‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പ്രദർശനം തുടരുകയാണ്. കൊച്ചിയിലെ സരിതാ തിയറ്ററിൽ മോഹന്‍ലാലും കുടുംബവും ചിത്രം കാണാൻ എത്തിയിരുന്നു. ഈ അവസരത്തിൽ മാധ്യമങ്ങളോട് സംസാരിച്ച മോഹന്‍ലാല്‍, സിനിമ തിയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ചു.
റിലീസിന് മുന്‍പ് തന്നെ പ്രീബുക്കിംഗിലൂടെ നൂറു കോടി കടന്ന ‘മരക്കാര്‍’ അഞ്ഞൂറ് കോടിയില്‍ എത്തുമോ എന്ന ചോദ്യത്തിന് ചെറു ചിരിയോടെ ‘മോന്‍റെ നാക്ക് പൊന്നായിരിക്കട്ടെ’ എന്നായിരുന്നു മോഹൻലാൽ മറുപടി നല്‍കിയത്.പ്രത്യേക സാഹചര്യമാണ്, പ്രത്യേക സിനിമയാണ് അത് തിയറ്ററിൽ തന്നെ കാണാൻ ആഗ്രഹിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ ഒരു മാറ്റം തന്നെ ആയിരിക്കുമോ മരക്കാർ എന്ന ചോദ്യത്തിന് ‘അതിന് സാധിക്കട്ടെ‘ എന്ന് മോഹൻലാൽ പറഞ്ഞു.
ചിത്രം ഇന്ന് പുലർച്ചെ 12 മണിക്ക് പ്രദർശനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസർവേഷനിലൂടെ മാത്രമായി ചിത്രം നൂറ് കോടി നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.
കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.