ഇന്ന് നിർണ്ണയാകം; ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും! ദിലീപിന്റെ ചീട്ട് കീറുമോ?

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എറണാകുളം പ്രത്യേക സി ബി ഐ കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും.

മാര്‍ച്ച്‌ ഒന്ന് വരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ക്രൈംബ്രാഞ്ചിന് വിചാരണാ കോടതി സമയം അനുവദിച്ചത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് വൈകാനാണ് സാധ്യത.സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും താൻ അതിന് സാക്ഷിയാണെന്നുമായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. അതേസമയം, പ്രധാന കേസിൽ വിചാരണ പൂർത്തിയാക്കാൻ കോടതി 6 മാസത്തെ സാവകാശം കൂടി തേടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ തുടരന്വേഷണം. എന്നാൽ, തുടരന്വേഷണതിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു.

തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം നടന്‍ ദിലീപിന്റെ ശബ്ദം വീണ്ടും പരിശോധിച്ച് അന്വേഷണ സംഘം. ഇത് രണ്ടാംതവണയാണ് ദിലീപിന്റെയും മറ്റു പ്രതികളുടെയും ശബ്ദം പരിശോധിക്കുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ നിലപാടെടുക്കുകയും അന്വേഷണത്തിന് മൂന്ന് മാസം ആവശ്യമാണെന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലും ദിലീപിനെതിരായ അന്വേഷണം വിപുലപ്പെടുത്തിയിരുന്നു അന്വേഷണ സംഘങ്ങള്‍. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നീക്കം.

ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ദിലീപിന്റെ 2 ബിസിനസ് പങ്കാളികൾ, പ്രൊഡക്‌ഷൻ കമ്പനി ജീവനക്കാർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു ഇവരോട് ചോദിച്ചത്.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ടു നീക്കങ്ങളാണ് പോലീസ് ദിലീപിനെതിരെ തുടങ്ങിയത്. ഒന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ആരംഭിച്ചു. മറ്റൊന്ന് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പോലീസുകാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.രണ്ടാഴ്ച മുമ്പ് ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദ സാംപിള്‍ ശേഖരിച്ചിരുന്നു. അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലായിരുന്നു ഇത്. അന്വേഷണ സംഘത്തെ ഇല്ലാതാക്കുമെന്ന് ദിലീപ് വ്യക്തമായ സൂചന നല്‍കി എന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടില്‍ വച്ചും മറ്റു ചില സ്ഥലങ്ങളില്‍ വച്ചും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടത്രെ.

about dileep

AJILI ANNAJOHN :