കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ വലിയ രീതിയിലുള്ള സംഭവവികാസങ്ങളാണ് കഴിഞ്ഞ ഒരു മാസത്തോളമായി കണ്ടുവരുന്നത്. വിചാരണ അവസാനിക്കാൻ ഇരിക്കെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപെപ്ടുത്തലോടെയാണ് കേസിന്റെ ഗതി മാറിമറിഞ്ഞത്. അതിന് പിന്നാലെ കോടതിയിൽ പുതിയ തെളിവുകൾ സമർപ്പിക്കപ്പെടുന്നു, പുതിയ അന്വേഷണം പ്രഖ്യാപിക്കുന്നു, സാക്ഷികൾ പുതുതായി കടന്നു വരുന്നു – അങ്ങനെ ഓരോ മുന്നേറ്റങ്ങൾ നാം കണ്ടുകഴിഞ്ഞു.
എന്നാൽ കേസ് അനന്തമായി നീണ്ടുപോകുന്നത് നീതി നിഷേധത്തിന് തുല്യമാണ് എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ കേസിൽ ഒത്തുതീർപ്പുകൾ ഏൽപ്പിക്കണമെന്നും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആണ് വലിയ ഒരു വിഭാഗം മലയാളികളും ആവശ്യപ്പെടുന്നത്.
ഇപ്പോൾ നടിയുടെ സഹോദരൻ രാജേഷ് ബി മേനോൻ എഴുതുന്ന കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിൻസി അനിൽ ആണ് ഈ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത് നിൽക്കുന്ന വ്യക്തികളിലൊരാളാണ് സിൻസി. നിരവധി ആളുകളാണ് ഈ പോസ്റ്റിനു താഴെ ഐക്യദാർഢ്യവുമായി രംഗത്തുവരുന്നത്.
കേട്ടുകേൾവിപോലുമില്ലാത്ത സംഭവങ്ങളാണ് കോടതി വ്യവഹാരങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നും ഇതുവരെ ആജ്ഞാപിച്ചിരുന്ന കോടതി ഈ കേസിൽ മാത്രം അയഞ്ഞു കൊടുക്കുന്ന സമീപനമാണ് കാണുന്നത് എന്നുമാണ് സഹോദരൻ ആരോപിക്കുന്നത്. ഒരു സാധാരണ പൗരനു ഇതുവരെ ലഭിച്ചിട്ടില്ലാത്ത, ഇനിയൊരിക്കലും ലഭിക്കാൻ സാധ്യതയുമില്ലാത്ത ഈ സ്വാതന്ത്ര്യം തുടർന്നുവരുന്ന കേസുകൾക്ക് ഒരു റഫറൻസ് ആയി മാറുകയും ഇത് ഒരു കീഴ്വഴക്കം ആയി മാറുകയും ചെയ്യും എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. “സത്യമേവ ജയതേ” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആണ് അദ്ദേഹം ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്
സത്യമേവ ജയതേ… ഈ വാചകത്തിൽ അല്പമെങ്കിലും വിശ്വാസം അവശേഷിക്കുന്നതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്….
അപസർപ്പക സൃഷ്ടികളിലും മൂന്നാംകിട തട്ടുപൊളിപ്പൻ സിനിമകളിലും മാത്രം കണ്ടുവരുന്ന പ്രതി കൈയാളുന്ന ഇരയുടെ നീതിനിഷേധം ഇപ്പോൾ പ്രബുദ്ധ കേരളത്തിലും കണ്ടു വരികയാണ്…. കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങളാണ് കോടതി വ്യവഹാരങ്ങളിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്….
ഇതുവരെ ആജ്ഞാപിച്ചിരുന്ന കോടതി ദിലീപിന്റെ കാര്യത്തിൽ മാത്രം അയഞ്ഞു കൊടുക്കുന്ന സമീപനമാണ് കാണുന്നത്….
പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിന് കോടതി അനുവദിക്കുന്ന സ്വാതന്ത്ര്യം മറ്റേതൊരു പൗരനും അനുവദിക്കുന്നതാണോ? എന്ന ചോദ്യം എല്ലാവരിലും ഉയരുന്നുണ്ട്…
ഒരു സാധാരണ പൗരന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത , ഇനി ഒരുപക്ഷെ ഒരിക്കലും ലഭിക്കാത്ത ഈ സ്വാതന്ത്ര്യം തുടർന്ന് വരുന്ന കേസുകൾക്ക് ഒരു റഫറൻസ് കേസ് ആയി മാറുകയും ഇതൊരു കീഴ് വഴക്കമായി തീരുകയും ചെയ്യുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം….
കാലങ്ങൾ കൊണ്ട് പടുത്തുയർത്തിയ വിശ്വാസം നഷ്ടപ്പെടുത്താൻ നിമിഷങ്ങൾ മാത്രമേ വേണ്ടൂ…
ജനമനസ്സുകളിൽ പ്രൗഢമായ കോടതി വ്യവഹാരങ്ങളുടെ നീതിന്യായവ്യവസ്ഥയുടെ വീണ്ടുമൊരു പുന:സ്ഥാപനം എന്നത് അബേദ്കറുടെ പ്രയത്നത്തേക്കാൾ എത്രയോ ശ്രമകരമാണ്…
അവശേഷിക്കുന്ന പ്രതീക്ഷയോടെ..
സത്യമേവ ജയതേ…