കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; 3 സംഘമായി തിരിഞ്ഞ് അന്വേഷണം നടത്താൻ തീരുമാനം..ബുധനാഴ്ച അതിനിർണ്ണായകം..എഡിജിപി എസ് ശ്രീജിത്ത് പറയുന്നത്!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നിർണ്ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ 3 സംഘമായി തിരിഞ്ഞ് അന്വേഷണം നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. ഈ മാസം 20 നു മുൻപ് തുടരന്വേഷണം പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണു വിചാരണക്കോടതി ജഡ്ജി നൽകിയിരിക്കുന്ന ഉത്തരവ്.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണവും ജയിലിനുള്ളിൽ തന്റെ ജീവൻ സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി പൾസർ സുനി അമ്മയ്ക്കു കൈമാറിയ കത്തും ഒരു ടീം അന്വേഷിക്കും. ദിലീപിനു പൾസർ സുനിയുമായി മുൻപരിചയവും അടുത്ത ബന്ധവുമുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കുക രണ്ടാമത്തെ ടീമാണ്. സാക്ഷികളെ പ്രതികൾ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലാവും മൂന്നാമത്തെ ടീം അന്വേഷിക്കുക.

ക്രൈംബ്രാഞ്ച് എഡിജിപി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നിയമവിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ക്രൈംബ്രാഞ്ച് ഐജി: എസ്.ഫിലിപ്, എസ്പിമാരായ കെ.എസ്.സുദർശൻ, എം.ജെ. സോജൻ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: ബൈജു കെ.പൗലോസ് എന്നിവർ പങ്കെടുത്തു.

കേസിൽ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. പുതിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽപ്പെടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതി നിർദ്ദേശം അനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. അന്വേഷണം സത്യസന്ധമായി നടക്കുമെന്നും എഡിജിപി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളെ കണ്ടത്. എന്നാൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ നീക്കങ്ങളുണ്ടാവുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല. മാധ്യമങ്ങളെ അതത് സമയത്ത് കാര്യങ്ങൾ അറിയിക്കുമെന്ന് അദ്ദേഹം വ്യക്താമക്കി. പൊലീസ് ക്ലബിൽ നടന്ന യോഗത്തിൽ പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ നടൻ ദിലീപിനെ ചോദ്യംചെയ്യുന്ന കാര്യത്തിൽ അന്വേഷണ സംഘം ഏകാഭിപ്രായത്തിലാണ്.

അതേ സമയം ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആണ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തുക. ബാലചന്ദ്രകുമാറിന് കോടതി സമൻസ് അയച്ചു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്.

കേസിൽ നിർണായകമായേക്കുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.എന്നാൽ ഈ ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു.

ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളുമുണ്ട്. അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു. സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ.അനിൽകുമാറിനെ അനുനയിപ്പിച്ചു തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയുമായി സംസാരിക്കാൻ ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

Noora T Noora T :