രജനീകാന്തിന് ആര് വോട്ട് ചെയ്യും?; യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കും?; നിലപാട് വ്യതമാക്കി നടി രഞ്ജിനി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ സിനിമാ രംഗത്തും ഭിന്ന സ്വരങ്ങൾ. നടി രഞ്ജിനിയാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം ഒട്ടും ആശാവഹമല്ലെന്നാണ് രഞ്ജിനി പറയുന്നു.

വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്, സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ്. എന്നാല്‍ യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് നടി ചോദിച്ചു.

ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, വരുന്നില്ല എന്നെല്ലാം എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ വെറും കോമഡിയായി . തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ടീയത്തില്‍ വരുന്നത് ബുദ്ധിമുട്ടാണ്.’ ‘സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. വെള്ളിത്തിരക്ക് അപ്പുറം വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എം.ജി.ആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്.’ രഞ്ജിനി പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി തന്റെ നിലപാട് തുറന്നു പറഞ്ഞത്.

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് നടക്കും. ജനുവരിയിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് രജനീകാന്തുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.ട്വിറ്ററിലൂടെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം രജനീകാന്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.തിങ്കളാഴ്ച രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം രജനീകാന്ത് വിളിച്ചു ചേര്‍ത്തിരുന്നു.നേരത്തെ രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

രജനീകാന്ത് അഭിനയ ജീവിതത്തിന്റൈ 45ാം വര്‍ഷം പൂര്‍ത്തിയാക്കിയ ആഗസ്റ്റില്‍ രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. താരത്തിനെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് മധുരയിലും കാഞ്ചീപുരത്തും ആരാധകര്‍ പോസ്റ്ററും കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദശകങ്ങളായി രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചിപ്പിക്കാറുള്ളതാണ്. 2017ല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

Noora T Noora T :