ചുരുളി സിനിമയിലെ തെറികൾ പുതുതായി ഞങ്ങൾ കണ്ടുപിടിച്ചതല്ല ; തെറിയാണെന്ന് മനസിലാക്കി ആ ഭാ​ഗം മാത്രം മുറിച്ചെടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവരോട് ചെമ്പൻ വിനോദ് പറയുന്നു!

ബ്രഹ്മാണ്ഡ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പുമെല്ലാം തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടയിൽ ചുരുളി എന്ന ലിജോ ജോസ് സിനിമയുടെ ചർച്ചകൾക്കും നിറം മങ്ങിയിട്ടില്ല. ഇനിയും ചെറുതും വലുതുമായി നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.

അങ്കാമാലി ഡയറീസിന് ശേഷം നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന ഭീമന്റെ വഴി എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നതിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യം നടനായിരുന്നു… പിന്നീട് നിർമാതാവായി… ഇപ്പോൾ തിരക്കഥാകൃത്തുമായി… മലയാള സിനിമയിലെ കഴിവുറ്റ കലാകാരന്മാരിൽ പ്രധാനിയാണ് ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ചെമ്പൻ വിനോദ് ജോസ്.

2010ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. വില്ലനായും നായകനായുമെല്ലാം തിളങ്ങുന്ന ചെമ്പൻ വിനോദിന്റെ പേരിലെ ചെമ്പൻ എന്താണ് എന്നത് പലരും അറിയാൻ ആ​ഗ്രഹിക്കുന്ന ഒന്നാണ്. വീട്ടുപേരായ മാളിയേക്കൽ ചെമ്പനിൽ നിന്നുള്ള ചെമ്പൻ പേരിനൊപ്പം ചേർത്താണ് ചെമ്പൻ വിനോദ് ജോസ് എന്ന് പേര് വന്നത് എന്നാണ് ചെമ്പൻ വിനോദ് പറയുന്നത്. ചെറുപ്പം മുതൽ കൂട്ടുകാർ തന്നെ ചെമ്പയെന്നാണ് വിളിച്ചിരുന്നതെന്നും പിന്നീട് അത് കേട്ട് ശീലമായപ്പോൾ പേരിനൊപ്പം കൊണ്ടുനടക്കാൻ തുടങ്ങിയതാണെന്നും ചെമ്പൻ വിനോദ് പറയുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിക്ക് തിരക്കഥയൊരുക്കിയത് ചെമ്പൻ വിനോദാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ ചെമ്പൻ വിനോദും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹർഷി എന്നാണ് ചെമ്പൻ വിനോദിന്റെ കഥാപാത്രത്തിന്റെ പേര്. ചിന്നു ചാന്ദ്‍നിയാണ് ചിത്രത്തില്‍ നായികയായിരിക്കുന്നത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ് നിർവഹിച്ചിരിക്കുന്നത്. നാട്ടിൻ പുറത്തെ വഴി പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.

ചെമ്പൻ വിനോദിന്റെ വീടിനടുത്ത് താമസിക്കുന്ന പ്രിയ സുഹൃത്തിന് ഭീമന്റെ വഴിയിലേതുപോലെ ഒരു വഴിപ്രശ്നത്തിൽ ഇടപെടേണ്ടി വന്നിരുന്നു. ആ സംഭവം അറിഞ്ഞശേഷമാണ് ഒരു സിനിമയ്ക്കുള്ള കഥയുണ്ട് എന്ന് മനസിലാക്കി ചെമ്പൻ വിനോദ് തിരക്കഥയൊരുക്കിയത്. ‘ലോക്ക് ഡൗൺ കാലത്ത് ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുമ്പോൾ ഒരിക്കൽ കുഞ്ചാക്കോ ബോബനെ കാണാൻ പോയി.

അന്ന് ഒരു തമാശയ്ക്ക് ഞാൻ ഈ സംഭവങ്ങൾ ചാക്കോച്ചനോട് പറഞ്ഞു. ശേഷം വീട്ടിലെത്തിയ എന്നെ ചാക്കോച്ചൻ വിളിച്ചിട്ട് ആ സംഭവം തിരക്കഥയാക്കി എഴുതാൻ ആവശ്യപ്പെട്ടു. തിരക്കഥയെഴുതി പരിചയമില്ലാത്ത ഞാൻ ഒരു പരീക്ഷണാർഥമാണ് ഭീമന്റെ തിരക്കഥയെഴുതി. ശേഷം വായിച്ച് നോക്കിയപ്പോൾ കൊള്ളാമെന്ന് തോന്നി. അങ്ങനെയാണ് ഒരു ഫീൽ ​ഗുഡ് സിനിമയായി ഭീമന്റെ വഴി ഇറക്കാൻ തീരുമാനിച്ചത്’ തിരക്കഥയെഴുതി തുടങ്ങുമ്പോൾ ഫീൽ ​ഗുഡ് ആകുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും അത്തരം ജോണർ തനിക്ക് പറ്റിയതല്ലെന്നുമുള്ള തോന്നലുണ്ടായിരുന്നുവെന്നും ചെമ്പൻ വിനോദ് പറയുന്നു.

മറിയവുമായുള്ള വിവാഹം നടന്ന ശേഷം ഒരുപാട് മോശം കമന്റുകൾ ഫോട്ടോയ്ക്ക് നേരെയും സോഷ്യൽമീഡിയയിലും യുട്യൂബിലുമെല്ലാം കണ്ടിരുന്നുവെന്നും അന്ന് വളരെ അധികം വിഷമം എന്നെ സ്നേഹിക്കുന്നവർക്ക് ഉണ്ടായിയെന്നും ചെമ്പൻ വിനോദ് പറയുന്നു. ആളുകൾ എന്തിനാണ് തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി കഥകൾ പടച്ചുവിടുന്നത് എന്ന് ഇതുവരേയും മനസിലായിട്ടില്ലെന്നും ചെമ്പൻ വിനോദ് പറയുന്നു. ‘മറിയവുമായുള്ള വിവാഹത്തിന് മുമ്പ് ഞങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന തരത്തിലുള്ള നോട്ടീസ് അങ്കമാലിയിലെ രജിസ്ട്രാർ ഓഫീസിൽ പതിച്ചിരുന്നു.

പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വിദേശത്തുള്ള എന്റെ സുഹൃത്ത് ആ നോട്ടീസിന്റെ ഫോട്ടോ എനിക്ക് അയച്ച് തന്നു. ഇത് എങ്ങനെ കിട്ടിയെന്ന് അവനോട് ചോദിച്ചപ്പോഴാണ് അറിയുന്നത് ആ നോട്ടീസ് വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട് എന്നത്. എന്റെ ജീവിതം ആരെയും ബാധിക്കുന്നില്ല. പിന്നെ എന്തിനാണ് ഇത്തരത്തിൽ ഒളിഞ്ഞ് നോക്കി വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് ഇതുവരേയും മനസിലായിട്ടില്ല’ ചെമ്പൻ വിനോദ് പറയുന്നു.

ചുരുളിയിലെ തെറികൾ സംബന്ധിച്ചുള്ള വിവാദങ്ങളെല്ലാം വായിച്ചിരുന്നുവെന്നും ഒടിടി പ്ലാറ്റ്ഫോമിൽ സെൻസറിങ് ഇല്ലാത്തകൊണ്ടാണ് പ്രായപൂർത്തിയായവർക്ക് വേണ്ടി മാത്രമുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷം സിനിമ പ്രദർശിപ്പിച്ചതെന്നും ചെമ്പൻ വിനോദ് പറയുന്നു. ‘പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കു്നനത്. ഒടിടിയിൽ സെൻസറിങ് ഇല്ലാത്തകൊണ്ടാണ് സിനിമ അവിടെ റിലീസ് ചെയ്തത്.

തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ സെൻസറിങ് നടന്നേനെ. സിനിമയിലെ തെറികൾ പുതുതായി ഞങ്ങൾ കണ്ടുപിടിച്ചതല്ല. പലപ്പോഴായി നമ്മളെല്ലാവരും പലയിടങ്ങളിൽ വെച്ച് കേട്ടതും അറിഞ്ഞതുമായവയാണ്. തെറിവിളികളെ കുറ്റം പറയുന്നവർ തന്നെയാണ് അത് തെറിയാണെന്ന് മനസിലാക്കി ആ ഭാ​ഗം മാത്രം മുറിച്ചെടുത്ത് വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്’ ചെമ്പൻ വിനോദ് ജോസ് പറഞ്ഞു.

about chemban vinodh

Safana Safu :