ലഹരി വസ്തുക്കൾ ശ്വാസനാളത്തിലേക്ക് വലിച്ചെടുക്കും പോലെ ആ പുസ്തകത്തിന്റെ മണം അവൾ വലിച്ചെടുത്തു; പ്രണയം തേടിയുള്ള സനയുടെ യാത്ര, പ്രണയം തേടി ഇരുപത്തിയഞ്ചാം ഭാഗം!

സനയുടെ പ്രണയം തേടിയുള്ള യാത്ര ഇരുപത്തിയഞ്ചാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനൽ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ വേഗം കഥ പറയാം….

ആശയുടെ കുട്ടിത്തങ്ങളൊക്കെ ശ്രദ്ധിച്ചുകൊണ്ട് ഇരുന്നിട്ട് സന പതിയെ ടി വി ഓഫ് ചെയ്‌തു.

“നിന്നെ എന്നാ ഞാൻ ഇനി സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാം വാ സന.. ” ആശ മുറ്റത്തേക്കിറങ്ങി. സനയും ആശയ്ക്ക് പിന്നാലെ മുറ്റത്തിറങ്ങിയെങ്കിലും സൈക്കിളിനോട് താല്പര്യം കാട്ടിയില്ല.

“ആശേ… നീ വന്നേ നമുക്ക് മുകളിൽ പോയി ഇരിക്കാം. എനിക്ക് നിന്നോട് ഒരു കൂട്ടം പറയാനുണ്ട്.” സന വിളിച്ചു.

കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കാനില്ലാത്തത് കൊണ്ട് ആശ സനയ്‌ക്കൊപ്പം മുകളിലേക്ക് ചെന്നു.
എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാതെ സന ഒന്ന് നിശബ്ദത പാലിച്ചെങ്കിലും,ആശയുടെ എന്താ? എന്നുള്ള ചോദ്യത്തിന് മുന്നിൽ സനയ്ക്ക് പറഞ്ഞു തുടങ്ങേണ്ടി വന്നു.

“നീ അന്ന് പോയ ശേഷം വീണ്ടും ദത്തൻ സാർ ഫോണിൽ വിളിച്ചു. ഞാൻ അങ്ങനെ സംസാരിക്കുകയും ചെയ്തു.” സന പറഞ്ഞു നിർത്തിയതും…

ഞെട്ടലോടെ ആശ, ” എന്നിട്ട്..? സാർ അറിഞ്ഞോ എല്ലാം? നീ എന്താ പറഞ്ഞത് ? അപ്പോൾ എല്ലാം അറിഞ്ഞിട്ടായിരുന്നോ ഇന്ന് നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞത്?”

ആശയുടെ ബഹളം കണ്ടപ്പോൾ, “ഓ അതൊന്നും അല്ല… നീ ഒന്ന് പതുക്കെ സംസാരിക്ക്. ഞാൻ ഒന്ന് പറഞ്ഞോട്ടെ..”

ആശയെ സമാധാനിപ്പിച്ച് അവിടെ ഇരുത്തി…

“ഇതുവരെ നമ്മൾ ആരെന്നു ദത്തൻ സാർ അറിഞ്ഞിട്ടില്ല. പക്ഷെ, സാർ വിളിക്കാറുണ്ട്. മെസ്സേജ് ചെയ്യാറുണ്ട്.. വീണ എന്ന പേര് വിശ്വസിച്ച് എല്ലാ വിശേഷങ്ങളും പറയാറുമുണ്ട്. ആദ്യ ദിവസം ഞാൻ സംസാരിച്ചപ്പോൾ അബദ്ധത്തിൽ എനിക്ക് ഒരു അനിയത്തി ഉണ്ടെന്ന് പറഞ്ഞു. പേര് മീന എന്നാണ് പറഞ്ഞിരിക്കുന്നത്. അവൾ പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുകയാണ്. അവൾക്ക് അടുത്ത എന്ത് കോഴ്സ് പേടിക്കണം എന്നൊക്കെ പറഞ്ഞു തരുമോ എന്നെല്ലാം പറഞ്ഞു പോയി… ആദ്യ ദിവസം വലുതായിട്ട് വിശ്വസിച്ചില്ല.. പിന്നെ വിശ്വസിച്ച പോലെ സംസാരിക്കുന്നുണ്ട്. അതിനു ശേഷം അത്രയ്‌ക്കൊന്നും സംസാരിക്കാൻ സാധിച്ചിട്ടില്ല. പിന്നെ ഇന്ന് ഇതുവരെ വിളിച്ചതുമില്ല. ഇങ്ങോട്ട് വിളിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ”

സന പറഞ്ഞു തീർന്നു ആശയുടെ മുഖത്തേക്ക് നോക്കി…

ആശ കണ്ണുചിമ്മാതെ നോക്കി നിൽക്കുകയാണ്.

സന അവളുടെ അടുത്ത് ചെന്നിട്ട്, ” എടി നീ എന്താ ഒന്നും മിണ്ടാത്തത്? ദേഷ്യം തോന്നുന്നുണ്ടോ?”

“എന്റെ പൊന്ന് സനാ… നീ കലക്കി… ഹോ ഇന്നുതന്നെ നിനക്ക് ഇത് എന്നോട് പറയാൻ തോന്നിയല്ലോ? ഇതുതന്നെയാണ് ഞാനും ആഗ്രഹിച്ചത്. ഇങ്ങനെ സംസാരിച്ചു സംസാരിച്ചു ദത്തൻ സാറിന് വേറെ ആരെയെങ്കിലും ഇഷ്ടം ഉണ്ടോ എന്നറിയാമല്ലോ? പിന്നെ ദത്തൻ സാറിന്റെ ഇഷ്ടങ്ങളും… അങ്ങനെ പതിയെ നീ എന്റെ കാര്യം പറയണം… “

“ആഹാ നീ ആള് കൊള്ളാമല്ലോ? ഞാൻ സംസാരിച്ചു എല്ലാം പറയണമെന്നോ? നീ ഒന്ന് പോയെ…. ?” സനയ്ക്ക് ശരിക്കും ആ നിമിഷമാണ് ജീവൻ നേരെ വീണത്. ആശാ കേട്ടിട്ട് പിണങ്ങും എന്നാണ് സന വിചാരിച്ചത്. അതേതായാലും ഉണ്ടായില്ല.

” നീ ഒരു കാര്യം ചെയ്… നീ ഇനി മുതൽ മീനയാണ്.. എന്റെ അനിയത്തി. എന്നിട്ട് നീ തന്നെ സാറിനോട് സംസാരിക്ക്. ” സന പറഞ്ഞു ,.

“അത് നല്ല ഐഡിയ… അപ്പോൾ ഇനി അങ്ങനെ ആവട്ടെ… നീ പോയി വേഗം ഫോൺ എടുത്തിട്ടു വാ,,,,, ” ആശ സനയോട് ആജ്ഞാപിച്ചു .

” അല്ല… എന്താ മോളുടെ വിചാരം… ഞാൻ നിന്റെ ചേച്ചിയാണ്… വീണ ചേച്ചി… മര്യാദയ്ക്ക് അങ്ങനെ വിളിക്ക്… ” അതും പറഞ്ഞ് രണ്ടാളും ചിരി തുടങ്ങി…

അങ്ങനെ അവരുടെ വെക്കേഷൻ ആഘോഷം അവിടെ തുടങ്ങി…

അന്നത്തെ ദിവസം പല കഥകളും പറഞ്ഞ് രണ്ടാളും സനയുടെ വീട്ടിൽ തന്നെ കൂടി. വൈകിട്ട്, സന റസിയമ്മയുടെ കണ്ണ് വെട്ടിച്ചു ഫോണുമായി മുറിയിൽ കയറി . ഒപ്പം ആശയും.

അങ്ങനെ ദത്തനെ സന വിളിച്ചു. ഇപ്പോൾ സനയ്ക്ക് യാതൊരു പേടിയും ഇല്ല….

ഫോൺ എടുത്തയുടൻ ദത്തൻ ഉത്സാഹത്തോടെ ” ഹാലോ… എവിടെയാണ്.. ഇന്ന് കണ്ടതേയില്ലല്ലോ?” എന്ന് ചോദിച്ചു.

അത് കേട്ടപ്പോൾ ആശയ്ക്കും ത്രില്ലായി. ഇത്രയും കൂട്ടായോ എന്ന മട്ടിൽ അവൾ സേനയെ നോക്കി നിന്നു.

“ഇന്ന് രാവിലെ കുറെ ജോലിയുണ്ടായിരുന്നു… എങ്കിലും രാവിലെ മാഷിനെ വിളിച്ച് ഒരു പിറന്നാളാശംസ പറയണം എന്ന് കരുതിയതാണ്.” സന വലിയ പെൺകുട്ടിയെ പോലെ സംസാരിച്ചു.

“അത് കേട്ടതും ദത്തൻ ആക അമ്പരന്നു… എഡോ താൻ… താനാരാണ്… ഇനി താൻ പറഞ്ഞെ പറ്റു.. ഇന്ന് എന്റെ ബെർത്ത് ഡേ ആണെന്ന് താൻ എങ്ങനെ അറിഞ്ഞു. അപ്പോൾ താൻ ഇവിടെ അടുത്തെവിടെയോ ഉള്ളതാണ്. ഞാൻ ഇന്ന് വേറെ എവിടെയും പോയില്ല… എന്റെ പിറന്നാൾ ആണെന്ന് അടുത്ത വീട്ടുകാർക്ക് മാത്രമേ അറിയൂ.. പറ പറ… ” ദത്തൻ തിടുക്കം കൂട്ടി…

” ടെൻഷൻ ആകേണ്ട മാഷെ, നമ്മൾ ഒന്നിച്ചു പഠിച്ച സമയത്തു തന്നെ എനിക്കറിയാം…” സന പറഞ്ഞു…

“ഓ ഒന്നിച്ചു പഠിച്ചെന്നോ? വഴിതെറ്റിച്ചു വിടാനുള്ള പരിപാടിയാണ് അല്ലെ…. “

അത് കേട്ടപ്പോൾ സനയ്ക്ക് ചിരി വന്നു…
“എന്നാൽ പിന്നെ മാഷ് വിശ്വസിക്കേണ്ട… ഞാൻ ഒന്നും പറഞ്ഞ് വിളിക്കുമില്ല… ബൈ… ” അവൾ ഫോൺ കട്ടാക്കി…

“അയ്യോ നീ എന്ത് പണിയാണ് കാണിച്ചത്.. ഇനിയും സംസാരിക്കാമായിരുന്നില്ലേ? ആശയ്ക്ക് ആ തമാശയൊന്നും മതിയായില്ല…

“ഇത്രയും മതി ആശേ… അല്ലെങ്കിൽ ഇപ്പോൾ തന്നെ നമ്മളെ കണ്ടുപിടിക്കും. നമ്മൾ കരുതുന്ന പോലെയല്ല സാർ ശരിക്കും ഒരു കേമനാണ്. ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും പിറന്നാൾ എങ്ങനെ അറിഞ്ഞു എന്നുള്ളത് ചിന്തിച്ചു തല പുകയ്ക്കും. അപ്പോൾ നമ്മളുടെ കാര്യം ഓർക്കും. പക്ഷെ നമുക്ക് ഫോൺ ഇല്ലല്ലോ നമ്മൾ ഇങ്ങനെ ചെയ്യില്ലല്ലോ എന്നൊക്കെ ചിന്തിച്ചു റൂട്ട് മാറ്റും… പിന്നെ കൂടെപ്പഠിച്ച ഓരോരുത്തരെയും ചിന്തിക്കും… എങ്ങനെ ഉണ്ട് . ” സനയുടെ വിദഗ്ധ മറുപടി കേട്ടപ്പോൾ ആശയ്ക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി .

” നീ കൊള്ളാല്ലോ? അപ്പോൾ ബോഡി ഗാർഡിലെ ദിലീപിനെ പോലെ ദത്തൻ സാർ ഈ വിളിക്കുന്നത് ആരാണെന്ന് ചോദിച്ചു നടക്കും…. “അതും പറഞ്ഞ് ആശ ചിരിച്ചു..

അങ്ങനെ എങ്കിൽ അമ്മു ആരാണ് സേതു ആരാണ്? സന ചോദിച്ചു…

അതെന്താ അങ്ങനെ ആശയ്ക്ക് പെട്ടന്ന് മനസിലായില്ല…

എടി നയൻ‌താര ആരാണ് മിത്ര കുര്യൻ റോൾ ഇതിൽ ആർക്കാണ് എന്ന്? സന കുറേക്കൂടി വ്യക്തമാക്കി..

” അയ്യോ.. അത് ശരിയാണ്… ശരിക്കും നമ്മൾ ഇതിനെ കുറിച്ച് കുറെ സംസാരിച്ചതാണ്… എനിക്കല്ലേ സാറിനോട് പ്രണയം.. നിനക്ക് പ്രണയമില്ലല്ലോ?”

ആശയുടെ ആ ചോദ്യം സനയെ ഒന്ന് കുഴപ്പിച്ചു..

സന ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു…” അതെങ്ങനെയാണ് പറയുക. പ്രണയം ഉണ്ട്.. പ്രണയം ഇല്ല എന്നൊക്കെ… അതൊക്കെ ഒരു തോന്നൽ അല്ലെ.. ആണോ?” സന ഇതൊക്കെ മനസ്സിൽ ചിന്തിച്ചെങ്കിലും ആശയോട് പറഞ്ഞത് ഇതൊന്നുമായിരുന്നില്ല…

” ഇല്ലടി ഞാൻ സാറിനെ സാറായിട്ടാണ് കാണുന്നത്.” അതും പറഞ്ഞു സന ആശയ്ക്ക് മുന്നിൽ നിന്നും മാറി ഇരുന്നു.

അപ്പോഴാണ് ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്, ” ദിസ് ഈസ് ടൂ മച്ച്. ഐ നീഡ് ടു ടോക്ക് ടു യു. കാൾ മി…”

അത് ദത്തൻ അയിരുന്നു. മസ്സാജ് ആദ്യം തന്നെ ഓപ്പൺ ആക്കി വായിച്ചത് സനയായിരുന്നു.

” ഇത് ആരാ വലിയ ഇംഗ്ളീഷുകാരൻ, ഈ സാറിന് മലയാളത്തിൽ അയക്കരുതോ?” ആശ കളിയായി പറഞ്ഞു.

” ആ അതങ്ങനെയാണ് , സാർ അയക്കുന്നതെല്ലാം വെരി ഷോർട്ട് ഇംഗ്ളീഷ് മെസേജ് ആണ്. അനഗീൻ കുറച്ച് ഇംഗ്ളീഷ് പഠിക്കാം…” സന ഫോൺ ആശയുടെ കൈയിൽ നിന്നും വാങ്ങിക്കൊണ്ട് പറഞ്ഞു.

“റിപ്ലെ കൊടുക്കുന്നില്ലേ… ആശ ചോദിച്ചു…”

“ഇന്നിനി ഒന്നും വേണ്ട… മെസേജ് അയച്ചാൽ കാശ് പോകും.. കാശ് തീർന്നാൽ റസിയമ്മ പോക്കും.. നാളെ നീ രാവിലെ വാ… നമുക്ക് വിളിക്കാം” അങ്ങനെ ആശയും സേനയും അന്നത്തെക്ക് പിരിഞ്ഞു.

അന്ന് രാത്രി ദത്തൻ പതിവിലും കുറെ മെസ്സേജ് അയച്ചു.

“പാവം സാറിന്റെ ഉറക്കം കെടുത്തിച്ചു” സനയ്ക്ക് വിഷമം വന്നെങ്കിലും അവൾ ചിരിച്ചതേയുള്ളു. പിന്നെ ഫോൺ റസിയമ്മയ്ക്ക് അടുത്തു വച്ചിട്ട് ആടുജീവിതം നോവലുമായി സന ഉമ്മറത്തിരുന്നു…

ആദ്യം സന പുസ്തകം തുറന്ന് അതിനെ മുഖത്തോട് അടുപ്പിച്ചു. പുസ്തകത്താളിന്റെ പ്രത്യേക മണം അവൾക്ക് വല്ലാതെ ഇഷ്ടമാണ്. ലഹരി വസ്തുക്കൾ ശ്വാസനാളത്തിലേക്ക് വലിച്ചെടുക്കും പോലെ സന ആ പുസ്തകത്തിന്റെ മണം വലിച്ചെടുത്തു…

പിന്നെ പുസ്തകത്തിന്റെ പുറം ചട്ടയുടെ പിന്നിലെ എഴുത്തിലേക്ക് പോയി,

“ആടുജീവിതം ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടല്ല, ചോരവാർക്കുന്ന ജീവിതം തന്നെയാണ്” ആ വരി അവൾക്ക് കൗതുകം കൊടുത്തു. അത് വീണ്ടും വീണ്ടും അവളുടെ ചുണ്ടുകൾ ഉരുവിടുന്നുണ്ടായിയുരുന്നു. പിന്നെ ആദ്യ പേജ് മുതൽ സന വായന തുടങ്ങി . വളരെ ഗൗരവത്തോടെ അവളുടെ മുഖ ഭാവം മാറുന്നുണ്ടായിരുന്നു. കണ്ണുകൾ വിടർന്നും നിറഞ്ഞും ചുരുങ്ങിയും ആ പുസ്തകത്തിലെ ഓരോ വരികളിലൂടെ ആ കണ്ണുകൾ യാത്ര ചെയ്തു.

പെട്ടന്നാണ് റസിയമ്മയുടെ ഫോൺ ശബ്‌ദിച്ചത്. ” സനയുടെ ശ്രദ്ധ ഫോണിലേക്ക് മാറി.”

അത് ഒരു മെസേജ് ആയിരുന്നു,…

“ഈ സമയത്ത് ദത്തൻ സാർ ആയിരിക്കുമോ? നോക്കിയേക്കാം” സന ഫോൺ എടുത്തു നോക്കി.”

അതെ അത് സാർ തന്നെ….

സന പുസ്തകം നെഞ്ചോട് ചേർത്തുപിടിച്ചിട്ട് ചിരിയോടെ ഫോൺ എടുത്തു മുറിയിലേക്ക് നടന്നു,

“എഡോ താൻ ഉറങ്ങിയോ? വിളിക്കാൻ പറ്റുമെങ്കിൽ ഒന്ന് വിളിക്ക്…” അതായിരുന്നു മെസ്സേജ്.

അവൾ ഒരു നിമിഷം ചിരിയോടെ ഫോൺ പിടിച്ചു നിന്നിട്ട് ദത്തനെ വിളിച്ചു.

ഹാലോ.. പതിഞ്ഞ സ്വരത്തിൽ സന പറഞ്ഞു.

വിളിച്ചാലോ… ഞാൻ കരുതി ഒരു റിപ്ലേയും തരില്ലെന്ന്… ദത്തന്റെ ഫോണിലൂടെയുള്ള അടഞ്ഞ ശബ്ദം.

“എന്തിനാ ഇപ്പോൾ അത്യാവശ്യമായി വിളിക്കാൻ പറഞ്ഞത്… എന്നെ കണ്ടുപിടിച്ചോ ?” സന ചോദിച്ചു .

“കണ്ടുപിടിക്കാൻ താൻ ഒരു കാര്യവും പറയില്ലല്ലോ..? പിന്നെ പറയുന്നത് മുഴുവൻ കള്ളത്തരവും…. ” ദത്തന്റെ വാക്കുകൾ കേട്ട് സനയ്ക്ക് ചിരി വന്നെങ്കിലും റസിയമ്മ കേൾക്കുമെന്ന് ഭയന്ന് അവൾ ചിരിച്ചില്ല. അങ്ങനെ അവരുടെ സംസാരം തുടർന്നു, (തുടരും)

about pranayam thedi

Safana Safu :