അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത് എത്തിയിരുന്നു. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നുവെന്നും, കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നന്ദി പറഞ്ഞാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ എത്തിയത്.
ഇതിന് പിന്നാലെ ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് മലയാള സിനിമാലോകം. മലയാള സിനിമയിലെ യുവ താരങ്ങളാണ് പിന്തുണയ്ക്കുന്നത് എന്നത് ശ്രദ്ധേയം. ‘റീ പോസ്റ്റ്’ എന്ന ഹാഷ് ടാഗോടെയാണ് നടിയുടെ പോസ്റ്റ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴും ഉറച്ച മനസ്സോടെ നില്‍ക്കുന്ന നടിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത് എത്തിയത്. ഭാര്യ സുപ്രിയ മേനോനും ധൈര്യത്തെ പ്രശംസിച്ചു.
ടൊവിനോ തോമസ്, ആര്യ ബാബു (ബഡായി ബംഗ്ലാവ് ഫെയിം), അന്ന ബെന്‍, സ്‌നേഹ ശ്രീകുമാര്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, പൂര്‍ണിമ ഇന്ദ്രജിത്ത്, തുടങ്ങി ഭൂരിഭാഗം യുവ താരങ്ങളും മിനിട്ടുകള്‍ക്കകം ‘റീ പോസ്റ്റ്’ ചെയ്ത് നടിയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. തുടക്കം മുതല്‍ നടിയ്ക്ക് സകല പിന്തുണകളും അറിയിക്കുന്ന ഒരു യുവ തലമുറ മലയാള സിനിമയില്‍ ഉണ്ട് എന്നതാണ് ഇപ്പോള്‍ വളരെ പോസിറ്റീവ് ആയ കാര്യം.
എന്നാൽ മുതിർന്ന താരങ്ങൾ ഇപ്പോഴും മൗനം തന്നെയാണ്. ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്
കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.
ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.