മലയാളികളുടെ പ്രിയ നടനാണ് ബാബു ആന്റണി. കരിയറിന്‍റെ തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്. നായകവേഷങ്ങളിലേക്ക് എത്തിയപ്പോഴും ബാബു ആന്‍റണിക്ക് ഏറെ കൈയടികള്‍ നേടിക്കൊടുത്തത് ആക്ഷന്‍ ചിത്രങ്ങള്‍ ആയിരുന്നു.
ഇപ്പോഴിതാ അഭിനയിച്ച ആക്ഷന്‍ രംഗങ്ങളില്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു നിമിഷത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ‘കാര്‍ണിവല്‍’ എന്ന ചിത്രത്തിലെ മരണക്കിണര്‍ രംഗത്തെക്കുറിച്ചാണ് നടൻ പറയുന്നത്. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷമാണിതെന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്
ബാബു ആന്റണിയുടെ കുറിപ്പ്:
എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം. കാര്‍ണിവല്‍ എന്ന ചിത്രത്തിനു വേണ്ടി മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിനു മുമ്പ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാന്‍ കഴിഞ്ഞാല്‍ നല്ലതെന്നു മാത്രം വിചാരിച്ചു.
ക്യാമറാമാന്‍ വില്യംസ് തയാറായെങ്കിലും ക്യാമറ താഴെ വെക്കാന്‍ യൂണിറ്റ് സമ്മതിക്കാഞ്ഞതിനാല്‍, ലോ ആംഗിള്‍ ഷോട്ട് എടുക്കാന്‍ പറ്റിയില്ല. ഇന്നത്തെ പോലെ ഡ്രോണും പലതരം ക്യാമറകളും അന്നില്ലല്ലോ. കാണികളെ ഉള്‍പ്പെടുത്തി ഒരു ലോ ആംഗിള്‍ വളരെ ആഗ്രഹിച്ചതാണ്. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതില്‍ സന്തോഷം.
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ”അതുകൊണ്ട് അല്ലേ മനുഷ്യാ നിങ്ങളെ ഞാന്‍ ‘പവര്‍സ്റ്റാര്‍’ എന്ന് വിളിച്ചത്” എന്നാണ് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ കമന്റ്. ‘ഒരു ഹെല്‍മെറ്റ് പോലും വെക്കാതെ ഉള്ള മാസ്സ്’, ‘താങ്കളുടെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.