മോഹൻലാൽ ചിത്രം ‘ആറാട്ട്’ നെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, സിനിമയെ വിമര്‍ശിക്കുന്നവരുടെ മതം തിരയുന്ന പ്രവണതക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോള്‍ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓര്‍ത്തേയില്ലെന്നും എന്നാല്‍ സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകള്‍ ഇന്ന് വിഷം ചീറ്റുന്ന മത വര്‍ഗീയ വാദികളാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘നീ പോ മോനെ ദിനേശാ”
എന്ന് കേട്ടപ്പോഴും ”തള്ളേ കലിപ്പ് തീരണില്ലല്ലാ” എന്ന് കേട്ടപ്പോഴും കയ്യടിച്ചവര്‍ വരെ പിന്നീട് ആ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ടനെസ്സിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കാഴ്ചപ്പാടിന്റെയും ചിന്തയുടെയും വിശാലതയായും, നാം സ്വയം വളര്‍ന്നതിന്റെ തെളിവായും നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ മലയാള സിനിമയില്‍ അഭ്രപാളിയുടെ രണ്ടറ്റങ്ങളെയും അഭിരുചിയുടെ വൈവിധ്യങ്ങളെയും തങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്തിയ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും.

ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോള്‍ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓര്‍ത്തേയില്ല. എന്നാല്‍ കാലം മാറി കഥ മാറി, സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകള്‍ ഇന്ന് വിഷം ചീറ്റുന്ന മത വര്‍ഗീയ വാദികളാണ്.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമ തിയേറ്ററിലെത്തിയാല്‍ അവരുടെ മതത്തെ ചേര്‍ത്ത് കെട്ടി വിമര്‍ശിച്ചും ചേര്‍ത്തു പിടിച്ചും പ്രതികരിക്കുന്നവര്‍ സിനിമയുടെ കഥാ ഭാവനയില്‍ വിഷം പുരട്ടുമ്പോള്‍ ജനകീയ കലയില്‍ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ് ആണ് തകരുന്നത്.
മതിലുകള്‍ പണിത് പണിത് ഒരേ സിനിമ കൊട്ടകയില്‍ ഇരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ പോലും മതത്തിന്റെയും ജാതിയുടെയും മതിലുയര്‍ത്തുന്ന വര്‍ഗ്ഗീയ വിഷ ജീവികളുടെ വലയില്‍ നമ്മുടെ സിനിമ ആസ്വാദനം കുടുങ്ങാതിരിക്കാന്‍ ക്രീയാത്മമായ ഇടപെടലും സംവാദവും ഉയര്‍ന്നു വരണ്ടതുണ്ട്. സിനിമയെ എത്ര രൂക്ഷമായും വിമര്‍ശിക്കാം, തിരക്കഥയുടെ രക്തം ചിന്താം, പക്ഷേ അഭിനേതാവിന്റെയോ, പിന്നണി പ്രവര്‍ത്തകന്റെയോ മതം മാനദണ്ഡമാകരുത്. വിമര്‍ശിക്കണമെങ്കില്‍ പൂനെ ഫിലിം ഇന്‍സ്റ്റാറ്റിയൂട്ടില്‍ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ചിന്താഗതിയല്ല, മറിച്ച് വിമര്‍ശനം ഹേറ്റ് ക്യാംപെയിനാകരുത്… നല്ല സിനിമകളുണ്ടാകട്ടെ എന്നത് പോലെ പ്രധാനമാണ് നല്ല പ്രേക്ഷനുണ്ടാവുക എന്നതും.
