2021 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം… കോവിഡ് വില്ലനായി എത്തിയപ്പോൾ തീയേറ്ററുകളിൽ ഓടിയത് ചുരുക്കം ചില സിനിമകൾ ! വർഷം അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായാതെ ചില കഥാപാത്രങ്ങൾ…ഒലിവർ ട്വിസ്റ്റും മുരളിയും ഖദീജയും, സാറയും അക്കൂട്ടത്തിൽ, ലിസ്റ്റ് തീരുന്നില്ല… പ്രേക്ഷകരെ ഞെട്ടിച്ച ആ കഥാപാത്രങ്ങൾ ഇവയാണ്!

2021 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം… കോവിഡ് വില്ലനായി എത്തിയപ്പോൾ തീയേറ്ററുകളിൽ ഓടിയത് ചുരുക്കം ചില സിനിമകൾ ! വർഷം അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായാതെ ചില കഥാപാത്രങ്ങൾ…ഒലിവർ ട്വിസ്റ്റും മുരളിയും ഖദീജയും, സാറയും അക്കൂട്ടത്തിൽ, ലിസ്റ്റ് തീരുന്നില്ല… പ്രേക്ഷകരെ ഞെട്ടിച്ച ആ കഥാപാത്രങ്ങൾ ഇവയാണ്!

കോവിഡും ലോക്ക് ഡൗണും സിനിമ വ്യവസായത്തെ വെള്ളത്തിലാക്കിയിരുന്നു. മലയാള സിനിമയെ സംബന്ധിച്ച് ഒരുപാട് നല്ല നിമിഷങ്ങളും ചില വിഷമ ഘട്ടങ്ങളും 2021 സമ്മാനിച്ചു. തിയേറ്ററുകൾ തുറക്കാൻ കാലതാമസം എടുത്തതോടെ പല സിനിമകളുടേയും റിലീസിനെപ്പോലും അത് ബാധിച്ചു. അതോടെ ചില കൊച്ചു സിനിമകൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു

2021 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പുതുവർഷത്തെ വരവേൽക്കും മുമ്പ് 2021 സമ്മാനിച്ച നല്ല നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് എല്ലാവരും. കോവിഡ് കാരണം ചുരുക്കം ചില സിനിമകൾ മാത്രമേ തിയേറ്ററിൽ എത്തിയിട്ടുള്ളു…എത്തിയ സിനിമകളിൽ ചില കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. വളരെ അപൂർവ്വമായി മാത്രമേ അത് സംഭവിക്കാറുള്ളൂ…സിനിമ കണ്ട് കഴിഞ്ഞാലും കഥാപാത്രം മനസിൽ നിന്നും മായില്ല. 2021ൽ പ്രേക്ഷകർ അത്തരത്തിൽ സ്വീകരിച്ച ചില കഥാപാത്രങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

വെള്ളം ജയസൂര്യ

ക്യാപ്റ്റന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് വെള്ളം. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. ജയസൂര്യയ്‌ക്കൊപ്പം സംയുക്താ മേനോനും പ്രധാന റോളിൽ ചിത്രത്തിലെത്തിയിരുന്നു. സിദ്ദിഖ്, ഇന്ദ്രൻസ്, നിർമൽ പാലാഴി, ഉണ്ണിരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

കണ്ണൂർ സ്വദേശിയായ മുരളിയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തിൽ മുരളി എന്ന കഥാപാത്രമായി ജയസൂര്യ ജീവിച്ചു രണ്ടര മണിക്കൂർ. മികച്ച നടനുള്ള പുരസ്കാരവും ചിത്രത്തിലെ പ്രകടനത്തിലൂടെ ജയസൂര്യയെ തേടിവന്നു. ജയസൂര്യയുെട പ്രകടനം കൊണ്ടാണ് മുരളി എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് ആഴ്ന്ന് ഇറങ്ങിയതും ചർച്ചയായതും. കുടുംബപ്രേക്ഷകരടക്കം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായാണ് സംവിധായകനായ പ്രജേഷ് സെന്‍ വെള്ളത്തെ ഒരുക്കിയെടുത്തിരിക്കുന്നത്.

ദൃശ്യം

മോളിവുഡ് പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന
മലയാള സിനിമയാണ് ദൃശ്യം2. 2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യം ഭാഗം വൻ വിജമായിരുന്നു. അതിനാൽ തന്നെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മോഹൻലാൽ എന്ന നടന്റെ പെർഫോമൻസ് എന്താണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം. ജോർജ് കുട്ടിയായി സിനിമയിൽ പകർന്നാടുകയായിരുന്നു മോഹൻലാൽ. മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോർജ്ജ്കുട്ടി എന്നതിൽ സംശയമില്ല

ദൃശ്യം എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സിനിമയുടെ രണ്ടാം ഭാഗം അനൗൺസ് ചെയ്തപ്പോൾ തന്നെ പലരും ചോദിച്ചത് എന്തിനാണ് രണ്ടാം ഭാഗം എന്നായിരുന്നു. എല്ലാ പഴുതുകളും അടച്ച് അവസാനിപ്പിച്ച സിനിമയ്ക്ക് എങ്ങനെയാണ് രണ്ടാം ഭാഗം ഉണ്ടാവുക എന്ന് പലർക്കും തോന്നി. എന്നാൽ ഒന്നാം ഭാഗത്തോട് നീതി പുലർത്തി ഒരു ദൃശ്യവിരുന്നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം.

ഫെബ്രുവരി 19 നാണ് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുന്നത്. മേഹൻലാൽ, മീന, സിദ്ദിഖ്, ആശാ ശരത്, ആൻസിബ, എസ്തർ എന്നിവർക്കൊപ്പം ഗണേഷ്, മുരളി ഗോപി, സായ് കുമാർ എന്നിവരും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നിമിഷ സജയൻ

നീസ്ട്രീമിലൂടെ മലയാള സിനിമയിലേക്ക് ഒരു വേറിട്ട കഥയുമായി ജിയോ ബേബി എത്തുകയായിരുന്നു.
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ ഒരു മഹത്തായ ഇന്ത്യൻ അടുക്കള എന്ന സിനിമ പ്രതീക്ഷിച്ചതിലും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും വളരെയധികം നിരൂപണം നേടിയെടുക്കുകയും ചെയ്തു. 2021ന്റെ തുടക്കത്തിൽ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത സിനിമയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.

ചിത്രത്തിൽ നിമിഷ അവതരിപ്പിച്ച ഭാര്യ കഥാപാത്രം ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കുന്നതും കൂടാതെ സമൂഹത്തിലെ കുടുംബിനികളുടെ ജീവിതത്തിലേക്ക് പിടിച്ച കണ്ണാടിയുമായിരുന്നു. ഇക്കാലമത്രയും മലയാള സിനിമ ആഘോഷമാക്കിയ അടുക്കളയിൽ നിന്നിറങ്ങാൻ നേരമില്ലാത്ത ഭാര്യ, നടുവൊടിഞ്ഞാലും ചിരിച്ച മുഖവുമായി എല്ലാവർക്കും വെച്ചു വിളമ്പുന്ന ഉത്തമ കുടുംബിനി, ഭൂമിയോളം ക്ഷമയുള്ള പെണ്ണ്, ആചാരനുഷ്ടാനങ്ങൾക്ക് അനുസരിച് ജീവിക്കുന്ന, യാതൊരു അഭിപ്രായങ്ങളും അറിവും ഇല്ലാതെ ചേട്ടന്റെ ഇഷ്ടപോലെ ഒരു ലൈംഗിക ഉപകരണം ആയിമാറുന്നവൾ തുടങ്ങിയ വാർപ്പ് മാതൃകകളെയാണ് ഈ സിനിമയിലൂടെ സംവിധായകൻ പൊളിച്ചെഴുതിയത്.

എന്റെ അടുക്കളയില്‍ ക്യാമറ വച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണോ ഇതെന്ന് പല സ്ത്രീകള്‍ക്കും തോന്നും വിധമാണ് സിനിമ ദൃശ്യവത്കരിച്ചിരിയ്ക്കുന്നത്. അടുക്കളയെയും അടുക്കളയിലെ സ്ത്രീകളെയും അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെയും അടുത്തറിഞ്ഞാണ് സംവിധായകന്‍ ജിയോ ബേബി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രമൊരുക്കിയത്. സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീ സ്വാതന്ത്രയാണെന്നും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കേണ്ടവളല്ലെന്നും പറഞ്ഞുകൊണ്ട് കേരള സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പിതൃമേധാവിത്ത, ആണനുകൂല മനോഭാവത്തെ തച്ചുടയ്ക്കുകയാണ് സിനിമ ചെയ്യുന്നത്.

കുടുംബം, വിവാഹം തുടങ്ങിയ വിഷയങ്ങളെ വ്യക്തികളുടെ സ്വഭാവദൂഷ്യം എന്നതിനപ്പുറത്തേക്ക് കൊണ്ടുപോയി ഈ വ്യക്തികളെ നിർണയിക്കുന്ന സാമൂഹിക ക്രമങ്ങൾ, അതിനുള്ളിലെ പലതരത്തിലുള്ള അധികാരഘടനകൾ തുടങ്ങിയവ തുറന്ന് കാട്ടാൻ സിനിമയ്ക്ക് കഴിഞ്ഞു.

ഹോം, ഇന്ദ്രൻസ്

ഹോം സിനിമ അത്രമേൽ ഈ വർഷം മലയാളി മനസിൽ കടന്ന് കൂടിയ സിനിമയായിരുന്നു. റോജിൻ തോമസിന്റെ സംവിധാനത്തിൽ തിയേറ്ററിലെത്തിയ ഹോമിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, നസ്ലെൻ എന്നിവരാണ് പ്രധാന താരങ്ങളായി എത്തിയത്.

സ്വന്തം വീട് പോലെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഒപ്പം ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രവും. ഇന്ദ്രൻസ് എന്നാ മഹാപ്രതിഭയുടെ പ്രകടനമാണ് സിനിമയുെട ഹൈലൈറ്റ്. തന്റെ കഥാപാത്രത്തിന്റെ നിരുപാധികമായ സ്നേഹവും നിസഹായതയും നിരപരാധിത്വവും വൈകാരികമായ ഭാവതീവ്രതയോടെ ഒട്ടും അതിഭാവുകത്വമില്ലാതെ ഇന്ദ്രൻസ് പൂർണതയിലെത്തിച്ചിട്ടുണ്ട് ചിത്രത്തിൽ. സ്വാഭാവികാഭിനയത്തിൽ ഇന്ദ്രൻസിന്റെ പ്രതിഭാ സ്പർശം തീർച്ചയായും ഈ ചിത്രത്തിൽ കാണാം.

ജനറേഷന്‍ ഗ്യാപ്പ്, സാങ്കേതികവിദ്യയുടെ പുരോഗതി, ചെറുപ്പക്കാരായ മക്കളും പ്രായമേറുന്ന മാതാപിതാക്കളും തമ്മിലുണ്ടാകുന്ന അകലം, മറ്റുള്ള ആരെ അംഗീകരിച്ചാലും സ്വന്തം മാതാപിതാക്കളോട് മാത്രം തോന്നുന്ന ഒരുതരം ദൂരം ഇവയെല്ലാം നമുക്ക് പരിചിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ ഹോം കാണിച്ചുതരുന്നുണ്ട്. കരച്ചിലും ചിരിയും നൊസ്റ്റാള്‍ജിയയും വീടിനെപ്പറ്റിയുള്ള ഓര്‍മകളും വന്നുനിറയാതെ ഹോം കണ്ടിരിക്കാനാവില്ല. ‘ഐ ആം ഇംപെര്‍ഫെക്ട് ഇന്‍ മൈ ഹോം’ എന്ന ഈ സിനിമയിലെ ഒരു ഡയലോഗ് വീട് എന്ന സ്പേസിനെ കുറിച്ചുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും മെല്ലെ എല്ലാവരെയും ഓര്മപ്പെടുത്തുകയായിരുന്നു. നമ്മുടെ വീടും ചുറ്റുപാടും സ്‌ക്രീനിൽ കണ്ടാൽ എങ്ങനെ ഉണ്ടാവുമോ അതുപോലെയാണ് ഹോം സിനിമ ഒരുക്കിയിരിക്കുന്നത്. നമ്മുടെ ചുറ്റുപാടും നമ്മൾ കണ്ട കാര്യങ്ങൾ അല്ലെങ്കിൽ ഒരിക്കൽ എങ്കിലും നമ്മൾ ചെയ്ത പ്രവർത്തികൾ അതാണ് ഹോം എന്ന സിനിമ അവതരിപ്പിച്ചത്.

കനി കുസൃതി

കനി കുസൃതി അല്ലാതെ മറ്റൊരു അഭിനേത്രി ബിരിയാണിയിലെ ഖദീജ എന്ന വേഷം ഏറ്റെടുക്കാൻ ധൈര്യം കാണിക്കും എന്ന് തോന്നുന്നില്ല. സംവിധായകന്റെ ആശയങ്ങൾക്ക് സിനിമയിലൂടെ ജീവൻ നൽകാൻ തന്നാൽ കഴിയുന്നതെല്ലാം കനി ചെയ്തിരുന്നു. ഇക്കൊല്ലം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയും കഥാപാത്രവും ബിരിയാണിയും ഖദീജയും തന്നെയായിരുന്നു. പുരുഷന്റെ ലൈംഗിക സ്വാർത്ഥത, മതചിഹ്നങ്ങൾ എന്നിവയെല്ലാം സിനിമയുടെ ചേരുവകളായിരുന്നു. അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരവും അതുകൊണ്ട് തന്നെ കനിക്ക് ആയിരുന്നു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കനി കുസൃതി അവാർഡ് മലയാളത്തിലെ ആദ്യ നായിക പി.കെ റോസിക്കാണ് സമർപ്പിച്ചത്.

സാറാസ്‌, അന്ന ബെൻ

അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂഡ് സംവിധാനം ചെയ്ത സാറാസ്, മാതൃത്വം ഒരു ആവശ്യഘടകമായി തോന്നാത്ത സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ നീങ്ങുന്ന സിനിമയാണ്. ഇതേക്കുറിച്ച് മറ്റുള്ളവർ എങ്ങനെ ചിന്തിക്കുന്നു എന്ന് പരിഗണിക്കാതെ, മാതാവ് ആകേണ്ടതിനാൽ തങ്ങളുടെ സ്വപ്നങ്ങളെ ത്യജിക്കാൻ ആഗ്രഹിക്കാത്തവരെക്കുറിച്ചുള്ള കഥയാണിത്.

ഒരുപാട് ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സാറാസും ചിത്രത്തിലെ അന്ന അവതരിപ്പിച്ച സാറ എന്ന കഥാപാത്രവും. മലയാള സിനിമയിൽ വീശുന്ന മാറ്റത്തിന്റെ കാറ്റ് കൂടിയായിരുന്നു സാറാസ്. വളരെ നല്ല രീതിയിൽ എഴുതപ്പെട്ട സിനിമ ലോക്ക്ഡൗണിന്റെ എല്ലാ പരിമിതികളും ഉണ്ടായിരുന്നെങ്കിൽ പോലും മികച്ച മേക്കിങ് കൊണ്ടും ഒഴുക്കുള്ള ശക്തമായ കഥപറച്ചിൽ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തി. അന്ന ബെൻ എന്ന അഭിനയത്രി ഒരിക്കൽ പോലും നിരാശപ്പെടുത്തിയിട്ടില്ല. മനോഹരമായി തന്റെ കഥാപാത്രം അവതരിപ്പിച്ചു അന്ന ബെൻ.

Noora T Noora T :