രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ ബന്ധം പരസ്യമാക്കിയത് മുതൽ എല്ലാ കണ്ണുകളും അവരെ പിന്തുടരുകയാണ്. പല കിംവദന്തികളും അവരുടെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്നുമുണ്ട്.
ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. എന്നാൽ ഇതുവരേയും വിവാഹിതരായിട്ടില്ല. രൺബീർ-ആലിയ വിവാഹ വാർത്ത കേൾക്കാനാണ് ഇന്ത്യൻ സിനിമ ഒന്നാകെ കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴും ഇരുവരും സിനിമാ തിരക്കുകളിലാണ്. പ്രണയം വെളിപ്പെടുത്തിയ ശേഷം പൊതുവേദികളിൽ എപ്പോഴും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കഴിഞ്ഞ അവധിയും ആലിയ ആഘോഷിച്ചത് രൺബീറിനൊപ്പമായിരുന്നു.
ബോളിവുഡിൽ ഏറ്റവും പ്രചാരമുള്ള ടെലിവിഷൻ ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ സംസാരിക്കവെയാണ് താൻ രൺബീർ കപൂറുമായി പ്രണയത്തിലാണെന്ന് ആലിയ ആദ്യമായി തുറന്ന് സമ്മതിച്ചത്. ശേഷം ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും സോഷ്യൽമീഡിയകളിൽ ചിത്രങ്ങൾ പങ്കുവെക്കാനും തുടങ്ങി. ഇരുവരേയും എപ്പോൾ കണ്ടാലും പാപ്പരാസികൾക്ക് ചോദിക്കാനുള്ള ഒരേയൊരു ചോദ്യം എപ്പോഴാണ് വിവാഹം എന്നതാണ്. ഇപ്പോൾ വീണ്ടും ആലിയയോട് മാധ്യമങ്ങൾ ഇതേ ചോദ്യം ചോദിച്ചപ്പോൾ ആലിയ നൽകിയ മറുപടിയാണ് പാപ്പരാസികളെ അമ്പരപ്പിച്ചത്.
വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ വളരെക്കാലം മുമ്പ് തന്നെ താൻ രൺബീറിനെ വിവാഹം ചെയ്തുവെന്ന തോന്നലാണ് ഉള്ളത് എന്നാണ് ആലിയ ഭട്ട് മറുപടിയായി പറഞ്ഞത്. കൊവിഡ് അല്ലായിരുന്നെങ്കിൽ ഇതിനോടകം ആലിയയെ വിവാഹം ചെയ്തിട്ടുണ്ടാവുമായിരുന്നു എന്ന് 2020ൽ രൺബീർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അധികം വൈകാതെ ആലിയയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും രൺബീർ അന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായങ്ങളിലുള്ള പ്രതികരണമാണ് എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞത്. ‘രൺബീർ പറഞ്ഞത് ശരിയാണ്. എന്റെ മനസിൽ ഞാൻ രൺബീറിനെ വിവാഹം കഴിച്ചു. വാസ്തവത്തിൽ ഞാൻ രൺബീറിനെ വിവാഹം കഴിച്ചിട്ട് വളരെക്കാലമായത് പോലെയാണ്. എല്ലാത്തിനും ഒരു കാരണമുണ്ട്. ഞങ്ങൾ വിവാഹം കഴിക്കുമ്പോൾ അതെല്ലാം ഏറ്റവും മനോഹരമായ രീതിയിൽ തന്നെ നടക്കും’ ആലിയ പറഞ്ഞു.
2018ലാണ് ആലിയയും രൺബീറും പ്രണയത്തിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. ചിത്രം ഈ വർഷാവസാനം സ്‌ക്രീനുകളിൽ എത്തും. ഇരുവരും ഈ വർഷം വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും ഇരുവരുടേയും ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ രത്തംബോറിൽ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്. ആലിയയ്ക്ക് മുമ്പ് ദീപിക പദുകോണുമായും കത്രീന കൈഫുമായും രൺബീർ പ്രണയത്തിലായിരുന്നു. ദീപികയുമായി പ്രണയത്തിലായിരിക്കുമ്പോൾ തന്നെ കത്രീനയുമായി രൺബീർ ഡേറ്റിങിലാണെന്ന് ദീപിക തിരിച്ചറിഞ്ഞതോടെ ദീപിക രൺബീറിനെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുറച്ച് നാൾ കൂടി കത്രീനയെ പ്രണയിച്ചുവെങ്കിലും അതും വിജയത്തിലെത്തിയില്ല. 2012ൽ കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയ ബോളിവുഡിലേക്ക് എത്തിയത്. അതിനുശേഷം റാസി, കപൂർ ആൻഡ് സൺസ്, ഗല്ലി ബോയ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.
ഇനി വരാനിരിക്കുന്ന ആലിയ ഭട്ട് സിനിമ ഗംഗുഭായ് കത്തിയാവാഡിയാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സിനിമയുടെ റിലീസിന് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകരും കാത്തിരിക്കുന്നത്. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം 25ന് തിയേറ്ററുകളിൽ എത്തും. പദ്‍മാവതിന് ശേഷം എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രമാണ് ഗംഗുഭായി കത്തിയവാഡി. ഹുസൈൻ സെയ്‍ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രം. ആലിയയ്ക്ക് പുറമെ അജയ് ദേവ്ഗൺ അടക്കം നിരവധി താരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്.