മലയാളത്തില്‍ ഒരു ഡയലോഗ് പോലും കിട്ടാതിരുന്ന സമയം, തമിഴിലെ ആ ഹിറ്റ് സംവിധായകനോട് ചാന്‍സ് ചോദിച്ചിരുന്നുവെന്ന് ജോജു

സഹനടനായും വില്ലനായും പ്രേക്ഷകര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ജോജു ജോര്‍ജ്. ഏത് കഥാപാത്രം ആണെങ്കിലും ഒട്ടും മുഷിപ്പിക്കാതെ എല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്നതില്‍ ജോജുവിന് പ്രത്യേക കഴിവ് തന്നെയാണ്. ഒരേ മോഡ്യുലേഷനിലുള്ള കഥാപാത്രങ്ങള്‍ അല്ലാതെ എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താര്ം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ജോജുവിന്റെ കരിയറില്‍ തന്നെ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ജോസഫ്.

വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ജൂനിയര്‍ ആര്ട്ടിസ്റ്റായി സിനിമയിലെത്തിയ ജോജു സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ കുറച്ച് സീനുകളില്‍ മാത്രം അഭിനയിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ രാജാധിരാജ, കുഞ്ചാക്കോ ബോബന്റെ പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് ജോജു ശ്രദ്ധിക്കപ്പെടുന്നത്.

മലയാളത്തിന് പുറമെ അടുത്തിടെയാണ് നടന്‍ തമിഴിലും അരങ്ങേറ്റം കുറിച്ചത്. കോളിവുഡിലെ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ ധനുഷ് ചിത്രം ജഗമേ തന്ദിരത്തിലാണ് ജോജു അഭിനയിച്ചത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അതേസമയം മുന്‍പ് മലയാളത്തില്‍ ഒരു ഡയലോഗ് പോലും പറയാന്‍ അവസരം കിട്ടാതിരിക്കുമ്പോള്‍ തമിഴ് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ജോജു ഇപ്പോള്‍. ഒരു സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മലയാളത്തില്‍ ഒരു ഡയലോഗ് പോലും പറയാന്‍ അവസരം കിട്ടാതിരിക്കുമ്പോള്‍ ഞാന്‍ തമിഴ് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോയി. അതും ഗൗതം മേനോന്റെ മിന്നലെ എന്ന സിനിമയില്‍. വജ്രം, വാസ്തവം, പുളളിപ്പുലിയും ആട്ടിന്‍ കുട്ടിയും, രാജാധിരാജ തുടങ്ങിയവയൊക്കെ മലയാളത്തില്‍ എന്നിലെ ആക്ടര്‍ക്ക് ഗുണം ചെയ്ത സിനിമകളാണ്. വജ്രം, പട്ടാളം പോലെയുളള ചിത്രങ്ങള്‍ മമ്മൂക്ക പറഞ്ഞിട്ട് ലഭിച്ചതാണെന്നും അഭിമുഖത്തില്‍ ജോജു ജോര്‍ജ്ജ് പറഞ്ഞു.

മലയാളത്തില്‍ സക്കറിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്‌റ്റേറിയാണ് ജോജു ജോര്‍ജ്ജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്ത സിനിമയാണ് ഹലാല്‍ ലവ് സ്‌റ്റോറി. അതേസമയം കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹലാല്‍ ലവ് സ്‌റ്റോറിക്ക് പിന്നാലെ മമ്മൂട്ടിക്കൊപ്പമുളള വണ്‍, തുറമുഖം, മാലിക്ക്, ചുരുളി, ഒറ്റക്കൊമ്പന്‍ തുടങ്ങിയവയും ജോജു ജോര്‍ജ്ജിന്റെതായി വരാനിരിക്കുന്ന സിനിമകളാണ്. അഭിനയത്തിന് പുറമെ മലയാളത്തില്‍ നിര്‍മ്മാതാവായും തിളങ്ങിയ താരമാണ് ജോജു.

Noora T Noora T :