കള്ളത്തരങ്ങൾ ഒപ്പിക്കാൻ ആശയും നെഞ്ചിടിപ്പോടെ ഫോണുമായി സനയും; പ്രണയവും പച്ചയായ ജീവിതവും പങ്കുവെക്കുന്ന നോവൽ, പ്രണയം തേടി പത്തൊമ്പതാം ഭാഗം!

സന എന്ന പെൺകുട്ടിയുടെ പ്രണയം തേടിയുള്ള യാത്രയാണ് പ്രണയം തേടി, നോവൽ ഇപ്പോൾ പത്തൊമ്പതാം ഭാഗമായിരിക്കുകയാണ് . പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൻ ഭാഗം വായിക്കാം,

അങ്ങനെ സനയ്ക്കും ആശയ്ക്കും ഇടയിൽ ആദ്യമായി വഴക്ക് തുടങ്ങി. ഇടയ്ക്കിടെ സന , ഓരോന്ന് പറഞ്ഞു ആശയോട് തർക്കിച്ചു… ആശയും ഓരോന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു…
അവർക്ക് രണ്ടാൾക്കും മനസിലായില്ല , എന്തിനാണ് വെറുതെ വഴക്കിടുന്നതെന്നു…

പക്ഷെ അരമണിക്കൂറോളം നീണ്ടുനിന്ന നിശബ്ദതയ്ക്കു ശേഷം സന ആശയുടെ അരികിൽ ചെന്നു ,
“ഡി നിനക്ക് വിഷമമായോ?? “

ആശ ഒന്നും മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ വീണ്ടും, ” എനിക്ക് സാറിനോട് നീ ഉദ്ദേശിക്കുന്ന തരത്തിൽ ഒരു ഇഷ്ടവും ഇല്ല. ഞാനും അവിടെ പോയത് വിഷ്ണുവിന്റെ കാര്യം അറിയാൻ വേണ്ടിയാണ്. പക്ഷെ സാർ തന്ന പുസ്തകം വായിച്ചപ്പോൾ പ്രണയം ഇതൊന്നുമല്ലന്നു തോന്നി… വിഷ്ണു എന്റെ വെറും തോന്നലാണ്… പ്രണയമാണെന്ന തോന്നൽ… അതെനിക്ക് വേണ്ട! അതുകൊണ്ടാണ് ആശേ നീ അവിടെ വിഷ്ണുവിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നത്.”

ഹോ ഇത്രയും കേട്ടപ്പോൾ തന്നെ ആശയ്ക്ക് സമാധാനമായി…

അവളുടെ നിഷ്ക്കളങ്കമായ ചിരിയിൽ ആ ആശ്വാസം കാണാം.

” എനിക്ക് ദേഷ്യമൊന്നുമില്ല… നീ എന്റെ ബെസ്റ്റ് അല്ലെ… സോറി … ഞാൻ അപ്പോൾ അവിടെ വിഷ്ണുവിന്റെ പേര് പറഞ്ഞതിൽ ….” ആശയും സനയും ചിരിയോടെ കെട്ടിപ്പിടിച്ചു നിന്നു .

അന്നത്തെ ദിവസം രണ്ടാളും റസിയമ്മയുടെ ചായയൊക്കെ കുടിച്ചു കുറെ സംസാരിച്ചിരുന്നു.

വെക്കേഷൻ ദിനങ്ങൾ വളരെ പതിയെയാണ് കടന്നുപോയത്. ടി വി മാത്രമായി സനയുടെ ഏക വിനോദം. ഇടയ്ക്ക് ആശയുടെ വീട്ടിലേക്കും ആശ സനയുടെ വീട്ടിലേക്കും വരും.

അങ്ങനെ ഒരു ദിവസം സനയുടെ വീട്ടിൽ രണ്ടാളും സിനിമ കണ്ടിരുന്നപ്പോൾ, റസിയമ്മയുടെ ഫോൺ ശബ്‌ദിച്ചു. സന പതിവുപോലെ ഫോണും കൊണ്ട് റസിയമ്മയുടെ അടുത്തേക്ക് ഓടിപ്പോയി.

അൽപ്പം കഴിഞ്ഞ് ഫോൺ തിരികെ കൊണ്ടുവച്ചപ്പോൾ സന അതിലെ നമ്പർ ബട്ടൺ ഒക്കെ വെറുതെ ഞെക്കി നോക്കി.

“നിന്റെ അച്ഛനും അമ്മയ്ക്കും ഫോൺ ഉണ്ടോ ?” സന ആ ഫോൺ നോക്കിക്കൊണ്ട് തന്നെ ആശയോട് ചോദിച്ചു.

“ഹും ഇപ്പോൾ വീട്ടിൽ എല്ലാവർക്കും ഫോൺ ഉണ്ട്… ഇതിലും വലിയ ഫോൺ ഉണ്ട്… സനയുടെ കൈയിലെ ഫോൺ നോക്കിക്കൊണ്ട് ആശ പറഞ്ഞു.”

“നിന്റെ അമ്മയുടെ നമ്പർ പറ… സന ചോദിച്ചു “

അങ്ങനെ ആ ദിവസം അവർ ഫോണും കൊണ്ട് സമയം കളഞ്ഞു.

പക്ഷെ അടുത്ത ദിവസം ആശ വന്നത് ഒരു വലിയ സംഭവവുമായിട്ടാണ്,
സനയുടെ വീട്ടിൽ ചെന്നയുടൻ രണ്ടാളും മുറിയിൽ കയറി കതകടച്ചു.

“എന്താടി.. എന്തിനാ മുറിയിലേക്ക് വിളിച്ചത് ? എന്ന് സന ചോദിക്കുമ്പോൾ കൈയിൽ ചുരുട്ടിപ്പിടിച്ച പേപ്പർ എടുത്തു ആശ സനയ്ക്ക് നേരെ നീട്ടി.

ഇതെന്താ… ? നമ്പരോ? ആരുടേതാണ്? ആശയുടെ മറുപടിക്ക് കാത്തുനിൽക്കാതെ സന ചോദിച്ചു കൊണ്ടിരുന്നു.

“ഇത് ആരുടേതാണെന്ന് മനസിലായില്ലേ? സാറിന്റേതാ…” ആശ കള്ളച്ചിരിയോടെ പറഞ്ഞു…

“ഏത്? ദത്തൻ സാറാ? സന ഊഹിച്ചെടുക്കാൻ ശ്രമിച്ചു.”

“ഹാ അതെ ദത്തൻ സാറിന്റേത് തന്നെ” എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ആശയ്ക്ക് വലിയ ഉത്സാഹമായിരുന്നു.

ഇതെന്തിനാ ഇപ്പോൾ നമുക്ക്… സനയ്ക്ക് അപ്പോഴും ഒന്നും മനസിലായില്ല.

“എടി പൊട്ടി നീ പോയി റസിയമ്മയുടെ ഫോൺ എടുത്തിട്ടുവാ…. ഒരു പണിയുണ്ട്..” ആശയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായിരുന്നു.

സന പക്ഷെ ഒന്ന് മടിച്ചു. ” അത് വേണോ? എന്താ ചോദിക്കാൻ പോകുന്നെ…”സന തെല്ല് ഭയത്തോടെ ആശയോട് തിരക്കി…

ബുക്ക് ചോദിച്ചു വിളിക്ക്… എന്നിട്ട് വേറെ സംസാരിക്കാമല്ലോ? ആശ വീണ്ടും നിർബന്ധിച്ചു.

അങ്ങനെ അവസാനം ഫോണിൽ ദത്തന്റെ നമ്പർ ടൈപ്പ് ചെയ്തു വച്ചിട്ട് പേടിച്ചു നിൽക്കുകയാണ് സന. ആശ അടുത്തുനിന്ന് നിർബന്ധിക്കുന്നുമുണ്ട്‌.

സന കാണാപ്പാഠം പഠിച്ച പോലെ ഫോണിലെ പച്ച നിറമുള്ള ബട്ടണിൽ ഞെക്കി … ചെവിയിൽ വച്ചുകൊണ്ട്
കാൾ പോകുന്നുണ്ട്… എന്നൊന്ന് പറഞ്ഞു,,

ഫോൺ ഓൺ ചെയ്ത് ഹലോ പറഞ്ഞുകേട്ടപ്പോഴേക്കും പേടിച്ചു സന കാൾ ഓഫ് ആക്കി…

“നീ പോയെ എനിക്ക് പേടിയാകുന്നു… ഇതൊന്നും ശരിയാവില്ല ,…. റസിയമ്മ അറിഞ്ഞാലും വഴക്ക് പറയും” എന്ന് പറഞ്ഞു.

പക്ഷെ അപ്പോഴേക്കും ആ ഫോണിലേക്ക് ദത്തൻ തിരികെ കാൾ ചെയ്തു.

” അയ്യോ ദേ തിരിച്ചു വിളിക്കുന്നു” സന ഞെട്ടിത്തരിച്ചു കൊണ്ട് ആശയ്ക്ക് നേരെ ഫോൺ നീട്ടി…

“എടുക്ക് എടുക്ക്,”….ആശയുടെ പെട്ടന്നുള്ള നിർബന്ധത്തിൽ സന കാൾ എടുത്തു.

പക്ഷെ അവൾ ഒന്നും മിണ്ടിയില്ല… ഒരുപക്ഷെ അവളുടെ ഹൃദയമിടിപ്പ് ഫോണിലൂടെ കേൾക്കും എന്ന പേടിയിലാകാം.

ഹലോ… ദത്തൻ സംശയത്തോടെ വിളിച്ചു”

വീണ്ടും വീണ്ടും ദത്തന്റെ ഹാലോ ശബ്ദം കേട്ടു…

സന പെട്ടന്ന്, ” ഞാൻ വീണയാണ്… ഇത് ഉണ്ണിയാണോ?” എന്നങ്ങ് ചോദിച്ചു.

“സോറി വീണ… ദിസ് ഈസ് നോട്ട് ഉണ്ണി… നിങ്ങൾക്ക് നമ്പർ മാറിപ്പോയി.” വലിയ ഗൗരവത്തിൽ ദത്തൻ പറഞ്ഞു.

“മും.. ഒക്കെ… സന ഫോൺ കട്ടാക്കി… “

എന്നിട്ട് ഫോൺ അതുപോലെ കൊണ്ടുപോയി അടുക്കളയിൽ വച്ചിട്ട് അവൾ റൂമിലേക്ക് തിരികെയെത്തി…

ആശ അവിടെ രോഷത്തോടെ നില്കുന്നുണ്ടായിരിക്കുന്നു…. ( തുടരും)

about pranayam thedi

Safana Safu :