സീരിയലുകൾ ഒരു ബിസിനസാണ്; നായിക നൈറ്റിയിട്ട് വന്നാൽ അംഗീകരിക്കുമോ? പരിഹസിക്കുന്നവർ ഉത്തരം പറയണം; രാക്കുയിൽ താരം അപ്സര പറയുന്നു!

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സീരയലുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സീരിയലാണ് രാക്കുയിൽ. സീരിയലിന്റ തിരക്കഥയെഴുതി അതിൽ തന്നെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് അപൂർവം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാ​ഗ്യമാണ്. അത്തരത്തിൽ ഒരു ഭാ​ഗ്യം ലഭിച്ച സീരിയൽ താരമാണ് അപ്സര എന്ന പേരിൽ അറിയപ്പെടുന്ന ലിഡിയ പോൾ‌. രാക്കുയിലിൽ മാനസി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്.

തമിഴിലൂടെയാണ് അപ്സര സീരിയൽ രം​ഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സീരിയലിലെ കഥാപാത്രത്തിന്റെ പേര് സ്റ്റേജ് നെയിം ആയി സ്വീകരിച്ചു ലിഡിയ പോൾ‌. അങ്ങനെയാണ് ലിഡിയ പോൾ ആരാധകരുടെ അപ്സരയായി മാറിയത്. നടിയും എഴുത്തുകാരിയും ആയി സീരിയൽ രം​ഗത്ത് പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ചും മലയാളികൾക്കിടയിൽ പ്രശസ്തയാക്കിയ മാനസി എന്ന കഥാപാത്രത്തെ കുറിച്ചും സീരിയലുകൾ നേരിടുന്ന വിമർശനങ്ങളെ കുറിച്ചും തനിക്കുള്ള എതിർപ്പ് പ്രകടമാക്കുകയാണ് അപ്സര ഇപ്പോൾ .

ഒരു അഭിനേത്രിയാകാൻ ഞാൻ‌ ആ​ഗ്രഹിച്ചിരുന്നില്ല. താൽപര്യമില്ലാത്ത മേഖലയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോലും പോസ്റ്റ് ചെയ്യാൻ മടി കാണിച്ചിരുന്ന ഞാൻ‌ ഇന്ന് സീരിയൽ നടിയാണ്. അഴകി, ബൊമ്മലാട്ടം, ഇളവരശി തുടങ്ങിയവയാണ് തുടക്കത്തിൽ ചെയ്തിരുന്ന സീരിയലുകൾ. എല്ലാ സീരിയലുകളിലും നായികയായിരുന്നു. ഈ സീരിയലുകളാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. അഴകി ഹിറ്റായപ്പോഴാണ് സീരിയലിലെ കഥാപാത്രത്തിന്റെ പേര് ഈ രം​ഗത്തേക്കുള്ള പേരായി തെര‍ഞ്ഞെടുക്കാൻ തീരുമാനിച്ചത്. ബൊമ്മലാട്ടം സീരിയൽ ചെയ്തതോടെയാണ് നടിയാകണം കൂടുതൽ വേഷങ്ങൾ ചെയ്യണം എന്ന ആ​ഗ്രഹം വന്നത്’ അപ്സര പറയുന്നു.

എഴുത്തുകാരിയാകുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും സീരിയൽ സ്ക്രിപ്റ്റ് എഴുത്ത് ഒരു ഭാ​ഗ്യ പരീക്ഷണമായിരുന്നുവെന്നും അത് ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും അപ്സര പറയുന്നു. തമിഴിൽ അറിയപ്പെടുന്ന സീരിയൽ താരമാണെങ്കിലും സ്വന്തം മാതൃഭാഷയായ മലയാളത്തിൽ സീരിയലുകൾ ചെയ്യണ‌മെന്നത് അപ്സരയുടെ ആ​ഗ്രഹമായിരുന്നു. അപ്സരയുടെ സ്വദേശം തൃശൂരാണ്. അങ്ങനെയിരിക്കെയാണ് രാക്കുയിലിലെ മാനസി എന്ന കഥാപാത്രം ചെയ്യാ‌ൻ അപ്സരയ്ക്ക് അവസരം ലഭിച്ചത്. ‘മലയാളത്തിൽ പ്രവർത്തിക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. ബോൾഡായിട്ടുള്ളതോ നെ​ഗറ്റീവ് ഷേഡുള്ളതോ ആയ കഥാപാത്രങ്ങൾ ചെയ്യാനാണ് ആ​ഗ്രഹം. കരച്ചിൽ‌ നായികയാകാൻ ഒട്ടും താൽപര്യമില്ല. സർവം സഹയായ സ്ത്രീയായി ജനങ്ങൾക്ക് മുന്നിലെത്താൻ ആ​ഗ്രഹമില്ല. മാനസി പക്ഷെ അങ്ങനെയല്ല. ഒരു സ്ത്രീയിലുണ്ടാകുന്ന എല്ലാ സ്വഭാവങ്ങളും അവളിൽ കാണാം’ എന്നും താരം പറയുന്നു .

കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെവലിവിഷൻ പുരസ്കാര പ്രഖ്യാപനത്തിനിടെ സീരിയലുകളൊന്നും നിലവാരമുള്ളവയല്ലെന്ന അധികൃതരുടെ പ്രസ്താവനയിൽ തനിക്കുള്ള എതിർപ്പും അപ്സര പ്രകടിപ്പിച്ചു. ‘അന്ന് അധികാരികൾ സീരിയലിനെ കുറിച്ച് പറഞ്ഞ പ്രസ്താവനയോട് യോജിക്കാനാവില്ല. ഒന്നോ രണ്ടോ സീരിയലുകൾ വിവാഹേതര ബന്ധങ്ങളെ അല്ലെങ്കിൽ പുരുഷ മേധാവിത്വത്തെ അല്ലെങ്കിൽ അതുപോലുള്ള വിഷയങ്ങൾ എടുത്ത് അവതരിപ്പിക്കുന്നുണ്ട്. അതിനർത്ഥം മലയാളത്തിൽ യോഗ്യമായ സീരിയലുകൾ ഇല്ലെന്നല്ല. എന്റെ സീരിയലിൽ ഞാൻ അവതരിപ്പിച്ചിരിക്കുന്നത് ഒരു സ്ത്രീ എന്താണ് അനുഭവിക്കുന്നതെന്നാണ്. അവളുടെ ആർത്തവചക്രം എല്ലാ മാസവും എന്തൊക്കെതരത്തിൽ അവളെ ബാധിക്കുന്നുണ്ട്. ഒരു പുരുഷൻ വീട്ടുജോലികൾ ഏറ്റെടുക്കുന്ന രംഗം ഉൾപ്പെടുത്തിയത് വിപ്ലവം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഞങ്ങൾ അത് സാധാരണമാക്കുകയായിരുന്നു. കൂടാതെ കുട്ടികളെ ബോധവൽക്കരിക്കുന്ന വിഷയങ്ങൾ‌ അടക്കം ഞങ്ങൾ സീരിയലുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. അതേപോലെ തന്നെ സീരിയലുകൾ ഒരു ബിസിനസാണ്. ടിആർപി നോക്കുക അതിനുതകുന്ന തരത്തിൽ ചെയ്യുക എന്നത് അത്യാവശ്യമാണ്. സീരിയലിൽ ഓവർ മേക്കപ്പാണെന്ന് പരിഹസിക്കുന്നവർ പോലും നായിക മേക്കപ്പില്ലാതെ നൈറ്റ് ധരിച്ച് എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടാൽ നെറ്റി ചുളിക്കും’എന്നാണ് അപ്സര പറഞ്ഞ അവസാനിപ്പിച്ചത് .

about apsara

AJILI ANNAJOHN :