അവളുടെ തോളിലേക്ക് വീണുകിടന്ന തട്ടം തലയിലേക്ക് പിടിച്ചിട്ടു കൊടുത്ത് ദത്തനും ; പ്രണയം തേടിയുള്ള സനയുടെ യാത്ര, പ്രണയം തേടി ഇരുപത്തിനാലാം അധ്യായം!

സനയുടെ പ്രണയം തേടിയുള്ള യാത്ര ഇരുപത്തിനാലാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനൽ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

“ആശയോട് എല്ലാം പറയാനായി സന വേഗം ആശയുടെ വീട്ടിലേക്ക് നടന്നു, അവിടെ ചെന്നപ്പോൾ,

“എന്തൊരു സർപ്രൈസ് ആണ്… ഞാൻ ഇപ്പോൾ നിന്റെ വീട്ടിലേക്ക് ഇറങ്ങിയതാ… ദേ എനിക്ക് സൈക്കിൾ വാങ്ങി… ആദ്യം നിന്റെ കൂടെത്തന്നയെ പുറത്തുപോകുന്നുള്ളൂ… ആശയുടെ സന്തോഷം കണ്ടപ്പോൾ സനയ്ക്ക് അതിശയം തോന്നി,..

“എനിക്ക് സൈക്കിൾ ചവിട്ടാനറിയില്ല, പക്ഷെ വാ… നമുക്ക് ഇതും കൊണ്ട് ഒരിടം വരെ പോകാം” സന പറഞ്ഞു…

ഈ ആശയ്ക്ക് എന്നെ എന്തിഷ്ടമാണ്. അവളുടെ ഏറ്റവും വലിയ സന്തോഷം പോലും അവൾ എനിക്കാണ് തരുന്നത്. അവൾക്ക് ഞാനും ഒരു സന്തോഷം കൊടുക്കും.” സന മനസ്സിൽ കുറിച്ചിട്ടു.

ആദ്യം നീ ഇതൊന്ന് അകത്തേക്ക് വച്ചേ…. റസിയമ്മ നട്ടുവളർത്തിയ തക്കാളി ആശയെ ഏല്പിച്ചിട്ട് സന സൈക്കിൾ പിടിച്ചു. അങ്ങനെ ആശ അതൊക്കെ അകത്തേക്ക് വച്ചിട്ട് ഉടനെ തന്നെ സൈക്കിളിൽ കയറി.

” ദേ ഒന്നുമില്ല സന,… ഇത് പഠിക്കാൻ സിംപിൾ ആണ്..” ആശ മറ്റൊരു ലോകത്തായിരുന്നു…

സനയ്ക്ക് പറയാൻ പറ്റിയ സാഹചര്യം ഒന്നും കിട്ടിയില്ല… “എന്താ ഇപ്പോൾ ചെയ്യുക?”

” ആശാ…. സന അവളെ വിളിച്ചു… ആ വിളിയിൽ വേദന കലർന്ന ഒരു താളമുണ്ടായിരുന്നു.

ആശ വേഗം സൈക്കിളിൽ നിന്നിറങ്ങി, ” നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത് ? ഇനി റിസൾട്ട് എങ്ങാനും വന്നോ…? മഹാദേവാ… എന്നാ ഈ സൈക്കിൾ തിരിച്ചു മേടിച്ചു വക്കും… അതുറപ്പാണ്…. ആശയുടെ ആ വർത്തമാനത്തിൽ സനയ്ക്ക് ചിരി വന്നു..

” പോടി… അതൊന്നുമല്ല കാര്യം.. നമ്മൾ ഇപ്പോൾ പോകുന്നത് ദത്തൻ സാറിന്റെ വീട്ടിലേക്കാണ്. “

സൈക്കിളിൽ നിന്ന് പെട്ടന്ന് കാൽ തറയിൽ കുത്തി, ” എന്താ?? സാറിന്റെ വീട്ടിലൊക്കോ ? എന്തിന്”

” നിന്റെ സാറിന്റെ പിറന്നാളാണ്… പായസം കുടിക്കാൻ നിന്നെയും കൊണ്ട് ചെല്ലാൻ ‘അമ്മ പറഞ്ഞുവിട്ടു. ” സന പറഞ്ഞു…

സന പറഞ്ഞതെല്ലാം സത്യമാണ്. എന്നാൽ പറയാത്ത സത്യങ്ങൾ വേറെ ഉണ്ട്. ഒപ്പം വാക്കുകൾ പെറുക്കി വച്ച സനയുടെ സാമ്മർഥ്യം.

പക്ഷെ ആശയ്ക്ക് അതുമതിയായിരുന്നു. ” നീ ഈ സൈക്കിൾ പിടിച്ചേ? ഞാൻ ധാ വരുന്നു “

ആശ സനയെ റോഡിൽ നിർത്തി തിരിഞ്ഞു ഒറ്റ ഓട്ടം.

അവൾ ഓടിയത് എന്തിനാണെന്ന് സനയ്ക്ക് മനസിലായി…

“പാവം ആശ. ഇതാണ് പ്രണയം… ഇതുപോലെ പ്രണയിക്കാൻ സാധിക്കണം. എങ്ങനെയും ഈ പ്രണയം ദത്തൻ സാറിനെ അറിയിക്കണം. ആശയുടെ പ്രണയം സക്സസ് ആക്കണം.”

അതും പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ മുടിയൊക്കെ ചീകി മിനുക്കി പൊട്ടും ചന്ദനകുറിയും തൊട്ട് നല്ലൊരു പാവാടയും ഉടുപ്പുമിട്ട് ദേ ആശ…

സന ചിരിച്ചു കൊണ്ട്, ” ഇതെന്താ ഇനി കൈയിൽ….”

“സമ്മാനമാണ്… പിറന്നാളല്ലേ..? സാറിന് കൊടുക്കണം…. ” ആശ നാണത്തോടെ പറഞ്ഞു.

“എന്താ അതിൽ… ?”

“അത് ആ ഷെൽഫിൽ നിന്നെടുത്ത ഒരു കുഞ്ഞു പാവക്കുട്ടിയാണ്… ” അങ്ങനെ രണ്ടാളും ഓരോന്ന് പറഞ്ഞ് ചിരിച്ചും കളിച്ചും നടന്നു.

ദത്തന്റെ വീട്ടിൽ ചെന്നപ്പോൾ ‘അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പായസവും കഴിച്ച് ഏറെ നേരം സംസാരിച്ചിരുന്നു. ആശയാണ് അമ്മയുമായി കൂടുതൽ അടുത്തത്. സന ഇതിനിടയിൽ ദത്തന്റെ മുറിയിൽ കയറി…

” കുറെ ഇലക്ട്രോണിക് ഉപകരണങ്ങളും വലിയ കമ്പ്യൂട്ടറും ഒക്കെ തിങ്ങിനിറഞ്ഞ ഭീകര മുറി…. എന്നാൽ ഒരു മൂലയിൽ അതിമനോഹരമായി ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ. നടുവിൽ ഒരു സോഫ… മുന്നിലെ ചെറിയ ടേബിളിൽ മൂന്ന് മെഴുകുതിരികൾ , പേന , കുറെ കടലാസ് പേപ്പറുകൾ… അങ്ങിങ്ങായി ചുരുട്ടിക്കൂട്ടിയ പേപ്പറുകൾ കിടക്കുന്നത് ആ ചിത്രത്തെ പൂർണ്ണമാക്കിയ പോലെ തോന്നുന്നു.

അവിടെ നിന്നും രണ്ടു ചുവടുവച്ചാൽ പുറത്തേക്ക് തുറന്നിറങ്ങാൻ പാകത്തിനുള്ള ഗ്ലാസ് ഇട്ട വിൻഡോ കാണാം.. മങ്ങിയ മഞ്ഞ നിരത്താൽ അനങ്ങാതെ കിടന്ന അതിലെ കർട്ടൻ അവൾ ഒതുക്കി മാറ്റി… അതേസമയം തന്നെ അവളുടെ തലയിൽ നിന്നും തട്ടവും ഒഴുകി തോളിലേക്ക് വീണു…

തിരികെ തട്ടം പിടിച്ചു തലയിൽ ഇടാൻ മറന്നതാണോ എന്നറിയില്ല അവൾ അത് ശ്രദ്ധിക്കാതെ ആ വിൻഡോ തുറന്നു..

അവളുടെ കാൽ പാദങ്ങൾ പോലും കേൾപ്പിക്കാതിരുന്ന ഒച്ച ആ ജനാലയുടെ വിജാഗിരി കരഞ്ഞു വിളിച്ചു കേൾപ്പിച്ചു. അതിൽ അവൾ വല്ലാതെ ഒന്ന് പരിഭ്രമിച്ചെങ്കിലും മുന്നോട്ട് തന്നെ ചുവടുവച്ചു. പുറത്തേക്ക് തലയെത്തി നോക്കിയപ്പോൾ താഴെ ആശയും അമ്മയും എന്തോ ചെടികളൊക്കെ ഓടിച്ചെടുക്കുന്നു.

അത് കണ്ട സന്തോഷത്തിൽ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും ദത്തന്റെ ബൈക്ക് അവളുടെ കണ്ണിൽ പെട്ടു..

“അയ്യോ സാർ വന്നോ? ” വേഗം അകത്തേക്ക് കയറി ജനാല അടച്ചു കർട്ടൻ പിടിച്ചിട്ടു… തിരിഞ്ഞു ഓടി ഇറങ്ങാൻ തുനിഞ്ഞതും ടേബിളിൽ കൈ തട്ടി ഒരു പേപ്പർ കൂട്ടം താഴെ വീണു…

ആ ശബ്ദവും അവളെ ഒന്ന് ഭയപ്പെടുത്തി… വേഗം പേപ്പർ കൂട്ടം എടുത്തു തിരികെ ടേബിളിൽ വച്ചതും മുന്നിൽ ദത്തൻ സാർ…

അവൾ ആക വിഷമിച്ചു.. പേടിയാണോ? പരിഭ്രമമാണോ ? അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ആണോ എന്നറിയാതെ അവൾ മിണ്ടാതെ തല താഴ്ത്തി നിന്നു.

ദത്തൻ നിഗൂഢമായ നോട്ടത്തോടെ വാതിലിൽ തന്നെ കൈയും കെട്ടി ചാരി നിൽക്കുകയാണ്. അവൾക്ക് ആ നിമിഷം ഹൃദയത്തിന്റെ സ്ഥാനം എവിടെ എന്ന് ശരിക്കും അറിയാൻ സാധിച്ചു. അവൾ മെല്ലെ കാലെടുത്തുവച്ച് മുന്നോട്ട് നടന്നു….

അപ്പോഴും ഒന്നും മിണ്ടാതെ നിന്ന ദത്തൻ, സന അടുത്തെത്തിയപ്പോൾ അവളുടെ തോളിലേക്ക് വീണുകിടന്ന തട്ടം തലയിലേക്ക് പിടിച്ചിട്ടു കൊടുത്തു.

“സന കൈ നെഞ്ചിൽ വച്ച് ഒരുനേരം ഉമിനീരിറക്കി നിന്നുപോയി…”

വാ… എന്ന് സനയെ വിളിച്ചിട്ട് ദത്തൻ അകത്തേക്ക് നടന്നു ..

അവളുടെ മുന്നിലൂടെ ദത്തൻ അകത്തേക്ക് പോയപ്പോൾ അവളുടെ ശരീരത്തിൽ തട്ടിയിരുന്നോ എന്ന് അവൾള്ള സംശയം തോന്നി…

” ഹേയ് ഇല്ല… പിന്നെന്താ ? എനിക്ക് എന്തോ തോന്നി…” സന അതോർത്തു നിന്നു.

“സനാ… കയറി വാഡോ… എന്തെ ഇഷ്ടപ്പെട്ടില്ലേ?” ദത്തൻ വീണ്ടും വിളിച്ചു,

“ഇഷ്ടപ്പെട്ടു…. ” സന പെട്ടന്ന് പറഞ്ഞു.

എന്താ ഇഷ്ടപ്പെട്ടത് ? ദത്തൻ അവളെ നോക്കി ഒരു നിമിഷം നിന്നിട്ട് ചോദിച്ചു.

” അത്.. റൂം… ഇഷ്ടപ്പെട്ടു.. ” സനയ്ക്ക് ഏതാണ് തനിക്ക് മുന്നിൽ നടക്കുന്നതെന്ന് അറിയില്ലായിരുന്നു.

ദത്തൻ പുസ്തകങ്ങളുടെ ഷെൽഫിലേക്ക് തിരിഞ്ഞു. ” തനിക്ക് ഏതാ ഇനി വായിക്കാൻ തരിക?”

ഈ സമയം സന അവിടെമുഴുവൻ കണ്ണുകൾ കൊണ്ട് പരിശോധിക്കുകയായിരുന്നു.

അപ്പോഴാണ് അവൾ നാടൻ പ്രേമം കണ്ടത്. അത് മാത്രം മറ്റ് ബുക്കുകളിൽ നിന്നും മാറിയിരിക്കുന്നു. അതിനരികിലേക്ക് പോകാനൊരുങ്ങിയതും, ” സന…. ദസ്തയോവിസ്കിയെ തനിക്ക് അറിയുമോ?”

അവൾ വേഗം തിരിഞ്ഞു… ” ങേ? അതാരാ?” ആ പേര് പോലും മനസിലാകാതെ അവൾ ചോദിച്ചു.

“ഹാ ഒന്നുമില്ല… ചിരിച്ചു കൊണ്ട് ദത്തൻ ബെന്യാമിന്റെ ആട് ജീവിതം സനയ്ക്ക് മുന്നിലേക്ക് നീട്ടി… “

ഇത് ഒരു പുതിയ നോവലാണ്.. നിനക്ക് പഠിക്കാൻ വരും.. നീ ഇത് വായിക്ക്.. ദസ്തയോവിസ്കിയെ ഞാൻ പിന്നെ പരിചയപ്പെടുത്താം…”

“സന പുസ്തകം വാങ്ങി.. ” ഈ പുസ്തകത്തെ കുറിച്ച് എനിക്കറിയാം… ചെറിയ ഒരു ഭാഗം വായിച്ചതുമാണ്… താങ്ക്സ് . സന അതും വാങ്ങി തിരികെ നടന്നു.”

സന മുറി വിട്ട് പോയപ്പോൾ ദത്തൻ വാതിൽ വരെ പോയി നിന്നു. അത് തിരിഞ്ഞു നോക്കാൻ ധൈര്യപ്പെടാത്ത സന നടന്നു.

” ആഹാ അവനു പറ്റിയ കൂട്ടു തന്നെ, ചില്ലറ പുസ്തകങ്ങൾ അല്ല… എന്തുമാത്രം പൈസയാണ് ഇതിനു വേണ്ടി ചിലവാക്കുന്നതെന്ന് അറിയുമോ മോൾക്ക്?” സന പുസ്തകവുമായി വരുന്നതുകണ്ട ‘അമ്മ പറഞ്ഞു .

ആശ വേഗം അവളുടെ അടുത്ത് ചെന്ന് ആട് ജീവിതം വാങ്ങിച്ചു നോക്കി…

പിന്നെ അൽപനേരം കൂടി ഓരോന്ന് പറഞ്ഞു നിന്നിട്ട് അവർ അവിടെ നിന്നും ഇറങ്ങി…

സന അധികമൊന്നും പിന്നെ സംസാരിച്ചില്ല. ആശ സൈക്കിളിനെ കുറിച്ച് വർണ്ണിച്ചു നടന്നപ്പോഴും ഏതോ മായാ ലോകത്ത് നിന്നും മോഹാലസ്യപ്പെട്ടു വീണ ഒരുവളെ പോലെ സന പുസ്തകവും നെഞ്ചോട് ചേർത്തുപിടിച്ചു നടന്നു.

അവർ പിന്നീട് പോയത് സനയുടെ വീട്ടിലേക്ക് തന്നെയാണ്. ആദ്യമൊക്കെ രണ്ടാളും പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ മിണ്ടിക്കൊണ്ടിരുന്നു. പിന്നെ സൈക്കിളും പുസ്തകവുമൊക്കെ മാറ്റി വച്ചിട്ട് ടിവി ഇട്ടു…

എന്തോ ബാധ കൂടിയപോലെയായിരുന്നു സനയുടെ പെരുമാറ്റം. പക്ഷെ ടിവിയിൽ അപ്പോൾ ബോഡി ഗാർഡ് സിനിമ.

അതുകണ്ട ആദ്യ അനുഭവത്തെ കുറിച്ചുള്ള സംസാരം വീണ്ടും രണ്ടാളും തുടർന്നു. പക്ഷെ അതിലെ ഫോൺ വിളിയും തന്റെ ജീവിതത്തിലെ ഫോൺ വിളിയും സന ചേർത്തുവച്ചു. ഒപ്പം അവരുടെ പ്രണയങ്ങളും ചിന്തിച്ചു… കഥാപാത്രങ്ങൾ എല്ലാം ഇവിടെയും ഉണ്ട്. പക്ഷെ കഥ ഇതല്ല… സന അത് മനസ്സിൽ ചിന്തിച്ചപ്പോൾ ചിരിയാണ് വന്നത്….

ഏതായാലും ഈ കഥാ നായകൻ ആശയ്ക്കുള്ളതാണ്… സന ആശയെ നോക്കി മനസ്സിൽ പറഞ്ഞു…

ഈ സമയം ആശ സിനിമയുടെ ക്ളൈമാക്സ് കണ്ട് വിതുമ്പുന്നുണ്ടായിരുന്നു,…..

അത് കണ്ടപ്പോഴും സനയ്ക്ക് ചിരി വന്നു…” എന്ത് പാവമാണ് ഈ പൊട്ടിപ്പെണ്ണ് ” സന മന്ത്രിച്ചു.(തുടരും)

about pranayam thedi

Safana Safu :