ഒരു സിനിമ പ്രേമിയെന്ന നിലയിൽ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല’; ‘ചുരുളി’ വിലയിരുത്തുക കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകി; എഡിജിപി പത്മകുമാർ!

മലയാള സിനിമയിൽ വിവാദമായിക്കൊണ്ടിരിക്കുകയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.

കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകിയാകും ‘ചുരുളി’ കണ്ട് റിപ്പോർട്ട് സമർപ്പിക്കുകയെന്ന് എഡിജിപി പത്മകുമാർ. ഇന്ന് ചേർന്ന സമിതിയുടെ ആദ്യ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പോർട്ടിൽ കോടതിയായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും എഡിജിപി വാർത്താ മാധ്യമത്തോട് പ്രതികരിച്ചു.

‘സിനിമയിൽ നിയപരമല്ലാത്ത ഭാഷാ പ്രയോഗങ്ങൾ ഉണ്ടോയെന്നാണ് പരിശോധിക്കുക. കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം മുൻനിർത്തിയാകും സിനിമ കണ്ട് റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ടിൽ ഹൈക്കോടതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഒരു സിനിമ പ്രേമിയെന്ന നിലയിൽ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല’ എന്നാണ് എഡിജിപി പത്മകുമാർ പറഞ്ഞത് .

സിനിമക്കെതിരെയുള്ള ഹർജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി സമിതിയെ രൂപികരിക്കുകയായിരുന്നു. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും അംഗങ്ങളാണ്. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകും.

ഇതേസമയം, ചുരുളി സിനിമയിൽ നിയമ ലംഘനം നടന്നിട്ടില്ല എന്നാണ് ഹർജിയിൽ ഹൈക്കോടതി നേരത്തെ വിലയിരുത്തിയത്. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ആണെന്നും അതിൽ കോടതിയ്ക്ക് കൈകടത്താൻ സാധിക്കില്ലെന്നും അറിയിക്കുകയുണ്ടായി . ചുരുളി ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായത്.

സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ എങ്ങനെയാണ് കോടതി ആവശ്യപ്പെടുക ആ ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയാണ് സംസാരിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ പ്രഥമ ദൃഷ്ട്യാ ക്രിമിനൽ കുറ്റം നന്നതായി തോന്നുന്നില്ലന്നും കോടതി വ്യക്തമാക്കി.

about churuli

Safana Safu :