മറ്റു താരങ്ങളെ പോലെ അല്ല ആസിഫ്; കഥ മുഴുവൻ കേട്ടിട്ട് എല്ലാവരുടെയും മുന്നിൽ വെച്ച് ഇഷ്ടപ്പെട്ടില്ല എന്ന് ആസിഫ് പറഞ്ഞു;അനുഭവം തുറന്നുപറഞ്ഞ് സംവിധായകൻ സേതു

ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരുങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആസിഫ് അലി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. സൗമ്യമായുള്ള തന്റെ പെരുമാറ്റത്തിലൂടെയും ആസിഫ് മറ്റുള്ളവര്‍ക്ക് പ്രിയങ്കരനാണ്.

സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളുവെന്നും എന്നാല്‍ ആസിഫ് അതില്‍നിന്നും വ്യത്യസ്തനാണെന്നും പറയുകയാണ് സംവിധായകന്‍ സേതു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

ആസിഫുമായി ഒരുപാട് നാളത്തെ ബന്ധമുണ്ട്. എനിക്ക് സഹോദരതുല്യന്‍ ആണ് ആസിഫ്. ഒരിക്കല്‍ മറ്റൊരു സംവിധായകന് വേണ്ടി ആസിഫിന്റെയടുക്കല്‍ ഒരു കഥ പറയുവാന്‍ പോയിരുന്നു. മലയാളത്തിലെ തന്നെ പ്രശസ്തനായ ഒരു സംവിധായകനായിരുന്നു ചിത്രം ചെയ്യേണ്ടിയിരുന്നത്.കഥ പറയുന്ന സമയം ആ സംവിധായകനും മറ്റു ചിലരും എന്നോടൊപ്പമുണ്ടായിരുന്നു. കഥ മുഴുവന്‍ കേട്ട ശേഷം ആസിഫ് തനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതിനുശേഷം ആസിഫ് എന്നെ മാത്രം പുറത്തേക്ക് വിളിച്ചുകൊണ്ടുപോയിട്ട് പറഞ്ഞു, ‘ചേട്ടാ, എനിക്കിത് ഇഷ്ടപ്പെട്ടില്ല, സേതുവേട്ടന്‍ ഈ കഥ എഴുതരുത്’. സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളൂ. പക്ഷേ അതില്‍നിന്നും വ്യത്യസ്തനായി ആസിഫ് കാണിച്ച ഒരു വലിയ സവിശേഷതയായി എനിക്ക് ആ സംഭവത്തിലൂടെ തോന്നി,’ സേതു പറഞ്ഞു.

സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിലാണ് ആസിഫ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമാണ് 83 മോഡല്‍ മാരുതി കാര്‍. മഹേഷ് എന്ന യുവാവും തന്റെ ജീവിതത്തിലെ സന്തതസഹചാരിയായ മാരുതി കാറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.മല്ലുസിംഗ്, ഐ ലവ് മി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും സേതുവും ഒന്നിക്കുന്ന സിനിമ കൂടിയാണ് മഹേഷും മാരുതിയും.

ABOUT ASIF ALI

AJILI ANNAJOHN :