എനിക്ക് ഗുരുവും പിതൃതുല്യനുമായിരുന്നു അദ്ദേഹം.. എന്റെ ഗുരുവിന്റെ അനുഗ്രഹം എന്റെ കുട്ടികൾക്കും കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു; കെഎസ് സേതുമാധവന്റെ ഓർമ്മയിൽ മേനക

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ കെഎസ് സേതുമാധവൻ വിടവാങ്ങിയത്. പ്രിയപ്പെട്ട സംവിധായകന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ ലോകം രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിത തന്റെ ഗുരുനാഥന്റെ ഓർമ പങ്കുവെച്ച് മേനക സുരേഷ്. ഒരു പ്രമുഖ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഗുരുവിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുന്നത്. കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. തനിക്ക് മലയാളത്തിൽ നടി എന്ന മേൽവിലാസം നേടി തന്നതും സേതുമാധവൻ ആണെന്നാണ് താരം പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് മേനകയ്ക്കുള്ളത്.

നടിയുടെ വാക്കുകൾ ഇങ്ങനെ…

‘കോലങ്ങൾ’ ആണ് എന്റെ ആദ്യത്തെ മലയാള സിനിമയെങ്കിലും ആദ്യം റിലീസ് ചെയ്തതും എനിക്ക് മലയാളത്തിൽ നടി എന്ന പേരു തന്നതും സേതുമാധവൻ സാറിന്റെ ‘ഓപ്പോൾ’ എന്ന സിനിമയായിരുന്നു. ആ സിനിമയോടെ ഞാൻ മലയാളത്തിന്റെ ‘ഓപ്പോൾ’ ആയി മാറി. ‘ഓപ്പോളിൽ’ അഭിനയിക്കാൻ വരുമ്പോൾ അദ്ദേഹത്തിന്റെ മഹത്വം എനിക്കറിയില്ലായിരുന്നു. പതിനഞ്ചാം വയസ്സിലാണ് ഞാൻ ഓപ്പോളിൽ അഭിനയിക്കുന്നത്. കഥയൊക്കെ പറഞ്ഞത് അമ്മയോടായിരുന്നു. സിനിമയിൽ അപ്പു എന്ന കഥാപാത്രം എന്റെ മകനാണ് എന്നൊന്നും എനിക്കറിയില്ല. അവനുമായി കളിയാണ് ഞാൻ.

സേതു സാർ എനിക്ക് ഓരോ സീനും ക്ഷമയോടെ പറഞ്ഞു തന്ന് അഭിനയിപ്പിക്കുമായിരുന്നു. കുട്ടിക്കളി മാറിയിട്ടില്ലാത്ത ഞാൻ അദ്ദേഹത്തെ അങ്കിൾ എന്നാണു വിളിച്ചിരുന്നത്. ഞാൻ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും അദ്ദേഹം പറയുന്നത് ‘‘നീ പോയി അഞ്ചാമത്തെ സീൻ പഠിച്ചുകൊണ്ടുവരൂ” എന്ന്. സ്ക്രിപ്റ്റ് തമിഴിൽ എഴുതിത്തരും. ഞാൻ ഓടിപ്പോയി പഠിച്ചിട്ട് വന്ന് അഭിനയിച്ചിട്ട് വീണ്ടും ഓടിപ്പോയി കളിക്കും. സേതു സർ എനിക്ക് അഭിനയം പഠിപ്പിച്ചു തന്നില്ല പകരം എന്തു ചെയ്യണം എന്നു വിവരിച്ചു തരും. അതു ഞാൻ എനിക്ക് തോന്നുന്നതുപോലെ ചെയ്യും. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടെങ്കിൽ എടുക്കും, ഇല്ലെങ്കിൽ വീണ്ടും ചെയ്യിക്കും. പക്ഷേ അധികമൊന്നും മാറ്റിചെയ്യേണ്ടി വന്നിട്ടില്ല.

ഞാൻ അദ്ദേഹത്തോട് എന്നും ഒരു കളിക്കുട്ടിയെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് ഇവിടെ താമസമായി അദ്ദേഹത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കിയപ്പോഴാണ് അങ്കിൾ എന്ന വിളി മാറ്റി ഞാൻ സാർ എന്ന് വിളിച്ചു തുടങ്ങിയത്. ഷോട്ട് റെഡി ആകുമ്പോൾ അദ്ദേഹം വിളിക്കും: മറ്റുള്ളവർ അഭിനയിക്കുന്നത് എങ്ങനെ കണ്ടുപഠിക്കണമെന്ന് അദ്ദേഹമാണ് തനിക്ക് പഠിപ്പിച്ചു തന്നത്. അദ്ദേഹത്തിന്റെ പാഠങ്ങൾ പിന്നീട് ശിവാജി ഗണേശൻ സാറിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് സഹായകമായി. ശിവാജി സർ ചെയ്യുന്നത് കണ്ടു മനസ്സിലാക്കിയാലേ കൂടെ അഭിനയിക്കുന്നവർക്ക് അവരുടെ ഭാഗം ഭംഗിയായി ചെയ്യാൻ കഴിയൂ അല്ലെങ്കിൽ ശിവാജി സാറിന്റെ അഭിനയം മറ്റുള്ളവരെ വിഴുങ്ങിക്കളയും.

സിനിമയിൽ മാത്രമല്ല പുറത്തും എങ്ങനെ പെരുമാറണമെന്ന് എന്നെ അദ്ദേഹം പഠിപ്പിച്ചു തന്നുവെന്നും മേനക പറയുന്നു. എനിക്ക് ഉണ്ടായിരുന്ന ഒരു മോശം മുഖഭാവം ഫോട്ടോ എടുത്ത് എന്നെ കാണിച്ചു തന്നിട്ട് ഇനി ഇങ്ങനെ കാണിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഗുരുവും പിതൃതുല്യനുമായിരുന്നു അദ്ദേഹം. ഇന്നോളം അദ്ദേഹവും കുടുംബവുമായി ഞങ്ങൾ ആ ബന്ധം കാത്തുസൂക്ഷിച്ചു. സംസ്ഥാന അവാർഡിന്റെ ജൂറിയായി അദ്ദേഹത്തോടൊപ്പം ഇരുന്നു സിനിമകൾ ആസ്വദിക്കാൻ കഴിഞ്ഞു. അദ്ദേഹം എങ്ങനെയാണ് സിനിമകളെ വിലയിരുത്തുന്നത് എന്ന് ഞാൻ കണ്ടു മനസ്സിലാക്കി. എന്റെ മകളുടെ വിവാഹത്തിന് വന്നു കുട്ടികളെ ആശീർവദിച്ചു. അന്ന് അദ്ദേഹം എന്റെ രേവതിയെയും കീർത്തിയെയും അനുഗ്രഹിച്ചു. എന്റെ ഗുരുവിന്റെ അനുഗ്രഹം എന്റെ കുട്ടികൾക്കും കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നുവെന്നു മേനക പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബവുമായിട്ടുളളള ബന്ധത്തെ കുറിച്ചും മേനക പറയുന്നു. അദ്ദേഹത്തിന്റെ ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു മേനകയും കുടംബവും കുറച്ച് നാൾ താമസിച്ചിരുന്നത്. വീടുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് നടി പറയുന്നത്. മേനകയുടെ പിതാവിന്റെ അവസാനദിനങ്ങൾ ആ വീട്ടിൽ വെച്ചായിരുന്നുവെന്നും നടി പറയുന്നു. ”ഒരിക്കൽ വാടകവീട് മാറിക്കൊടുക്കേണ്ട അവസ്ഥ വന്നപ്പോൾ അദ്ദേഹം എനിക്കും കുടുംബത്തിനും താമസിക്കാൻ ആ വീട് വിട്ട് തന്നിരുന്നു. ആ വീട്ടിലാണ് എന്റെ അച്ഛൻ അദ്ദേഹത്തിന്റെ അവസാന ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. എന്റെ അച്ഛൻ മരിച്ചപ്പോൾ സേതുസാറാണ്‌ ആദ്യം വണ്ടിയുമായി വന്ന് സഹായിച്ചത്. എന്റെ മകളുടെ വിവാഹം സേതുസാറിനെ വിളിക്കാൻ പോയപ്പോൾ ഞാൻ അച്ഛൻ കിടന്ന മുറി ഒന്ന് കയറിക്കണ്ടോട്ടെ എന്ന് അനുവാദം ചോദിച്ച് കുറച്ചു സമയം അവിടെ ചെലവഴിച്ചു. സേതുസാറിന്റെ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. അദ്ദേഹം ഇനിയില്ല എന്ന് ഓർക്കാൻ പോലും എനിക്ക് കഴിയുന്നില്ലെന്നും അഭിമുഖത്തിൽ പറയുന്നു.. .

Noora T Noora T :