ഇന്നലെയായിരുന്നു ദിലീപിന്റെ ശബ്ദം വീണ്ടും അന്വേഷണ സംഘം പരിശോധിച്ചത്. ഇത് രണ്ടാംതവണയാണ് ശബ്ദം പരിശോധന നടത്തിയത്. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ നിലപാടെടുക്കുകയും അന്വേഷണത്തിന് മൂന്ന് മാസം ആവശ്യമാണെന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമയം നീട്ടി നല്‍കാനിടയില്ലെന്ന് വ്യക്തമായ പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഒരു മാധ്യമങ്ങൾ പോലും അറിയാതെ വളരെ രഹസ്യമായിട്ടായിരുന്നു ദിലീപ് എത്തിയത്. എന്തിന് വീണ്ടും ദിലീപിന്റെ ശബ്ദം പരിശോധിച്ചു? പോലീസിന്റെ രഹസ്യനീക്കത്തിന് പിന്നിലെ ഉദ്ദേശം എന്തായിരിക്കും തുടങ്ങി നിരവധി ചോദ്യങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്.
Feb 8 നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആദ്യം ശബ്ദപരിശോധന നടത്താന്‍ ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തിയത്. അന്ന് മാധ്യമങ്ങളെല്ലാം ദിലീപിനെ വളഞ്ഞിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി
രണ്ടാം തവണത്തെ ശബ്ദ പരിശോധനയ്ക്ക് ദിലീപിനെ വിളിപ്പിച്ചതിൽ ക്രൈം ബ്രാഞ്ച് വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കാം.. രഹസ്യമായിട്ടാണ് എല്ലാം ചെയ്തിരിക്കുന്നത്. ദിലീപിന് ജാമ്യം കിട്ടിയെങ്കിലും പരമാവധി തെളിവുകൾ ശേഖരിച്ച് ദിലീപിനെ പൂട്ടാനുള്ള തയ്യാറെടുപ്പിലാണ് ക്രൈം ബ്രാഞ്ച്. തങ്ങളുടെ കൂട്ടത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയാണ് ദിലീപ് വധ ഗൂഢാലോചന നടത്തിയെതെന്ന് പറയപ്പെടുന്നത്. കേസ് അത്രത്തോളം ഗൗരവത്തോടെയാണ് പോലീസ് എടുത്തിരിക്കുന്നത്. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി പരമാവധി തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ ഇപ്പോഴത്തെ തീരുമാനം
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ടു നീക്കങ്ങളാണ് പോലീസ് ദിലീപിനെതിരെ തുടങ്ങിയത്. ഒന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ആരംഭിച്ചു. മറ്റൊന്ന് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പോലീസുകാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
അന്വേഷണ സംഘത്തെ ഇല്ലാതാക്കുമെന്ന് ദിലീപ് വ്യക്തമായ സൂചന നല്‍കി എന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടില്‍ വച്ചും മറ്റു ചില സ്ഥലങ്ങളില്‍ വച്ചും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടത്രെ. അന്വേഷണ സംഘാംഗങ്ങളുടെ വീഡിയോ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകള്‍ പറയുകയാണ് ചെയ്തത് എന്നായിരുന്നു ദിലീപിന്റെ വാദം.
നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപും മറ്റു പ്രതികളും വീട്ടില്‍ വച്ചു കണ്ടു എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന് ബലമേകുന്ന തെളിവുകളും സംവിധായകന്‍ പോലീസിന് കൈമാറിയിരുന്നു. 20ലധികം ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറിയത്. ഈ ശബ്ദ സന്ദേശവുമായി ഒത്തുനോക്കുന്നതിനാണ് ശബ്ദ സാംപിള്‍ ശേഖരിച്ചത്. ഇനി തിരുവനന്തപുരത്തെ ലാബിലേക്ക് സാംപിള്‍ അയക്കും. അവിടെ വച്ചാണ് ഒത്തുനോക്കല്‍. പരിശോധനാ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. പകര്‍പ്പ് അന്വേഷണ സംഘത്തിനും നല്‍കും.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി മാര്‍ച്ച് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടേ എന്നാണ് ആരാഞ്ഞത്. കൂടുതല്‍ സമയം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. തുടരന്വേഷണത്തിന്റെ മറവില്‍ പുനരന്വേഷണമാണ് നടക്കുന്നത് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണിത്ര അന്വേഷിക്കാന്‍ എന്നാണ് കോടതി വാദം കേള്‍ക്കലിനിടെ ചോദിച്ചത്. ഇത്രയും കാലം എന്തിനാണ് എന്നും കോടതി ആരാഞ്ഞിരുന്നു. സുപ്രീംകോടതി നാല് തവണ വിചാരണയ്ക്ക് സമയം നീട്ടി നല്‍കിയ കാര്യവും ഹൈക്കോടതി ഓര്‍മിപ്പിച്ചു. വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത് എന്ന് ദിലീപിന് ബോധ്യമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നത് എന്നായിരുന്നു നടിയുടെ അഭിഭാഷകന്റെ ചോദ്യം.
ഏതായാലും രണ്ടാമത്തെ ശബ്ദ പരിശോധന നടത്തിയതിൽ ക്രൈം ബ്രാഞ്ചിന് വ്യക്തമായ ലക്‌ഷ്യം ഉണ്ടെന്ന് ഉറപ്പിക്കാം… വരും ദിവസങ്ങളിൽ ഇതേ തുടര്ന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം