പ്രണയം തേടി പതിനഞ്ചാം ഭാഗത്തേക്ക് ; വിഷ്ണുവിനെ സന തിരക്കുമ്പോൾ കഥയിൽ പുത്തൻ വഴിത്തിരിവ്; നൊസ്റ്റാൾജിക് പ്രണയകഥ !

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിനഞ്ചാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

കഴിഞ്ഞഭാഗത്തിൽ സന ആശയുടെ വീട്ടിലാണ്. അവിടേക്ക് ദത്തൻ എന്ന പുതിയ ഒരു കഥാപാത്രം കടന്നുവരുന്നുണ്ട്. അയാൾ ആശയുടെ ഒരു പുസ്തകത്തിനായിട്ടാണ് വന്നത്. പക്ഷെ ആശ തന്റെ കൈയിൽ പുസ്തകമില്ല അത് സേനയുടെ കയ്യിലാണെന്നു പറഞ്ഞു.
അപ്പോൾ സന ഒന്നും മനസിലാകാതെ നിൽക്കുകയാണ്. കാരണം ആശ ഒരു പുസ്തകവും തന്റെ കൈയിൽ ഏല്പിച്ചിട്ടില്ല. എങ്കിലും ആശയുടെ കള്ളത്തരം എന്തെന്ന് അറിയാതെ ആശയ്ക്ക് കൂട്ട് നിൽക്കാനെന്നോണം സന അവിടെ അത് സമ്മതിച്ചു.

അങ്ങനെ ദത്തനുമായി തന്നെ സനയും ആശയും സനയുടെ വീട്ടിലേക്ക് നടന്നു… പോകും വഴി ആശ ഒന്നും മിണ്ടാതെ സനയുടെ കൈകൾ പിടിച്ചനടക്കുകയാണ്. സനയ്ക്കും ഒന്നും ചോദിക്കാൻ സാധിച്ചില്ല.

“നിങ്ങളുടെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു?” എന്തെങ്കിലും ചോദിക്കണമെല്ലോ എന്ന് കരുതിയിട്ടാകണം ദത്തൻ അത് ചോദിച്ചത്.

ആശ സനയുടെ കൈയിൽ ഒന്നും കൂടി അമർത്തി. ആശ മറുപടി കൊടുക്കുന്നില്ലന്നു കണ്ടപ്പോൾ സന , ” നന്നായി പോകുന്നുണ്ട്.. ” എന്ന് പറഞ്ഞു .

ചേട്ടൻ പഠിക്കുവാണോ? സന അല്പം കഴിഞ്ഞു നടത്തത്തിനിടയിൽ ചോദിച്ചു.

“അതെ, ബി ടെക്ക് ഫസ്റ്റ് ഇയർ….

അടുത്ത വർഷം രണ്ടാളും എസ് എസ് എൽ സി അല്ലെ? എന്തൊക്കെയാണ് പ്ലാൻ ? സയൻസ് ആണോ കൊമേഴ്‌സ് ആണോ ഏതാണ് ഇഷ്ടം ?

ദത്തന്റെ ഈ ചോദ്യത്തിന് ആശയ്ക്കും സനയ്ക്കും ഒരുപോലെ മറുപടി ഉണ്ടായില്ല. കാരണം അവർക്ക് പത്താം ക്ലാസ് കഴിഞ്ഞാൽ എന്താണ് എന്നറിയില്ല.

പക്ഷെ സയൻസ് എന്ന വാക്ക് പഠിക്കുന്നത് കൊണ്ട്, “സയൻസ്” എന്ന് സന പറഞ്ഞു.

ഓ അപ്പോൾ ഡോക്റ്റർ ആകാനാണല്ലേ? ദത്തൻ ആ ചോദിച്ചത് സനയ്ക്ക് ഇഷ്ടമായി. കാരണം സനയ്ക്ക് ഡോക്റ്റർ ആകാൻ ആഗ്രഹമാണ് .

അവൾ ചിരിച്ചതേയുള്ളു… ദത്തനും അവളെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു.

അങ്ങനെ സന വീട്ടിലേക്ക് ചെന്ന് അവളുടെ ബയോളജി പുസ്തകം എടുത്തുകൊടുത്തു. ദത്തൻ അതും വാങ്ങി പോയപ്പോഴാണ് റസിയമ്മയോട് കാര്യങ്ങൾ എല്ലാം പറഞ്ഞത്. പിന്നെ ആശയും സനയും ആറ്റികുട്ടികൾക്കിടയിലേക്ക് സംസാരിച്ചു നടന്നു.

വളർന്നു കിടക്കുന്ന പുൽ കാട്ടിലേക്ക് ചെന്നിരുന്നു ആശ, ആ ചേട്ടനെ ശ്രദ്ധിച്ചോ? എന്ന് ചോദിച്ചു.

“ശ്രദ്ധിക്കാൻ എന്താ ?
അതൊക്കെ അവിടെ നിൽക്കട്ടെ , നിന്റെ ബയോളജി ടെക്സ്റ്റ് എവിടെ ? എന്റെ കൈയിൽ ഇല്ലാലോ ? ഞാൻ എന്റേത് ആണ് കൊടുത്തത്. ” സന സംശയത്തോടെ ചോദിച്ചു.

എന്റെ ടെക്സ്റ്റ് ഫുൾ പപ്പടമാണ്. നിന്റേത് പുത്തൻ പോലെ ഇരികുവല്ലേ അതാ ഞാൻ ഇല്ല എന്ന് പറഞ്ഞത്. ആശ കള്ളച്ചിരിയോടെ പറഞ്ഞു.

“ഓ അതായിരുന്നോ? ആ ചേട്ടനെ നിനക്ക് അറിയുമോ? ” സന ചോദിച്ചു.

“ഹും ചെറുതായിട്ട്. വല്യേട്ടന്റെ കൂടെ പഠിച്ചിട്ടുണ്ട് . പിന്നെ ഇടയ്ക്ക് വീടിന് മുന്നിലൂടെ പോകുന്നത് കാണാം. എന്തോ അപ്പോഴൊക്കെ ശ്രദ്ധിക്കും…. “ആശ ചെറിയ ചിരിയോടെയാണ് പറഞ്ഞത്.

നിനക്കയാളെ ഇഷ്ടമാണോ ? സന പെട്ടന്നങ്ങ് ചോദിച്ചു.

“അയ്യേ അങ്ങനെ ഒന്നുമില്ല… എന്തോ നോക്കും അത്രതന്നെ…. ഹാ പിന്നെ ഒരു കാര്യമുണ്ട്. നമ്മുടെ ക്ലാസിൽ ഒരു വിഷ്ണു ഉണ്ടായിരുന്നില്ലേ… ഈ വർഷം സ്‌കൂൾ മാറിയ വിഷ്ണു.”

ആശയുടെ വാക്കുകൾ കേട്ടതും സന എഴുന്നേറ്റു…

“വിഷ്ണുവോ?” സന ഒട്ടും പ്രതീക്ഷിക്കാതെ ആ പേര് വീണ്ടും കേട്ടു.

ഹാ ഡി… ക്ലാസിലെ എല്ലാവരോടും കൂട്ടുകൂടി നടക്കുന്ന ഒരു തമാശയൊക്കെ പറയുന്ന ചെക്കൻ. ഓർക്കുന്നില്ലേ? ആശ വീണ്ടും സനയിലേക്ക് പഴയ ഓർമ്മകൾ വലിച്ചിട്ടു.

എനിക്കറിയാം.. നീ കാര്യം പറ… വിഷ്ണു.. അവനും ഈ ചേട്ടനും തമ്മിൽ എന്താ ബന്ധം….” സന അറിയാനുള്ള ആവേശത്തോടെ കാത്തുനിന്നു.

ഹാ ബന്ധം എനിക്കറിയില്ല. വിഷ്ണുവിനെ ദത്തൻ ചേട്ടനൊപ്പം ഞാൻ കാണാറുണ്ട്. അവർ ഒന്നിച്ചു സൈക്കിളിൽ പോകുന്നതൊക്കെ… പണ്ട് ഞാൻ എന്റെ വല്യേട്ടന്റെ ട്യൂഷനിൽ ആയിരുന്നല്ലോ? അപ്പോൾ… ഇപ്പൊ അവിടേക്ക് പോകാറില്ല…” ആശ പറഞ്ഞു.

അതെവിടെയാണ് ? സന വീണ്ടും തിരക്കി.

നമ്മുടെ സ്‌കൂൾ കഴിഞ്ഞു കുറച്ചും കൂടി മുന്നോട്ട് പോകണം. പ്ലസ് ടു വരെ വല്യേട്ടൻ അവിടെ ആയിരുന്നു. ഇപ്പോൾ വല്യേട്ടനും തിരുവനന്തപുരം പോയില്ലേ…

വിഷ്ണു ഇപ്പോൾ എവിടെയാണ് ? സന വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു….

“അവൻ എവിടെ എന്നറിയില്ല… ചിലപ്പോൾ ദത്തൻ ചേട്ടന് അറിയാമായിരിക്കും. ദത്തൻ ചേട്ടനും തിരുവനന്തപുരത്താണ്. വല്യേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ”

സന അതൊന്നും കേൾക്കാതെ വിഷ്ണു എന്ന ഓർമ്മയിൽ ഒതുങ്ങി…

പക്ഷെ ആശ ദത്തനെ കുറിച്ചും വല്യേട്ടനെ കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു.

അങ്ങനെ വൈകുന്നേരം ആയപ്പോഴാണ് അകത്തേക്ക് രണ്ടാളും കയറിയത്. അപ്പോൾ വീട്ടിൽ റസിയമ്മയും ഉപ്പയും എന്തോ പുതിയ കാര്യത്തെക്കുറിച്ചു സംസാരിക്കുകയാണ്.

” എന്താ ഉപ്പാ അത്? ” സന ചോദിച്ചു.

“ഇത് ഫോൺ ആണ്. സാധാരണ ഫോൺ അല്ല. മൊബൈൽ ഫോൺ. പുറത്തൊക്കെ കൊണ്ടുപോയി വിളിക്കാം… ”

ഉപ്പ അതും പറഞ്ഞു അവർക്ക് നേരെ ഫോൺ കാണിച്ചു കൊടുത്തു.

അവർ രണ്ടാളും അത് സന്തോഷത്തോടെ തൊട്ടുനോക്കി.

പിന്നെ സന ആശയെ കൊണ്ടാക്കാൻ റോഡ് വരെ പോയി… അവർ ആ സമയമെല്ലാം മൊബൈൽ ഫോണിനെ കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്.

“അച്ഛനും വല്യേട്ടനും ഫോൺ ഉണ്ട്. കുഞ്ഞേട്ടനില്ല…. എന്നൊക്കെ ആശ സനയോട് പറഞ്ഞു. “

പിന്നെ ആശയെ പറഞ്ഞുവിട്ടശേഷം കുറച്ചുനേരം സന ഉപ്പയ്ക്കൊപ്പം ഫോൺ നോക്കി നിന്നു .

ഉപ്പയും ഇക്കാക്കയും കൂടി അതെല്ലാം ശരിയാക്കുകയാണ്. ഇക്കാക്കയ്ക്ക് മാത്രമേ എല്ലാം അറിയൂ, പിന്നെ അവൾ മുറിയിലേക്ക് നടന്നു.

” ആശയുടെ വീട്ടിൽ നിന്നിരുന്നേൽ സിനിമ കാണാമായിരുന്നു. ഇതിപ്പോൾ ആ ചേട്ടൻ വന്നതുകൊണ്ട് ഇങ്ങോട്ട് വരേണ്ടി വന്നു. ഓണമായിട്ട് പുതിയ സിനിമകൾ ശരിക്കും ഉണ്ടായിരുന്നു…

അതും പറഞ്ഞ് അവൾ കട്ടിലിലേക്ക് കിടന്നു… ഈ ഫോൺ വാങ്ങിക്കുന്ന പൈസയ്ക്ക് ഉപ്പാക്ക് ഒരു ടി വി വേടിച്ചു തന്നൂടെ…. ചിന്തകൾ ഏറി വന്നപ്പോൾ അവൾ അറിയാതെ മയങ്ങി പോയി….

പിന്നെ കണ്ണ് തുറന്നത് രാത്രി ആഹാരം കഴിക്കാൻ റസിയമ്മ വിളിക്കുമ്പോഴാണ്.

രാത്രി ആഹാരത്തിനിടയിലും റസിയമ്മയും ഉപ്പയും ഇക്കാക്കയും ഫോൺ നോക്കി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവൾക്ക് ആ കൂട്ടത്തിൽ കൂടാൻ താല്പര്യം തോന്നിയില്ല.

മുറ്റത്തിറങ്ങി ഇരുന്നിട്ട് അവൾ നക്ഷത്രങ്ങൾ നോക്കി. ഓരോ നക്ഷത്രങ്ങളെയും ചേർത്ത് അവൾ പടം വരയ്ക്കാൻ തുടങ്ങി. അപ്പോഴാണ് അവൾ ആ രൂപം കണ്ടത്…. അവളുടെ ചുണ്ട് വിടർന്നു… സേനയുടെ വിടർന്ന ചുണ്ടിൽ ചിരി തൂകി……( തുടരും )

about pranayam thedi

Safana Safu :