ആ മുഖം നോക്കാൻ ആവില്ല; കണ്ണീർ അടക്കാനാവാതെ മമ്മൂട്ടിയും മോഹൻലാലും!

മലയാള സിനിമയ്ക്ക് തീരാവേദന നല്‍കി കൊണ്ട് കെപിഎസി ലളിതയും ഓര്‍മ്മയായി. അനുഗ്രഹീത അഭിനയത്രിയായ ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര. അസുഖബാധിതയായി കഴിഞ്ഞിരുന്ന നടി ഫെബ്രുവരി 22 രാത്രിയാണ് അന്തരിച്ചത്. നടിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരും ആരാധകരുമടങ്ങുന്ന സിനിമോലകം. അഭിനയം അറിയില്ലാത്ത, സ്‌ക്രീനില്‍ ജീവിച്ച് കാണിക്കുന്ന നടിയാണെന്നാണ് പലരും കെപിഎസി ലളിതയെ കുറിച്ച് പറയുന്നത്. വര്‍ഷങ്ങളോളം നീണ്ട ഓര്‍മ്മകളും വിയോഗമുണ്ടാക്കിയ വേദനയും പങ്കുവെച്ച് കൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മറ്റ് താരങ്ങളൊക്കെ എത്തിയിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. അവസാനമായി ഒരു നോക്ക് കാണാൻ രാവിലെ തന്നെ ഫ്‌ളാറ്റിലെത്തി. കുറച്ച് സമയം ആ അടഞ്ഞ കണ്ണുകളിലേക്ക് നോക്കി നിന്നു. പിന്നെ ഒന്നും പറയാനാകാതെ തിരിഞ്ഞു നടന്നു. ജീവിച്ചിരുന്നപ്പോൾ ഉണ്ടായ കുറ നല്ല ഓർമകളുമായി തിരിച്ച് കാറിൽകയറി. കെപിഎസി ലളിതയുടെ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ ഫേസ്‌ബുക്കിലെ അനുശോചന കുറിപ്പ് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. വളരെ വളരെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്‌ടമായിരിക്കുന്നുവെന്നായിരുന്നു ആ കുറിപ്പ്.

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം. എന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഏറ്റവും അവസാനം മമ്മൂട്ടിയുടെ സിനിമയിലാണ് കെപിഎസി ലളിത അഭിനയിച്ചത് എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു.

മമ്മുട്ടിയെ കൂടാതെ കെ പി എ സി ലളിതയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. നഷ്ടപ്പെട്ടത് സ്വന്തം ചേച്ചിയേയാണെന്ന് അദ്ദേഹം പറഞ്ഞു. സുഖമില്ലാതിരുന്ന സമയത്ത് ലളിത ചേച്ചിയെ കാണാൻ സാധിച്ചില്ലെന്നും, ഫോണിൽ സംസാരിച്ചിരുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി. സിനിമ എന്നതിലുപരി ഒരുപാട് ഓർമകൾ ഉണ്ടായിരുന്നു. സ്വന്തം ചേച്ചിയായിരുന്നു…അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു എന്ന ഗാനമാണ് എന്റെ മനസിൽ. വളരെ കുറച്ച് സിനിമകളിലേ ഞാനും ചേച്ചിയും അമ്മയും മകനുമായി അഭിനയിച്ചിട്ടുള്ളൂ. പക്ഷേ ഒരുപാട് നല്ല സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

ഏറ്റവും വ്യത്യസ്തയായ അഭിനയ പ്രതിഭയായിരുന്നു കെ പി എ സി ലളിതയെന്ന് നടൻ രൺജി പണിക്കർ പറഞ്ഞു. നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയും ആദരാഞ്ജലി അർപ്പിച്ചു. ‘ എന്നും ഓർത്തിരിക്കാൻ ഒരുപാട് വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലളിത ചേച്ചിക്ക് ആദരാഞ്ജലികളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കെപിഎസി ലളിതയുടെ നിര്യാണത്തിൽ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ ദു:ഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി വി.ശിവൻകുട്ടി, നടൻ പൃഥ്വിരാജ്, നടി നമിതാ പ്രമോദ്, മുൻ മന്ത്രിമാരായ കടകംപള‌ളി സുരേന്ദ്രൻ, എംഎം മണി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി നിരവധി പേരാണ് അനുശോചനം അറിയിച്ചത്.

about lalitha

AJILI ANNAJOHN :