എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു നില്‍ക്കുന്ന സമയമായിരുന്നു അത്… ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതില്‍ അമ്മയ്ക്ക് നല്ല വേദന ഉണ്ടായിരുന്നു.. അത് പറഞ്ഞ് മൂന്നാം ദിവസമാണ് അമ്മ മരണപ്പെട്ടത്; മനോജ് കെ ജയന്‍

കരിയറിന്റെ നിറുകയിൽ നിൽക്കുമ്പോഴായിരുന്നു താര ജോഡികളായിരുന്ന ഉർവശിയും മനോജ് കെ ജയനും വിവാഹിതരായത്. വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങൾ കൊണ്ട് ഏറെ പഴി കേട്ടതും, വിവാഹ മോചനത്തിന് ശേഷം നവമാധ്യമങ്ങളുടെ പോസ്റ്റുമോർട്ടങ്ങൾക്ക് വിധേയമായതും നടി ഉർവശിയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ വേർപിരിഞ്ഞ് പുനർവിവാഹം കഴിച്ച് രണ്ട് കുടുംബങ്ങളായി കഴിയുകയാണ് .

അഭിനയത്തിന് പുറമെ സംഗീതത്തിലും മനോജ് കെ ജയന്‍ കഴിവ് തെളിയിച്ചതാണ്. അച്ഛനില്‍ നിന്നും പാരമ്പര്യമായി കിട്ടിയ സംഗീതത്തിനപ്പുറം ശസ്ത്രീയമായി പാട്ട് പഠിച്ചിട്ടില്ല എന്ന് മനോജ് കെ ജയന്‍ പറയുന്നു. വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം അമ്മയാണ്. അച്ഛന്‍ വല്ലപ്പോഴും മാത്രം വരുന്ന അതിഥിയായിരുന്നു എന്നാണ് മനോജ് കെ ജയന്‍ പറഞ്ഞത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ നടന്‍ പങ്കുവെക്കുകയാണ്.

നടന്റെ വാക്കുകളിലേക്ക്

അച്ഛനും കൊച്ചച്ചനും നാലും അഞ്ചും മാസം കൂടുമ്പോള്‍ ഒരിക്കലാണ് വീട്ടില്‍ വരുന്നത്. അന്നൊക്കെ അവര്‍ ഗള്‍ഫില്‍ നിന്ന് വരുന്നത് പോലെയായിരുന്നു. അച്ഛനില്‍ നിന്ന് സംഗീതമോ മറ്റോ ഒന്നും ഞാന്‍ പഠിച്ചിട്ടില്ല. കുട്ടിക്കാലത്ത് അച്ഛനൊപ്പം ചെലവഴിച്ച സമയങ്ങളും കുറവാണ്.

എന്നെയും ചേട്ടനെയും വളര്‍ത്തിയത് അമ്മയാണ്. ഞങ്ങള്‍ രണ്ട് പേരും നല്ല കുരുത്തക്കേട് ആയിരുന്നു. എന്തെങ്കിലും വികൃതി കാണിച്ചാല്‍ അമ്മ നന്നായി തല്ലും. അമ്മ ടീച്ചറായിരുന്നു. അതുകൊണ്ട് പഠിക്കണം എന്ന് എപ്പോഴും പറയും. പക്ഷെ പഠനത്തിന്റെ കാര്യത്തില്‍ ഞാന്‍ എപ്പോഴും പിന്നോട്ടായിരുന്നു. മറ്റ് കലാപരമായ കഴിവുണ്ടായിരുന്നുവെങ്കിലും പഠിക്കാന്‍ മാത്രം പിന്നോട്ടാണ്.

കോണ്‍വെന്റിലാണ് ഞാന്‍ പഠിച്ചത്. ഒരു വര്‍ഷത്തെ ഓണപ്പരീക്ഷയില്‍ ഞാന്‍ നല്ല കാര്യമായി തന്നെ പൊട്ടി. ഒന്നോ രണ്ടോ വിഷയത്തില്‍ മാത്രം ജയിച്ചു എന്ന് പറയാം. അതും മാര്‍ക്ക് വളരെ കുറവാണ്. അമ്മയെ കൊണ്ട് പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പു വച്ചു കൊണ്ടുവരാന്‍ പറഞ്ഞു. എനിക്കാണെങ്കില്‍ പേടി. ഇതെങ്ങനെ അമ്മയെ കാണിക്കും. അവസാനം ഞാന്‍ തന്നെ അമ്മയുടെ ഒപ്പ് നോക്കി പഠിച്ച്, ഒപ്പിട്ട് കൊണ്ടുപോയി കൊടുത്തു. എന്റെ പരുങ്ങല്‍ കണ്ടപ്പോള്‍ ഹെഡ്മിസിസ് അത് കയ്യോടെ പിടിയ്ക്കുകയും ചെയ്തു. അമ്മയെ കൂട്ടി വരാന്‍ പറഞ്ഞു. അന്ന് അമ്മ നോക്കി നില്‍ക്കെ അസംബ്ലിയില്‍ വച്ച് എനിക്ക് പണിഷ്‌മെന്റ് തന്നു. ടീച്ചര്‍ കൂടെയായ അമ്മയ്ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അന്ന് അമ്മ കണ്ണീരോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. പിന്നീട് സ്‌കൂളിലെ പരിപാടിയ്ക്ക് എനിക്ക് പാട്ടിന് സമ്മാനം കിട്ടിയപ്പോള്‍ അമ്മ സന്തോഷത്തോടെയും ആ വേദിയില്‍ നിന്ന് ഇറങ്ങിയിട്ടുണ്ട്.

എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു നില്‍ക്കുന്ന സമയമായിരുന്നു അത്. ഏട്ടന്‍ വിവാഹമൊക്കെ കഴിഞ്ഞ് സെറ്റില്‍ഡ് ആണ്. ഞാന്‍ മാത്രം ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതില്‍ അമ്മയ്ക്ക് നല്ല വേദന ഉണ്ടായിരുന്നു. ഒരു പെണ്‍കുഞ്ഞിനെ പോറ്റി നീ എങ്ങിനെ വളര്‍ത്തും. അതൊരു വലിയ ഉത്തരവാദിത്വമാണ് എന്നൊക്കെയായിരുന്നു അമ്മയുടെ ആവലാതി. മോനെ നിന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ.. നീ ഒരു വിവാഹം കഴിക്കണം എന്നൊക്കെ അമ്മ പറയും. അത് പറഞ്ഞ് മൂന്നാം ദിവസമാണ് അമ്മ മരണപ്പെട്ടത്. ഞാന്‍ എപ്പോഴും ഭാര്യ ആശയോട് അക്കാര്യം പറയും. നമ്മുടെ നല്ല ജീവിതം കാണാന്‍ അമ്മ ഇല്ലാതെയായി പോയല്ലോ എന്ന് ആശ ഇടയ്ക്ക് പറയാറുണ്ട്.

2000 ല്‍ ആണ് മനോജ് കെ ജയനും ഉര്‍വശിയും പ്രണയിച്ച് വിവാഹം ചെയ്യുന്നത്. 2001 ല്‍ ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. വിവാഹ ശേഷം ഉര്‍വശി സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ 2008 ആവുമ്പോഴേക്കും ആ ദാമ്പത്യം തകര്‍ന്നു, ഇരുവരും വേര്‍പിരിഞ്ഞു. 2011 ല്‍ ആണ് ആശയുമായുള്ള മനോജ് കെ ജയന്റെ വിവാഹം നടന്നത്. ആ ബന്ധത്തില്‍ ഒരു മകനും ഉണ്ട്.

Noora T Noora T :