ലളിതാമ്മയുടെ ചുട്ടുപൊള്ളുന്ന ആ വാക്കുകൾ ; ഹൃദയം നുറുങ്ങുന്ന വേദന! അത് കണ്ടുനിൽക്കാനായില്ല; മനസ്സ് തുറന്ന് ജിസ് ജോയ്

നടനവിസ്മയം കെപിഎസി ലളിതയുടെ വിയോഗത്തിന്റെ ദുഃഖത്തിൽ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല മലയാളം സിനിമ മേഖലയിലുള്ളവരും ആരാധകരും. നടിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു ഒട്ടേറെ താരങ്ങൾ അവരുടെ സ്നേഹം അറിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ ജിസ് ജോയിയുടെ വാക്കുകളാണ്. തന്റെ ‘സൺ‌ഡേ ഹോളിഡേ’ എന്ന സിനിമയിൽ കെപിഎസി ലളിതയുടെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറയുന്നത്.

ഞാനും കെപിഎസി ലളിതയും ഒന്നിച്ചു ഒരുപാട് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് എന്റെ ആദ്യ സിനിമ ‘ബൈസൈക്കിൾ തീഫ്’ എന്ന സിനിമയിലേക്ക് അമ്മയെ ഞാൻ ക്ഷണിക്കുന്നത്. പിന്നീടുള്ള എന്റെ എല്ലാ സിനിമയിലും കെപിഎസി ലളിത ഭാഗമായി എന്നത് തനിയെ സംഭവിച്ച ഒന്നാണ്. ‘അമ്മ എനിക്കു കുടുംബം തന്നെയായിരുന്നു, അമ്മയ്ക്കും ഞാൻ അങ്ങനെ തന്നെ ആയിരുന്നു. എല്ലാവരും എന്നോട് ചോദിക്കാറുണ്ട് എന്റെ എല്ലാ സിനിമകളിലും സിദ്ദിക്കും കെപിഎസി ലളിതയും ഉണ്ടല്ലോ എന്ന്. അത് മനഃപൂർവം ചെയ്തത് ഒന്നും അല്ല. ഒരു കഥാപാത്രം ആലോചിക്കുമ്പോൾ തന്നെ അവർ അതിനോട് യോജിച്ചിരുന്നു എന്നതാണ് സത്യം. ഉദാഹരണം പറയുകയാണെങ്കിൽ , സൺ‌ഡേ ഹോളിഡേ സിനിമയിൽ ലളിത അമ്മയുടെ ഒരു ഡയലോഗ് ഉണ്ട് ‘നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളുടെ മനസ് കാണാൻ ശ്രമിച്ചാൽ മതി, നമ്മൾ എല്ലാം നല്ലവരാണ്.’ സിനിമയിൽ ആസിഫ് അലിയോടാണ് ‘അമ്മ ഈ വാചകം പറയുന്നത്. ഒരു താക്കീത് പോലെയാണ് ഈ ഡയലോഗ് എങ്കിലും അമ്മയുടെ വാക്കുകൾക്ക് വല്ലാത്ത അർഥങ്ങൾ ഉണ്ടായിരുന്നു. ഈ സീനിൽ ‘അമ്മ അഭിനയിക്കുന്നത് കണ്ടു ഞാൻ കരച്ചിലിന്റെ വക്കിൽ ആയിരുന്നു. ഞാൻ അതിനു മുൻപ് ഒരിക്കലും ഒരു സീൻ സംവിധാനം ചെയ്യുമ്പോൾ ഇത്രയും ഇമോഷണൽ ആയിട്ടില്ല. കഥാപാത്രങ്ങൾക്ക് ‘അമ്മ നൽകുന്ന സൗന്ദര്യം അതായിരുന്നു,” ജിസ് ജോയ് പറഞ്ഞു.

മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളെപ്പോലെ തന്നെ ക്യാമറക്കു മുന്നിൽ ഒരു വിസ്മയം തീർക്കാൻ കെപിഎസി ലളിതക്ക് കഴിയും എന്നും ഈ സംവിധായകൻ പറയുന്നു. “2007 ൽ ഒരു പരസ്യ ചിത്രം ചെയ്യുമ്പോഴാണ് ഞാൻ കെപിഎസി ലളിതയെ ആദ്യമായി കാണുന്നത്. നമ്മൾ എപ്പോഴും കേൾക്കാറുണ്ട്, മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ ക്യാമറക്കു മുന്നിൽ നിൽക്കുമ്പോൾ അവർ അഭിനയിക്കുക തന്നെയാണോ എന്ന് നമുക്ക് സംശയം ഉണ്ടാകും എന്ന്. അത്ര തന്മയത്തോടെയാണ് അവർ അത് ചെയ്യുന്നത്. അതൊരു മാജിക് തന്നെയാണ്. കെപിഎസി ലളിതക്കും അതേ മാജിക് ഉണ്ടായിരുന്നു,” എന്നും സംവിധായകൻ.

ഫെബ്രുവരി 22 ന് ആയിരുന്നു ചമയങ്ങൾ ഇല്ലാത്ത കെ പി എസ് സി ലളിത ലോകത്തേയ്ക്ക് യാത്രയായത്. മകൻ സിദ്ധാർത്ഥിന്റെ ഫ്‌ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. ഇനിയും പ്രിയപ്പെട്ട താരത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ ആരാധകർക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. ഇതിനോടകം തന്നെ 550 ൽ പരം സിനിമകളിൽ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കും നവ്യ നായർക്കൊപ്പമായിരുന്നു ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു താരം. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണയും ലളിതയ്ക്ക് ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്‌സനായിരുന്നു.

about kpac lalitha

AJILI ANNAJOHN :