ഈ പുതിയ പെയറിനെ പ്രേക്ഷകർ സ്വീകരിക്കുമോ എന്നൊരു ഭയമുണ്ടായിരുന്നു; ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു; തുറന്ന് പറഞ്ഞ് റെബേക്ക സന്തോഷ്!

സ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് റെബേക്ക സന്തോഷ്. ഇപ്പോഴിതാ കസ്തൂരിമാനിനു ശേഷം നിതിൻ ജേക്കിനൊപ്പം കളിവീട് എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് താരം. തമിഴിലെ ഹിറ്റ് സീരിയലായ റോജയുടെ മലയാളം പതിപ്പാണ് ഈ സീരിയൽ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ താരം പങ്കുവെച്ചു.

സീരിയൽ അവസാനിച്ചു വർഷങ്ങൾക്കിപ്പുറവും കസ്തൂരിമാൻ സീരിയലിലെ ജീവയേയും കാവ്യയേയും ഇന്നും സ്നേഹിക്കുന്ന ആരാധകരിലേക്കു പുതിയൊരു നായകനോടൊപ്പം ഒരു സീരിയൽ ചെയ്യുന്നതിൽ തനിക്ക് ആദ്യം അൽപ്പം പേടിയുണ്ടായിരുന്നു എന്ന് റെബേക്ക പറയുന്നു. നീലക്കുയിൽ എന്ന സീരിയലിലൂടെ പ്രശസ്തനായ നിതിൻ ജേക്ക് ആണ് സീരിയലിൽ റെബേക്കയുടെ ഭർത്താവായി വേഷമിടുന്നത്.

“ഈ പുതിയ പെയറിനെ ആരാധകർ എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് ആദ്യം സംശയം ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾ ഇത് ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യം കുറ്റം പറഞ്ഞവർ ഇപ്പോൾ ഞങ്ങളുടെ കെമിസ്ട്രിയെ പുകഴ്ത്തുന്നുണ്ട്. ജീവ്യ ആരാധകർ ഇപ്പോൾ അർജയുടെ, അർജുനും പൂജക്കും അവർ നൽകിയിരിക്കുന്ന പേര് , വീഡിയോകൾ ഉണ്ടാക്കുന്ന തിരക്കിലാണ്,” റെബേക്ക പറയുന്നു.

പുതിയ ഓൺ സ്ക്രീൻ ഭർത്താവ് നിതിനൊപ്പമുള്ള അഭിനയം എങ്ങനെ ആസ്വദിക്കുന്നു എന്ന ചോദ്യത്തിന് റെബേക്കയുടെ ഉത്തരം ഇങ്ങനെ, “കളിവീടിനു മുൻപ് ഒന്ന് രണ്ടു ഷോകളുടെ ഭാഗമായി ഞാൻ നിതിനെ കണ്ടിട്ടുണ്ട് അല്ലാതെ വലിയ പരിചയം ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. രണ്ടു അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയാണ് എപ്പോഴും കഥാപാത്രങ്ങളുടെ വിജയവും. ഇപ്പോൾ പൂജയെ എല്ലാ ആപത്തിൽ നിന്ന് രക്ഷിക്കുന്ന ഡിങ്കനാണ് അദ്ദേഹം. ആദ്യമൊക്കെ ഞങ്ങളുടെ പെയർ ആളുകൾ സ്വീകരിക്കുമോ എന്ന് എന്നെപ്പോലെ നിതിനും പേടി ഉണ്ടായിരുന്നു”.

എന്തായാലും തന്റെ ആശങ്കകൾ ഒക്കെ ഒഴിഞ്ഞു ആളുകൾ പുതിയ സീരിയലും കഥാപാത്രവും സ്വീകരിച്ച സന്തോഷത്തിലാണ് റെബേക്ക. എന്നിരുന്നാലും ഇപ്പോഴും കാവ്യ മനസ്സിൽ തന്നെയുണ്ടെന്ന് താരം പറയുന്നു. “ജീവ്യയെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല. മൂന്നര വർഷത്തോളം പ്രേക്ഷകർ വാരിക്കോരിയാണ് ഞങ്ങൾക്ക് സ്നേഹം തന്നത്. എനിക്ക് ഏറ്റവും സ്പെഷ്യൽ ആയ കഥാപാത്രം അത് കാവ്യ തന്നെയായിരിക്കും,” റെബേക്ക പറഞ്ഞു.

ഒരേ സമയം പ്രഗത്ഭരായ താരങ്ങളും യുവ താരങ്ങളും ഒന്നിക്കുന്ന സീരിയലാണ് കളിവീട്. രാഘവൻ, ശ്രീലത നമ്പൂതിരി, സേതു ലക്ഷ്മി, കൊച്ചു പ്രേമൻ തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്നാണ് റെബേക്ക പറയുന്നത്. “രാഘവൻ സാറിനൊപ്പം, ഞങ്ങളുടെ മുത്തശ്ശനൊപ്പം രണ്ടാം തവണയാണ് ഞാൻ അഭിനയിക്കുന്നത്. അത് പോലെ തന്നെ ശ്രീലത നമ്പൂതിരി, അച്ഛമ്മ, എന്റെ ആദ്യ സിനിമ മുതൽ അച്ഛമ്മക്കൊപ്പം ഞാൻ അഭിനയിക്കുകയാണ്. ഇവർ രണ്ടു പേരും എപ്പോഴും എന്നെ അമ്പരപ്പിച്ചുകൊണ്ട് ഇരിക്കും. ഈ സീരിയലിൽ സേതു ലക്ഷ്മിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എനിക്ക്, എത്ര മികച്ച നടിയാണവർ. ഓരോ സീനിനു മുൻപും അവർ ഡയലോഗ് പഠിക്കുന്നത് കണ്ടാൽ, ശരിക്കും ഇൻസ്പിറേഷൻ തന്നെയാണ്. അതുപോലെ തന്നെ കൊച്ചു പ്രേമൻ സർ. ഇവരുടെ ഒക്കെ കൂടെയുള്ള ഓരോ സീനും ഓരോ പാഠമാണ് എന്നെപ്പോലുള്ള തുടക്കക്കാർക്ക്,” നടി പറഞ്ഞു.

about rebacca santhosh

AJILI ANNAJOHN :