഗഗന്‍ ഗബ്രു ദിവ്യയുടെ ജീവിതം നരകതുല്യമാക്കി. അവള്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടു. ദിവ്യയുടെ സഹോദരനും മാതാവും നിങ്ങളുമായുള്ള ബന്ധത്തിന് എതിരായിരുന്നു. എന്നിട്ടും അവള്‍ നിങ്ങള്‍ക്കൊപ്പം നിന്നു. നിങ്ങളുടെ ഇടപെടല്‍ കാരണം നാല് വര്‍ഷത്തോളം തനിക്ക് അവളില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടി വന്നു. നീ ജയിലിലാകും. കാരണം നീ ദിവ്യയെ വേദനിപ്പിച്ചിരുന്നു. അവള്‍ പോയി ഇനി നിന്റെ കാമുകിമാര്‍ക്കൊപ്പം സന്തോഷിക്കാമെന്നാണോ കരുതിയത്?”
ഇതിനെല്ലാം നിങ്ങള്‍ മറുപടി പറയണം എന്നാണ് ദേവോലീന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.