തറയിൽ ഒരു പായയിൽ മൂന്നുനാലു തടവുകാരുടെ ഇടയിൽ ദിലീപ് കിടക്കുന്നു… ചെന്നു തട്ടിവിളിച്ചപ്പോൾ എണീക്കാൻപോലും വയ്യ, അവിടെ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച! ദിലീപിന് സഹായം ചെയ്തുകൊടുത്തത് മാനുഷികപരിഗണന കൊണ്ട് മാത്രമെന്ന് ശ്രീലേഖ

ജയിൽ ഡിജിപിയായിരിക്കേ ജയിലിൽ സന്ദര്‍ശിച്ചപ്പോള്‍ നടൻ ദിലീപ് ദയനീയമായ അവസ്ഥയിലായിരുന്നുവെന്നും ഈ സാഹചര്യത്തിൽ മാനുഷിക പരിഗണനയുടെ പുറത്താണ് നടനെ സഹായിച്ചതെന്നുമാണ് ആര്‍ ശ്രീലേഖ പറഞ്ഞത്. ഒരു പ്രമുഖ ചാനൽ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീലേഖ.

ദിലീപ് വിചാരണത്തടവുകാരനായി ആലുവ സബ് ജയിലിൽ കഴിയുമ്പോഴുള്ള അനുഭവമായിരുന്നു ആര്‍ ശ്രീലേഖ വിവരിച്ചത്. ദിലീപിന് സഹായം ചെയ്തുകൊടുത്തതു മാനുഷികപരിഗണന കൊണ്ടു മാത്രമാണെന്ന് ആർ.ശ്രീലേഖ പറഞ്ഞു. സബ്ജയിലിൽ ചെന്നപ്പോൾ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ ഒരു പായയിൽ മൂന്നുനാലു തടവുകാരുടെ ഇടയിൽ ദിലീപ് കിടക്കുന്നു. ചെന്നു തട്ടിവിളിച്ചപ്പോൾ എണീക്കാൻപോലും വയ്യ. വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയിൽ പിടിച്ച് എണീറ്റു നിന്നിട്ടു വീണുപോയി. ആളെ കണ്ടപ്പോൾ നമ്മൾ സ്ക്രീനിൽ കാണുന്ന ദിലീപാണോ എന്നു സംശയം തോന്നുന്ന രീതിയിൽ വികൃതമായ രൂപം.

ദിലീപിനെ കൊണ്ടുവന്നു സൂപ്രണ്ടിന്റെ മുറിയിലിരുത്തി. ഒരു കരിക്കു കൊടുത്തു. ദയയുടെ പുറത്താണ് അതു ചെയ്തത്. ഒരാളെയും ഇത്രയധികം ദ്രോഹിക്കാൻ പാടില്ല. പ്രത്യേകമായി 2 പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു. ഇയർ ബാലൻസ് പ്രശ്നം ഡോക്ടറെ വരുത്തി പരിശോധിപ്പിച്ചു മരുന്നു കൊടുത്തു. ആഹാരം പ്രത്യേകമായിട്ടു കൊടുക്കാനുള്ള ഏർപ്പാടുകളും ചെയ്തു. ദിലീപ് വിചാരണത്തടവുകാരനാണ്. വീട്ടിൽ‍നിന്നു ഭക്ഷണം കൊണ്ടുകൊടുക്കുന്നതിൽ തെറ്റില്ല എന്ന തീരുമാനവുമെടുത്തു. ദിലീപിനെ സഹായിച്ചുവെന്ന പേരിൽ പിന്നീട് ഒരുപാട് അപവാദം കേട്ടുവെന്നും ശ്രീലേഖ പറഞ്ഞു.

അതേസമയം സംസ്ഥാന പൊലീസ് മേധാവി ആകാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും ആ പദവിയിലെത്തിയാൽ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ എഴുതി വച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ഫയർഫോഴ്സ് ഡിജിപിയായി വിരമിച്ചപ്പോൾ യാത്രയയപ്പു വേണ്ടെന്നുവച്ചതു മനഃപൂർവമാണ്. സർവീസിൽ ഇരുന്നപ്പോൾ പരിഗണനയോ പിന്തുണയോ തരാത്തവരുടെ കയ്യിൽനിന്നു സമ്മാനവും വാങ്ങി സർവീസ് വിടാൻ തോന്നിയില്ല. കേരള കേഡറിലെ‍ ആദ്യ വനിത ഐപിഎസ് ഓഫിസർ എന്നനിലയിൽ എനിക്കൊരു ഫുൾ സല്യൂട്ട് എങ്കിലും തരാമായിരുന്നു. ഡിജിപി പദവിയിൽ എത്താതെ വിരമിച്ചവർക്കുപോലും മുൻപ് ഇതു കൊടുത്തിട്ടുണ്ട്– ശ്രീലേഖ പറഞ്ഞു.

Noora T Noora T :