ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്..? ക്യാമറക്ക് മുമ്പിൽ അവൻ അവന്റെ ജീവിതം ആടിതീർത്തു, ; നവ്യനവ്യയുടെ കുറിപ്പ് വൈറലാകുന്നു!

മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കാണുന്ന നടിയാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും, എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങൾ നവ്യ സമ്മാനിച്ചിട്ടുണ്ട്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലവും നവ്യയെ ഓർത്തിരിക്കാൻ. വിവാഹശേഷം അഭിനയത്തിൽ നിന്നും അൽപ്പം ഇടവേള എടുത്ത നവ്യ ഇപ്പോൾ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഒരുത്തീ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി നവ്യ അഭിനയിച്ചത്. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിൻറെ നായികയായാണ് നവ്യാ നായർ സിനിമയിലെത്തുന്നത്. പിന്നീട് മുപ്പതിലധികം ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.

കലോത്സവ വേദികളിൽ തിളങ്ങിയ ശേഷം സിനിമയിലേക്കെത്തി നവ്യ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായി മാറിയത്. മലയാളത്തിന് പുറമെ തമിഴും തെലുങ്കും കന്നഡയും താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഏറ്റവും പുതിയതായി നവ്യയുടെ റിലീസിനൊരുങ്ങുന്ന സിനിമ ഒരുത്തീയാണ്. ദ ഫയർ ഇൻ യു എന്ന ടാഗ് ലൈനിലാണ് ഒരുത്തീ എത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് എസ്.സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തീ.

ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ചിത്രത്തിൽ നവ്യയുടെ കഥാപാത്രമായ മണിയുടെ മകനായി അഭിനയിച്ചിരിക്കുന്നത് ആദിത്യൻ എന്ന മിടുക്കനാണ്. മൂന്ന് വർഷം മുമ്പ് വാർത്തകളിൽ ഇടം പിടിച്ച കുട്ടിയാണ് ആദിത്യൻ. മാതാപിതാക്കളില്ലാത്ത സമയത്ത് ജപ്തി ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ തന്റെ വളർത്ത് പക്ഷിയേയും ചേർത്ത് പിടിച്ച് അലറിക്കരയുന്ന ആദിത്യന്റെ ചിത്രം അന്ന് വലിയ വാർത്തയായിരുന്നു. അന്നത്തെ പത്രവാർത്തകളാണ് ആദിത്യനെ ഒരുത്തീയിലേക്ക് തെരഞ്ഞെടുക്കാൻ കാരണമായത് എന്നാണ് നവ്യ നായർ പറയുന്നത്. ആദിത്യന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നവ്യാ നായർ ഇങ്ങനെ കുറിച്ചു.

‘ഇത് ആദിത്യൻ… എന്റെ (മണിയുടെ) സ്വന്തം അപ്പു. ആദിത്യനെ നിങ്ങൾക്കും അറിയാം… 2019 ഒക്ടോബർ 15ന് ആദിത്യനെക്കുറിച്ച് ഒരു വാർത്ത മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചു. കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു. അച്ഛനും അമ്മയും സ്ഥലത്തില്ല. നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവുപ്രകാരം വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. വീട്ടുസാധനങ്ങൾ പുറത്തേക്കിടുന്നു. പോലീസ് സംഘഞ്ഞെ പത്തുവയസ്സുള്ള ആദിത്യൻ അലറിക്കരഞ്ഞ് തടയാൻ ശ്രമിക്കുന്നു… പോലീസ്കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി നിയമം നടപ്പിലാക്കുന്നു. ചുറ്റും കൂടിയ മനുഷ്യർ നിസ്സഹായരായി എല്ലാം കണ്ടു നിൽക്കുന്നു. ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈൻമെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.’

ആൾകൂട്ടം കണ്ട് വണ്ടി നിർത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങൾ ക്യാമറയിലാക്കി. അന്ന് വൈകിട്ട് അത് ഒരു വാർത്തയായി. പോലീസുകാർ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യിൽ അതുവരെ അവൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു. സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവൻ വിട്ടുകളയുന്നില്ല. ഈ ചിത്രവും വാർത്തയും വൈകുന്നേരം ലോകം കണ്ടു. ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന തിരക്കഥാകൃത്ത് സുരേഷേട്ടൻ അന്നു വൈകിട്ട് എന്നെ വിളിച്ചു.. മണീ…(ഒരുത്തിയിൽ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി. സുരേഷേട്ടൻ അയച്ച ഫോട്ടോയും വാർത്തയും ഞാൻ നോക്കി. എന്റെ കണ്ണു നിറഞ്ഞു…
ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്..? വി.കെ.പിയും നാസർ ഇക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു. ആദിത്യൻ ഒരുത്തിയിലെ എന്റെ മകൻ അപ്പു ആയി. ക്യാമറക്ക് മുമ്പിൽ അവൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു. അവന്റെ ആദ്യ സിനിമയാണ് ഒരുത്തി. വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ് ഒരുത്തി. ഒപ്പം ഉണ്ടാവണം…..’ നവ്യാ നായർ കുറിച്ചു.

About navya nair

AJILI ANNAJOHN :